SignIn
Kerala Kaumudi Online
Tuesday, 30 May 2023 3.57 PM IST

വിവാദ ജുഡീഷ്യൽ പരിഷ്കരണം: ഇസ്രയേലിൽ ആളിക്കത്തി പ്രതിഷേധം, നടപടിക്രമങ്ങൾ അടുത്തമാസത്തേക്ക് നീട്ടി  പ്രതിരോധ മന്ത്രിയെ പുറത്താക്കി നെതന്യാഹു

israel

ടെൽ അവീവ് : ഇസ്രയേലിൽ ജുഡീഷ്യൽ വ്യവസ്ഥ പരിഷ്കരിക്കാനുള്ള നടപടിക്രമങ്ങൾ താത്കാലികമായി നിറുത്തിവച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വിവാദ നീക്കത്തിനെതിരെ സർക്കാരിന് മേൽ സമ്മർദ്ദം ശക്തമായതോടെയാണ് തീരുമാനം. ജുഡീഷ്യൽ പരിഷ്കരണ നിർദ്ദേശങ്ങൾ അടുത്താഴ്ച പാർലമെന്റിൽ പാസാക്കാനായിരുന്നു നെതന്യാഹുവിന്റെ നീക്കം. എന്നാൽ നിയമം പാസാക്കാനുള്ള ചർച്ചകൾ അടുത്ത മാസത്തേക്ക് നീട്ടിയെന്ന് സഖ്യകക്ഷികൾ വ്യക്തമാക്കി.

സുപ്രീം കോടതി വിധികൾ പാർലമെന്റിന് എളുപ്പം അസാധുവാക്കാൻ കഴിയുന്നത് ഉൾപ്പെടെ സർക്കാർ മുന്നോട്ട് വച്ച പരിഷ്കരണങ്ങൾ നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട പ്രതിരോധമന്ത്രി യൊആവ് ഗാലന്റിനെ നെതന്യാഹു പുറത്താക്കിയതിന് പിന്നാലെയാണ് തീരുമാനം.

ഗാലന്റിനെ പുറത്താക്കിയതിന് പിന്നാലെ പതിനായിരക്കണക്കിന് പേർ ഞായറാഴ്ച രാത്രി തെരുവുകളിൽ പ്രതിഷേധത്തിനായി അണിനിരന്നു. ജെറുസലേമിൽ നെതന്യാഹുവിന്റെ വസതിക്ക് സമീപം തടിച്ചുകൂടിയ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസും സൈന്യവും ജലപീരങ്കി പ്രയോഗിച്ചു.

നെതന്യാഹു സ്വേച്ഛാധിപതിയെ പോലെ പെരുമാറുന്നെന്നും ഇസ്രയേലിന്റെ സുരക്ഷ നശിപ്പിക്കുകയാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു. നെതന്യാഹുവിന് ഗാലന്റിനെ പുറത്താക്കാനാകുമെങ്കിലും യാഥാർത്ഥ്യത്തെയോ സർക്കാരിനെതിരെ രംഗത്തിറങ്ങിയ ജനങ്ങളെയോ ചെറുക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് യെയ്‌ർ ലാപിഡ് പറഞ്ഞു.

പരിഷ്കരണങ്ങൾക്കെതിരെ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയിലെ എതിർപ്പും അടുത്തിടെ പരസ്യമായി പുറത്തുവന്നിരുന്നു. ജുഡീഷ്യൽ പരിഷ്കരണത്തിനെതിരെ കഴിഞ്ഞ പന്ത്രണ്ട് ആഴ്ചയായി ജനങ്ങളുടെ പ്രതിഷേധം ശക്തമായി തുടരുന്നുണ്ട്. സൈനികർക്കിടെയിലും എതിർപ്പുയരുന്നുണ്ട്.

പാർലമെന്റിലെ കേവല ഭൂരിപക്ഷത്തിന് സുപ്രീം കോടതി വിധികൾ അസാധുവാക്കാനുള്ള അധികാരമുണ്ടായിരിക്കുമെന്ന് സർക്കാർ മുന്നോട്ടുവച്ച നിർദ്ദേശങ്ങളിൽ പറയുന്നുണ്ട്. ഇത് അട്ടിമറി ഭയമില്ലാതെ നിയമനിർമ്മാണങ്ങൾ നടപ്പാക്കാൻ സർക്കാരിനെ പ്രാപ്തമാക്കും. പരിഷ്കാരങ്ങൾ ജഡ്ജിമാരുടെ നിയമനത്തിൽ രാഷ്ട്രീയക്കാർ കൂടുതൽ സ്വാധീനം ചെലുത്താനും കാരണമാകും.

പരിഷ്കരണം നടപ്പായാൽ അധികാരത്തിൽ തുടരാൻ യോഗ്യമല്ലെന്ന് കണ്ടെത്തുന്ന ഒരു നേതാവിനെ പുറത്താക്കുന്നതും കോടതിക്ക് മുന്നിൽ കഠിനമാകും. അഴിമതി ആരോപണങ്ങൾ നേരിടുന്ന നെതന്യാഹുവിനെ സംരക്ഷിക്കാനാണ് ഇതെന്ന് ഒരു വിഭാഗം ആരോപിക്കുന്നു.

അതേ സമയം, പ്രധാനമന്ത്രിയെ സ്ഥാനത്തിന് നിന്ന് അയോഗ്യത കല്പിച്ച് നീക്കാനുള്ള അറ്റോർണി ജനറലിന്റെ അധികാരം എടുത്തുകളയാനുള്ള നിയമം പാർലമെന്റിൽ പാസാക്കിയിരുന്നു.

അതിനിടെ, നെതന്യാഹുവിന്റെ നീക്കത്തിന് പൂർണ പിന്തുണ നൽകുന്നതായി തീവ്ര വലതുപക്ഷ നേതാവും സുരക്ഷാ മന്ത്രിയുമായ ഇറ്റാമർ ബെൻ - ഗ്വിർ പറഞ്ഞു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും തീവ്ര വലതുപക്ഷ സർക്കാരാണ് നെതന്യാഹുവിന്റെ നേതൃത്വത്തിൽ ഡിസംബറിൽ അധികാരത്തിലേറിയത്.

 കടുത്ത സമ്മർദ്ദം

വിവാദ ജുഡീഷ്യൽ പരിഷ്കാരങ്ങൾക്കെതിരെയുള്ള വൻ പ്രതിഷേധങ്ങൾക്കും വ്യാപക പണിമുടക്കുകൾക്കുമാണ് ഇസ്രയേൽ സാക്ഷിയാകുന്നത്. ഇന്നലെ രാവിലെ ദേശീയ ചാനലിൽ നടത്തേണ്ടിയിരുന്ന അഭിസംബോധന നെതന്യാഹു മാറ്റിവച്ചിരുന്നു.

സമ്മർദ്ദം ശക്തമാകുന്നതിനാൽ പരിഷ്കാരങ്ങളുമായി മുന്നോട്ടുപോകാനുള്ള നീക്കം വൈകിപ്പിച്ചാലും നിയമം പാസാക്കുന്നതിൽ നിന്ന് പിന്തിരിയില്ലെന്നാണ് ഭരണസഖ്യത്തിലെ തീവ്ര വലതുപക്ഷ പാർട്ടികളുടെ നിലപാട്. നെതന്യാഹു തീരുമാനത്തിൽ നിന്ന് പിന്മാറിയാൽ രാജിവയ്ക്കുമെന്ന് ബെൻ - ഗ്വിർ അടക്കമുള്ള ചില മന്ത്രിമാർ ഭീഷണി മുഴക്കിയതായും അറിയുന്നു.

ട്രേഡ് യൂണിയൻ സമരത്തെ തുടർന്ന് ഇസ്രയേലിലെ പ്രധാന വിമാനത്താവളമായ ബെൻ ഗുറിയോണിൽ നിന്ന് ഇന്നലെ പുറപ്പെടേണ്ടിയിരുന്ന സർവീസുകൾ തടസപ്പെട്ടു. തുറമുഖങ്ങളും നിശ്ചലമായി. ആശുപത്രി, മെഡിക്കൽ ജീവനക്കാരും സമരത്തിൽ പങ്കെടുത്തു.

പാർലമെന്റിന് പുറത്ത് പ്രതിഷേധങ്ങൾ അരങ്ങേറിയപ്പോൾ അകത്ത് പ്രതിപക്ഷ നിയമനിർമ്മാതാക്കൾ സർക്കാരിനെതിരെ രോഷം പ്രകടമാക്കി. പരിഷ്കരണ നടപടികൾ നിറുത്തണമെന്ന് പ്രസിഡന്റ് ഐസക് ഹെർസോഗും നെതന്യാഹുവിനോട് ആവശ്യപ്പെട്ടിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
VIDEOS
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.