SignIn
Kerala Kaumudi Online
Friday, 26 April 2024 2.40 PM IST

ഒടുങ്ങുന്നില്ല ആറളത്തെ ആനക്കലി

raghu

ആറളം ഫാമിലെ കാട്ടാനക്കലിയും ആനപ്പേടിയിൽ നിന്ന് രക്ഷിക്കണമെന്ന പ്രദേശവാസികളുടെ അപേക്ഷകളോടുള്ള സർക്കാരിന്റെ നിസംഗ മനോഭാവവും പരമ്പര പോലെ തുടരുകയാണ്. ഇക്കഴിഞ്ഞ ദിവസം സുഹൃത്തുക്കൾക്കൊപ്പം വിറക് ശേഖരിക്കാൻ പോയ രഘുവെന്ന കുടുംബനാഥനെ കൂടി ഇല്ലാതാക്കിയതോടെ ഒൻപത് വർഷത്തിനിടയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആറളത്ത് മാത്രം കൊല്ലപ്പെട്ടത് 12 പേരാണ്.

പന്ത്രണ്ട് മരണങ്ങളും സർക്കാർ സ്പോൺസേർഡ് കൊലപാതകങ്ങളാണെന്ന് തന്നെ പറയേണ്ടിവരും. ഒരു ഘട്ടത്തിലും ക്രിയാത്മകമായി ഇടപെടാൻ വനംവകുപ്പിനോ പട്ടികവർഗ വകുപ്പിനോ ഗവൺമെന്റിനോ സാധിക്കാതെ വന്നതുമൂലമാണ് ആറളത്തെ ആദിവാസി ഊരുകളിൽ നിന്ന് അലമുറകളും തേങ്ങലുകളും കേൾക്കേണ്ടി വരുന്നത്. പല സമയത്തും ഇരുവകുപ്പുകളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും പ്രശ്നം പരിഹരിക്കുന്നതിന് തടസമായി.

അനാഥമാക്കപ്പെട്ട ബാല്യങ്ങൾക്കും പട്ടിണിയിലകപ്പെട്ട കുടുംബങ്ങൾക്കും ഉത്തരവാദികൾ വിവിധ സർക്കാരുകൾ മാത്രമാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാരിന്റെ അനാസ്ഥമൂലം മരണപ്പെട്ടവരുടെ രക്തസാക്ഷി പട്ടിക ഉയർത്തിപ്പിടിച്ച് 'ഞങ്ങളെ രക്ഷിക്കൂ' എന്ന് കേണപേക്ഷിക്കേണ്ടി വരുന്നത് ഒരു ജനാധിപത്യ ഭരണകൂടത്തിന് നാണക്കേടാണ്.

വഞ്ചനയുടെ

വർഷങ്ങൾ

സംസ്ഥാനത്ത് ആദിവാസി ഭൂസമരം ശക്തിപ്പെട്ടതിനെ തുടർന്ന് ആദിവാസികൾക്ക് വിതരണം ചെയ്യാനായി ആറളം ഫാമിലെ 7600 ഏക്കർ ഭൂമി 42 കോടി രൂപ മുടക്കി കേന്ദ്ര കൃഷിമന്ത്രാലയത്തിൽ നിന്ന് സംസ്ഥാന സർക്കാർ 2004ലാണ് ഏറ്റെടുത്തത്. ഇതിൽ 3600 ഏക്കർ ഭൂമി ആദിവാസികൾക്ക് തൊഴിൽ നല്‍കാൻ ഫാമായി നിലനിറുത്താനും ബാക്കി അവരുടെ പുനരധിവാസത്തിനും ഉപയോഗിക്കാമെന്നായിരുന്നു തീരുമാനം.

ഭൂമി വിഭജിച്ചപ്പോൾ വന്യജീവി സങ്കേതത്തോട് ചേർന്ന പുനരധിവാസ മേഖലയെ വന്യജീവി അക്രമത്തിൽ നിന്ന് രക്ഷിക്കുന്നതിനായി ഒന്നും ചെയ്തില്ല. 2014 ഏപ്രിൽ 20ന് കാട്ടാന ആക്രമണത്തിൽ ആറളത്തെ ആദ്യ ജീവൻ നഷ്ടമായി.

തുടർന്ന് ഓരോ ജീവൻ നഷ്ടമാകുമ്പോഴും ആശ്വാസ വാക്കുകളും പ്രഖ്യാപനങ്ങളും മാത്രമായി ഭരണകൂടം അവരുടെ ഭാഗം 'ഭംഗിയാക്കും'. ആനമതിലെന്നും,​ റെയിൽവേലിയെന്നും സോളാർ വേലിയെന്നുമൊക്കെ പറഞ്ഞ് ജനങ്ങളെ വഞ്ചിക്കാറാണ് പതിവ്. കാട്ടാന ആക്രമണം വ്യാപകമായതോടെ 2016ൽ ആരംഭിച്ച ആദ്യഘട്ട ആനമതിൽ എട്ടുവർഷം കഴിഞ്ഞിട്ടും അതിന്റെ അവസാന‍ഘട്ടം കാണാത്തത് ആദിവാസി ജനങ്ങളോടുള്ള വഞ്ചനയല്ലാതെ മറ്റെന്താണ്?​ 2019ൽ അന്നത്തെ പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമമന്ത്രി പ്രഖ്യാപനം നടത്തി 2020 മാർച്ചിൽ ഭരണാനുമതി നേടിയ 22 കോടി രൂപയുടെ ആനമതിലിന്റെ നിർമാണം പൂർത്തിയാക്കാത്തത് വഞ്ചനയല്ലാതെ മറ്റെന്താണ്?

​ ഓരോ മരണങ്ങൾ ഉണ്ടാകുമ്പോഴും മന്ത്രിയും കളക്ടറുമടങ്ങുന്ന ഉന്നതസംഘം എത്തി ശാശ്വത പരിഹാരം വാഗ്ദാനം ചെയ്തു മടങ്ങും. അത്തരം വാഗ്ദാനങ്ങളൊക്കെ പിന്നീട് കടലാസിൽ മാത്രം ഒതുങ്ങുന്നതാണ് പതിവ്. കഴിഞ്ഞവർഷവും ആറളം സന്ദർശിച്ച മന്ത്രിതലസമിതി ആനമതിൽ നിർമിക്കാമെന്ന് പ്രദേശവാസികൾക്ക് ഉറപ്പുനൽകിയിരുന്നു. എന്നാൽ, ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതസമിതി തൂക്കുവേലി മതിയെന്ന് നിലപാട് സ്വീകരിച്ചതോടെ അനിശ്ചിതത്വം തുടർന്നു. തുടർന്ന് മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിലാണ് ആനമതിൽ മതിയെന്ന തീരുമാനത്തിലേക്കെത്തിയത്. ഇത്തരം കാര്യങ്ങളിൽ സാങ്കേതിക പ്രശ്നങ്ങൾ ഒരുപാട് നിലനിൽക്കുമ്പോഴും പാവപ്പെട്ട ആദിവാസി സമൂഹത്തിന്റെ കണ്ണിൽ പൊടിയിട്ട് തത്കാലം തടിതപ്പുന്ന പരിപാടി വഞ്ചന തന്നെയല്ല?

കാട്ടാനകൾ കൊന്നത് 106 പേരെ

കേരളത്തിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ജനവാസ കേന്ദ്രങ്ങളിൽ ഉൾപ്പെടെ ഇറങ്ങി കൊലവിളി നടത്തിയ കാട്ടാനകളുടെ ആക്രമണത്തിൽ നഷ്ടമായത് 106 പേരുടെ ജീവൻ. 2021ലാണ് ഏറ്റവും കൂടുതൽ പേരെ കാട്ടാന കൊലപ്പെടുത്തിയത്,​ 27 പേർ. 2021-2022 വർഷത്തിൽ മാത്രം 46 പേർ കൊല്ലപ്പെട്ടു. ആറളം ഫാം ഉൾപ്പെടുന്ന നോർത്തേൺ സർക്കിളിൽ 18 പേരാണ് കൊല്ലപ്പെട്ടത്.

സോളാർ വേലി

തദ്ദേശ മാതൃക

കാട്ടാനകളുടെ ആക്രമണങ്ങളിൽ നിന്ന് രക്ഷനേടാനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കണ്ണൂർ പയ്യാവൂർ പഞ്ചായത്തിലെ സൗരോർജ്ജ തൂക്കുവേലി നിർമ്മാണം പൂർത്തിയായി. ഉളിക്കൽ പഞ്ചായത്തിലെ ആനപ്പാറ മുതൽ എരുവേശി പഞ്ചായത്തിലെ വഞ്ചിയം വരെ 11കിലോമീറ്റർ നീളത്തിൽ 80 ലക്ഷം രൂപ ചിലവഴിച്ചാണ് വേലി നിർമ്മിച്ചത്. കണ്ണൂർ ജില്ലാ പഞ്ചായത്ത് 45 ലക്ഷവും പയ്യാവൂർ ഗ്രാമ പഞ്ചായത്ത് 30 ലക്ഷവും ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അഞ്ച് ലക്ഷവും ചെലവിട്ടാണ് 20 അടി ഉയരമുള്ള വേലിയുടെ നിർമ്മാണം പൂർത്തിയാക്കിയത്.

ഒരു വർഷത്തിനുള്ളിൽ ഉളിക്കൽ,​ ഉദയഗിരി,​ എരുവേശി പഞ്ചായത്തുകളിലായി 34.2 കിലോമീറ്റർ നീളത്തിൽ സൗരോർജ തൂക്കുവേലി നിർമാണം പൂർത്തിയാകും. ഉളിക്കൽ പഞ്ചായത്തിൽ 14.5 കിലോമീറ്ററും ഉദയഗിരിയിൽ 13 കിലോമീറ്ററും​ എരുവേശി പഞ്ചായത്തിൽ 5.2 കിലോമീറ്ററിലുമാണ് വേലി നിർമ്മിക്കുക. ഉളിക്കലിൽ ജില്ലാ പഞ്ചായത്ത് വിഹിതം 35 ലക്ഷത്തിനൊപ്പം ഗ്രാമ പഞ്ചായത്ത് വക അഞ്ചുലക്ഷം ഉൾപ്പെടെ 40 ലക്ഷം രൂപയും,​ ഉദയഗിരിയിൽ ജില്ലാ പഞ്ചായത്ത് വിഹിതം 50 ലക്ഷവും ബ്ളോക്ക് പഞ്ചായത്ത് അഞ്ചുലക്ഷം,​ ഗ്രാമപ്പഞ്ചായത്ത് വക 15 ലക്ഷം ഉൾപ്പെടെ 70 ലക്ഷം രൂപയും എരുവേശിയിൽ ജില്ലാ പഞ്ചായത്ത് വിഹിതം 35 ലക്ഷവും ഗ്രാമ പഞ്ചായത്ത് വക അഞ്ചുലക്ഷവുമുൾപ്പെടെ 40 ലക്ഷവും വനംവകുപ്പിന് കൈമാറിക്കഴിഞ്ഞു.

ഇനിയൊരു മരണത്തിന്റെ ആഘാതം താങ്ങാനുള്ള ശേഷി ആറളത്തെ ജനങ്ങളിൽ അവശേഷിക്കുന്നില്ല. തങ്ങളുടെ ആവശ്യങ്ങൾ അവഗണിക്കപ്പെടുന്നെന്ന തോന്നൽ അവരിലുണ്ടായപ്പോൾ മണിക്കൂറുകളോളം വിവിധ ഉദ്യോഗസ്ഥർക്ക് ആറളത്തിനകത്തേക്ക് പ്രവേശിക്കാൻ സാധിക്കാതെ വന്നിട്ടുണ്ട്. അവകാശങ്ങൾ നിഷേധിക്കപ്പെടുന്നവർ സമാന്തര സേനയായി സർക്കരിനെതിരെ ആയുധമെടുക്കുന്നതിന് മുൻപ് അവരുടെ ജീവനും സ്വത്തും പൂർണമായി സംരക്ഷിക്കാനാവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണം.

വാൽക്കഷ്ണം: ആറളത്ത് ആനമതിൽ നിർമിക്കാൻ 18 കോടിയുടെ ഭരണാനുമതിയായി. മൂന്ന് വർഷം മുൻപ് പ്രഖ്യാപിച്ച 22 കോടി ഉൾപ്പെടെ 53 കോടി രൂപ ചിലവിൽ പത്തര കിലോമീറ്റർ മതിൽ നിർമിക്കാനാണ് അനുമതിയായത്. പ്രഖ്യാപനവും അനുമതിയും കടലാസിന് പുറത്തേക്ക് സഞ്ചരിക്കട്ടെ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WILD ELEPHANT ATTACK IN ARALAM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.