കൊച്ചി: തയ്യൽക്കാരന്റെ മകനിൽ നിന്ന് അറിയപ്പെടുന്ന അഭിഭാഷകനായും അഡ്വക്കേറ്റ് ജനറലായും വളർന്ന വ്യക്തിയാണ് ഇന്നലെ അന്തരിച്ച കെ.പി. ദണ്ഡപാണി. അഭിഭാഷക വൃത്തിയിൽ സ്വയം സമർപ്പിച്ചാണ് അദ്ദേഹം വിജയങ്ങൾ വെട്ടിപ്പിടിച്ചത്.
എറണാകുളത്തെത്തിയ ശ്രീനാരായണ ഗുരുദേവനെ
ദണ്ഡപാണിയുടെ പിതാവ് വി.കെ. പദ്മനാഭൻ സന്ദർശിച്ചു. ഗുരുദേവൻ ഒരു സൂചിയും നൂലും നൽകി, 'നിന്റെ ജീവിതമാർഗം ഇതാണ് ' എന്നറിയിച്ചു. തയ്യൽ പഠിച്ച പദ്മനാഭൻ ബ്രോഡ്‌വേയിൽ ഭാരത് ടെയ്‌ലറിംഗ് കമ്പനി ആരംഭിച്ചു. ഹൈക്കോടതിയിലെ ജഡ്‌ജിമാരും അഭിഭാഷകരും കോട്ടും ഗൗണും തയ്പ്പിക്കുന്ന സ്ഥാപനമായി ഭാരത് വളർന്നു. ബി.എസ്‌സി കെമിസ്ട്രി പാസായപ്പോൾ പിതാവിന്റെ താല്പര്യപ്രകാരം എറണാകുളം ലാ കോളേജിൽ ഫസ്റ്റ് ലാ കോഴ്‌സിൽ ചേർന്നു. അത് പൂർത്തിയാക്കി ബാച്ചിലർ ഒഫ് ലാ (ബി.എൽ) കരസ്ഥമാക്കി.
കഠിനാധ്വാനമായിരുന്നു ദണ്ഡപാണിയുടെ മുഖമുദ്ര. പുലർച്ചെ മുതൽ പാതിരാത്രി വരെ നിയമങ്ങളും കേസുകളും പഠിച്ചു. രാവിലെ 8.30ന് ഓഫീസിലെത്തും. രാത്രി വൈകും വരെ ജൂനിയർമാർക്ക് മാർഗ നിർദ്ദേശവുമായി ഒപ്പമുണ്ടാകും.
സൂക്ഷ്‌മവും വ്യക്തവും യുക്തി ഭദ്രവുമായ വാദങ്ങളിലൂടെ കേസുകൾ ജയിച്ചതോടെ വമ്പൻ സ്ഥാപനങ്ങൾ കക്ഷികളായി. ഡൽഹി, ചെന്നൈ, മുംബയ്, ബംഗളൂരു എന്നിവിടങ്ങളിലും കോടതികളിൽ ഹാജരായിട്ടുണ്ട്.
അഭിഭാഷക ദമ്പതികൾ
ലാ കോളേജിൽ ദണ്ഡപാണിയും സുമതിയും തമ്മിലുള്ള സൗഹൃദം പ്രണയമായി. ബിരുദം നേടി രണ്ടുവർഷത്തെ പ്രാക്ടീസിന് ശേഷമായിരുന്നു വിവാഹം. ഇരുവരും സന്നതെടുത്തത് ഒരേ ദിവസമാണ്. ഇരുവർക്കും സീനിയർ അഭിഭാഷക പദവി ലഭിച്ചതും ഒരേ ദിവസം.
സന്തോഷ് ട്രോഫി നടത്തിപ്പുകാരൻ
കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ 1973ലെ ടൂർണമെന്റിന്റെ നടത്തിപ്പിന് ഹൈക്കോടതി നിയോഗിച്ച അഡ്വക്കേറ്റ് കമ്മിഷണറായിരുന്നു അന്ന് ജൂനിയർ അഭിഭാഷകനായിരുന്ന ദണ്ഡപാണി. കേരള ടീമിനെ തിരഞ്ഞെടുക്കുന്ന ചുമതലയും അദ്ദേഹത്തിനായിരുന്നു. സൈമൺ സുന്ദർരാജായിരുന്നു കോച്ച്. കേരളം ഫൈനലിൽ എത്തിയപ്പോൾ ക്യാപ്റ്റൻ മണിയെ കളിപ്പിക്കരുതെന്ന് വലിയ സമ്മർദ്ദമുണ്ടായി. 33 കാരനായ മണിക്ക് മറ്റുള്ളവരെപ്പോലെ കളിക്കാനാവില്ലെന്നായിരുന്നു ഫുട്ബാൾ അസോസിയേഷനിലെ ഉന്നതരുടെ വാദം. മണിയെ മാറ്റേണ്ടെന്ന സൈമൺ സുന്ദർരാജിന്റെ നിലപാടിനെ ദണ്ഡപാണി ശക്തമായി പിന്തുണച്ചു. ഫൈനലിൽ മൂന്നു ഗോളടിച്ച് മണി കേരളത്തിന് ആദ്യമായി സന്തോഷ് ട്രോഫി കിരീടം സമ്മാനിച്ചത് ദണ്ഡപാണിയുടെയും സൈമൺ സുന്ദർരാജിന്റെയും കൂടി വിജയമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |