തിരുവനന്തപുരം: അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള പദ്ധതി രേഖ നഗരസഭ കൗൺസിൽ അംഗീകരിച്ചു. വിസകന ഫണ്ട് ഇനത്തിൽ 244.4 കോടിയും മെയിന്റനൻസ് ഇനത്തിൽ 52.5 കോടിയുമടക്കം 296.67 കോടിയാണ് ബഡ്ജറ്റ് വിഹിതം. 20 മേഖലകളിലായി തുക ചെലവഴിക്കുന്നതിൽ പാർപ്പിടത്തിന് മാത്രം 30 കോടി വകയിരുത്തി. കുടിവെള്ളത്തിന് 25 കോടിയും പൊതുമരാമത്തിന് 20 കോടിയും,ശുചിത്വം മാലിന്യ സംസ്‌കരണത്തിന് 17 കോടിയും, നഗരാസൂത്രണത്തിന് 3 കോടിയും ദുരന്ത നിവാരണത്തിന് 4 കോടിയുമാണ് വകയിരുത്തിയത്.
സേവന മേഖലയിൽ 190 പദ്ധതികൾക്ക് 134.27 കോടിയും വകയിരുത്തിയിട്ടുണ്ട്. പട്ടികജാതി, പട്ടിക വർഗ ഉപ പദ്ധതിക്കായി 41.56 കോടിയും റോഡ് ഇതര പദ്ധതികളുടെ നടത്തിപ്പിനായി 28.62 കോടിയും വകയിരുത്തി. ശുചിത്വ മിഷന്റെ സഹായത്തോടെ 10,000 വീടുകളിൽ പ്ലാസ്റ്റിക് സെപ്റ്റിക് ടാങ്കുകൾ സ്ഥാപിക്കാൻ 50 ലക്ഷവും 50 നാപ്കിൻ ഡിസ്‌ട്രോയറുകൾക്ക് 25 ലക്ഷവും വകയിരുത്തി. പഴയ പദ്ധതികൾ വീണ്ടും ആവർത്തിക്കുന്നുവെന്നും പൊതു പ്രോജക്ടുകൾ പലതും നടക്കുന്നില്ലെന്ന് വിമർശിച്ച ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ എം.ആർ. ഗോപൻ ആറ്റുകാൽ ടൗൺഷിപ്പ് യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ടു. തീരദേശത്തെ ജല ഗതാഗതം, വിമാനത്താവളം,പേട്ട റെയിൽവേ സ്റ്റേഷൻ എന്നിവ ബന്ധിപ്പിച്ച് അന്തരാഷ്ട്ര ട്രാൻസ്‌പോർട്ട് ഹബ് രൂപീകരിക്കണമെന്ന് പ്രതിപക്ഷ അംഗം പി.അശോക് കുമാർ നിർദ്ദേശിച്ചു. സമയബന്ധിതമായി പൊതു പ്രോജക്ടുകൾ പൂർത്തിയാക്കണമെന്ന് യു.ഡി.എഫും ആവശ്യപ്പെട്ടു. വിസകന പദ്ധതികളാണ് നഗരസഭ നടപ്പാക്കുന്നതെന്നും സാങ്കേതിക തടസം കാരണം വൈകുന്ന പദ്ധതികൾ പരിശോധിച്ച് നടപടിയെടുക്കുമെന്ന് സ്റ്റാൻഡിംഗ് ചെയർമാൻ എസ്.സലീം മറുപടി നൽകി. കൗൺസിലർമാരായ ഡി.ആർ. അനിൽ,തിരുമല അനിൽ,മധുസൂധനൻ, മഞ്ജു,പനിയടിമ,സുലോചനൻ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പാളയം രാജൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
പദ്ധതി അവതരണത്തിൽ ആശയക്കുഴപ്പം
വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷയുടെ അഭാവത്തിൽ പദ്ധതി രേഖ അവതരിപ്പിച്ചത് മേയറായിരുന്നു. ചട്ടപ്രകാരം അന്തിമ പദ്ധതിരേഖ അവതരിപ്പിക്കേണ്ടത് വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ എൽ.എസ്. ആതിരയായിരുന്നു. ചെയർപേഴ്സണ് അസുഖമാണെന്ന വിവരം കൗൺസിൽ ആരംഭിക്കുന്നതിന് തൊട്ടു മുമ്പാണ് മേയറെ അറിയിച്ചിരുന്നത്. ഇതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |