തിരുവനന്തപുരം: സാങ്കേതിക സർലകലാശാലയ്ക്ക് വിളപ്പിൽശാലയിലെ ആസ്ഥാന മന്ദിരത്തിന് 60കോടിയും വിവിധ എൻജിനിയറിംഗ് സ്കൂളുകൾക്കായി 30കോടിയുമടക്കം 725കോടി രൂപയുടെ ബഡ്ജറ്റ് ധനകാര്യ സമിതി അദ്ധ്യക്ഷൻ ഡോ.പി.കെ. ബിജു ബോർഡ് ഒഫ് ഗവർണേഴ്സ് യോഗത്തിൽ അവതരിപ്പിച്ചു. ഗവേഷണഫലം സമൂഹത്തിന് ഉപയുക്തമാക്കാനുള്ള ട്രാൻസ്‌ലേഷണൽ റിസർച്ച് സെന്റർ,സ്റ്റാർട്ടപ്പ്,ഇന്നോവേഷൻ സെന്ററുകൾ എന്നിവയ്ക്കാണ് ഊന്നൽ.
വിദ്യാർത്ഥികളുടെ പ്രൊഫഷണൽ വൈദഗ്ദ്ധ്യം വർദ്ധിപ്പിക്കാൻ 3കോടി,ഡ്രൈവിംഗ് രീതികൾ വികശലനം ചെയ്യാൻ കെ.എസ്.ആർ.ടി.സി, മോട്ടോർ വാഹന വകുപ്പ് എന്നിവയുമായി ചേർന്ന് 2കോടിയുടെ പദ്ധതി, സംസ്ഥാനത്തെ കാർബൺ ന്യൂട്രലാക്കാൻ തദ്ദേശസ്ഥാപനങ്ങളുമായി ചേർന്നുള്ള ഒരുകോടിയുടെ കാർബൺ ഓഡിറ്റ്,2കോടി ചെലവിൽ സഹായ സാങ്കേതികവിദ്യാ കേന്ദ്രം,ജലക്ഷാമം കുറയ്ക്കാനുള്ള ഒരു കോടിയുടെ ജലവിഭവ പദ്ധതി രേഖ, എൻജിനിയറിംഗ് പഠനത്തിൽ ആധുനിക സാങ്കേതിക വിദ്യ ഉൾപ്പെടുത്താൻ ഒരു കോടി എന്നിവയാണ് പുതിയ പദ്ധതികൾ.
ഗവേഷണമേഖലയിലെ മികവിന്റെ കേന്ദ്രങ്ങൾക്ക് 30 കോടിയും,ട്രാൻസ്‌ലേഷണൽ റിസർച്ച് സെന്ററിന് 20 കോടിയും,സ്റ്റാർട്ടപ്പുകൾക്കും ഇന്നോവേഷൻ സെന്ററുകൾക്കും 19 കോടിയും വകയിരുത്തി.കരിയർ ഗൈഡൻസ് ആൻഡ് പ്ലേസ്മെന്റ് സെൽ,ഹൈ പെർഫോമൻസ് സ്പോർട്സ് പരിശീലനം,ഗ്രാമീണ മേഖലയിൽ സാമൂഹിക വികസനത്തിനുതകുന്ന 1000വിദ്യാർത്ഥി പ്രോജക്ടുകൾക്ക് 3കോടിയും വകയിരുത്തിയിട്ടുണ്ട്.
പരീക്ഷാ നടത്തിപ്പിലെ കാര്യക്ഷമത ഉറപ്പുവരുത്താനുള്ള നിരീക്ഷണ സംവിധാനത്തിന് 10കോടി,സർവകലാശാല-വ്യാവസായിക സംയുക്ത സംരംഭങ്ങൾക്ക് 5കോടി,എൻജിനിയറിംഗ് പഠനം വൈവിധ്യവത്കരിക്കുന്ന പ്രോജക്റ്റ് അധിഷ്‌ഠിത കോഴ്‌സുകൾക്കും ഫാബ് ലാബുകൾക്കുമായി 2കോടി,വിദേശ സർവകലാശാലകളുമായുള്ള ട്വിന്നിംഗ് പ്രോഗ്രാമുകൾക്കടക്കം ഒരു കോടി,പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാനുള്ള സാങ്കേതികവിദ്യാ പഠനകേന്ദ്രത്തിന് 50ലക്ഷം,ഇ-ഗവേണൻസ് സംവിധാനങ്ങൾക്കായി ഒന്നേകാൽ കോടിയും വകയിരുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |