ഗാന്ധിനഗർ: കൈക്കൂലി കേസിൽ അറസ്റ്റിലായ ഉദ്യോഗസ്ഥൻ സി ബി ഐ കസ്റ്റഡിയിൽ ആത്മഹത്യ ചെയ്തു. ഗുജറാത്തിലാണ് സംഭവം. രാജ്കോട്ടിലെ ജോയിന്റ് ഡയറക്ടർ ഒഫ് ഫോറിൻ ട്രേഡ് ജാവ്രി മാൽ ബിഷ്ണോയ് ആണ് ജീവനൊടുക്കിയത്. കൈക്കൂലി കേസിൽ സി ബി ഐ ഇന്നലെ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനിടെ സി ബി ഐ ഓഫീസിന്റെ നാലാം നിലയിൽനിന്ന് താഴേയ്ക്ക് ചാടുകയായിരുന്നു.
50 ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരന്റി ലഭിക്കുന്നതിനായുള്ള എൻ ഒ സി കിട്ടുന്നതിനായി രാജ്കോട്ടിലെ ഓഫീസ് ഒഫ് ഡയറക്ടർ ജനറൽ ഒഫ് ഫോറിൻ ട്രേഡിൽ ആവശ്യമായ എല്ലാ രേഖകളും അടങ്ങിയ ആറ് ഫയലുകൾ സമർപ്പിച്ചതായി പരാതിക്കാരൻ പറയുന്നു. എൻ ഒ സി നൽകുന്നതിനായി ഒൻപത് ലക്ഷം രൂപയാണ് ബിഷ്ണോയ് പരാതിക്കാരനോട് ആവശ്യപ്പെട്ടത്. ആദ്യ ഇൻസ്റ്റാൽമെന്റിൽ അഞ്ച് ലക്ഷം രൂപ നൽകണമെന്നും എൻ ഒ സി കൈമാറുമ്പോൾ ബാക്കി തുക നൽകണമെന്നും ഇയാൾ പരാതിക്കാരനോട് വ്യക്തമാക്കിയിരുന്നു.
തുടർന്ന് പരാതിക്കാരൻ സി ബി ഐയെ അറിയിക്കുകയും അഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിക്കപ്പെടുകയുമായിരുന്നു. ഇന്നലെ ബിഷ്ണോയിയുടെ വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തിയിരുന്നു. പിന്നാലെ ഇന്ന് സി ബി ഐ ഓഫീസിൽ ചോദ്യം ചെയ്യുന്നതിനിടെയാണ് ബിഷ്ണോയ് കെട്ടിടത്തിൽ നിന്ന് ചാടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |