SignIn
Kerala Kaumudi Online
Friday, 26 April 2024 10.31 AM IST

നിക്ഷേപത്തട്ടിപ്പ് അന്വേഷണം ഇങ്ങനെ പോരാ

photo

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനിരയായവരുടെ രോദനം നിലനില്‌ക്കെത്തന്നെ സംസ്ഥാനത്ത് വേറെയും നിരവധി സഹകരണ ബാങ്കുകളിൽ സമാനമായ തട്ടിപ്പ് നടന്നുവരികയാണ്. ഏറ്റവും ഒടുവിൽ തിരുവനന്തപുരത്തെ ബി.എസ്.എൻ.എൽ എൻജിനിയേഴ്സ് സഹകരണ സംഘത്തിലാണ് ഭരണസമിതിക്കാർ സംഘടിതമായി നിക്ഷേപകരുടെ പണം തട്ടിയെടുത്തെന്ന കേസ് ഉത്ഭവിച്ചത്. കരുവന്നൂരിലെപ്പോലെ ഇതും വലിയ തോതിലുള്ള തട്ടിപ്പാണെന്നാണ് ഇതിനകം ലഭിച്ച വിവരം. എന്നാൽ തട്ടിപ്പുവിവരം പുറത്തുവന്ന് രണ്ടുമാസത്തോളമായിട്ടും അന്വേഷണം ശരിയായ രൂപത്തിൽ നടക്കുന്നില്ലെന്നാണ് പരാതി. ഈ സഹകരണ സംഘത്തിന്റെ പരിധിയിൽവരുന്ന വഞ്ചിയൂർ പൊലീസാണ് പരാതികൾ രജിസ്റ്റർ ചെയ്യുന്നത്. എന്നാൽ ക്രൈംബ്രാഞ്ചിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കേസ് കൈമാറിയാലേ അന്വേഷണത്തിൽ പുരോഗതി ഉണ്ടാവുകയുള്ളൂ. വഞ്ചിയൂർ പൊലീസിൽ നാനൂറ്റിഅൻപതോളം പരാതികൾ ലഭിച്ചിട്ടുണ്ട്. ഇവരെല്ലാം ബി.എസ്.എൻ.എൽ എൻജിനിയേഴ്സ് സഹകരണ സംഘത്തിൽ പണം നിക്ഷേപിച്ചവരാണ്. വൻതോതിലുള്ള തട്ടിപ്പുകൾക്കിടയിൽ സംഘം പൊളിഞ്ഞ് പണം നഷ്ടമാകുമോ എന്ന ആശങ്കയുള്ളവരാണ് പരാതിക്കാരിൽ ഏറിയപങ്കും. നിക്ഷേപകർ ആക്‌ഷൻ കൗൺസിൽ രൂപീകരിച്ച് അന്വേഷണം ഉൗർജ്ജിതപ്പെടുത്തണമെന്ന് ആവശ്യപ്പെടാൻ മുഖ്യമന്ത്രിയെ കാണാനിരിക്കുകയാണ്.

സഹകരണസംഘം രജിസ്ട്രാറുടെ കീഴിൽ ഇതിനകം നടന്ന പ്രാഥമിക അന്വേഷണത്തിൽ ഇരുനൂറു കോടിയിലേറെ രൂപയുടെ തട്ടിപ്പെങ്കിലും നടന്നിട്ടുണ്ടെന്നാണ് വെളിപ്പെട്ടത്. വി.ആർ.എസ് എടുത്തും അടുത്തൂൺ പറ്റിയും വന്ന ജീവനക്കാരുടെ സമ്പാദ്യമത്രയുമാണ് സംഘം നടത്തിപ്പുകാരുടെ ആസൂത്രിത തട്ടിപ്പിലൂടെ നഷ്ടമായിരിക്കുന്നത്. സംഘം പ്രസിഡന്റും സെക്രട്ടറിയും ഡയറക്ടർമാരിലൊരാളും പൊലീസ് പിടിയിലായിട്ടുണ്ടെങ്കിലും പ്രധാന പ്രതിയെന്നു കരുതുന്ന ജീവനക്കാരൻ മുങ്ങിനടക്കുകയാണ്. അയാളെ പിടികൂടി ചോദ്യംചെയ്താലേ തട്ടിപ്പിന്റെ വിശദാംശങ്ങൾ അറിയാനാവൂ. ഇയാളെ പിടിക്കുന്നതിലാകട്ടെ വലിയ ശുഷ്കാന്തിയൊന്നും കാണുന്നുമില്ല.

നൂറുകണക്കിനാളുകളുടെ സമ്പാദ്യമത്രയും സന്ദിഗ്ദ്ധാവസ്ഥയിലായ ഒരു സംഭവം ഇത്ര ലാഘവത്തോടെ കൈകാര്യം ചെയ്യാൻ എങ്ങനെ കഴിയുന്നുവെന്നതാണ് അത്ഭുതം. സഹകരണ സംഘങ്ങളിലും ബാങ്കുകളിലും നടക്കാറുള്ള എല്ലാ തട്ടിപ്പുകളുടെയും അന്വേഷണം ഇത്തരത്തിലാണ്. തട്ടിപ്പിനു പിന്നിൽ പ്രവർത്തിക്കുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതുൾപ്പെടെയുള്ള നടപടികൾ നിയമത്തിൽ നിർദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ്. എന്നാൽ നിക്ഷേപകരെ കബളിപ്പിച്ച് പണം കൈക്കലാക്കാനറിയുന്ന വിരുതന്മാർ ജപ്‌തി നടപടികൾ തുടങ്ങും മുൻപേ എല്ലാം ബിനാമി പേരുകളിലേക്ക് മാറ്റിയിരിക്കും. അന്വേഷണം നീണ്ടുനീണ്ടുപോകുന്നത് ഈ പെരുങ്കള്ളന്മാർക്ക് വലിയ സഹായമാകും.

സഹകരണ മേഖലയിൽ വർദ്ധിച്ചുവരുന്ന തട്ടിപ്പുകൾ കണക്കിലെടുത്ത് അവയുടെ അന്വേഷണത്തിന് വിദഗ്ദ്ധരുൾപ്പെടുന്ന പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‌കുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്. സാധാരണ പൊലീസിന്റെ അന്വേഷണത്തിന് ഒട്ടേറെ പരിമിതികളുണ്ട്. ഇത്തരം കേസുകൾ അന്വേഷിക്കുന്നതിന് പ്രത്യേക പാടവവും പരിചയവും ആവശ്യമാണ്. സംസ്ഥാനമൊട്ടുക്കും സഹകരണ സംഘങ്ങളിൽ പലവിധത്തിലുള്ള തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ശക്തവും ഫലപ്രദവുമായ അന്വേഷണം അനിവാര്യമായിട്ടുണ്ട്. സ്വകാര്യ ധനകാര്യസ്ഥാപനങ്ങൾ നിക്ഷേപകരുടെ നിക്ഷേപവുമായി മുങ്ങുന്ന സംഭവങ്ങൾ വർദ്ധിച്ചപ്പോഴാണ് ഇത്തരം കേസുകൾ കൈകാര്യം ചെയ്യാൻ പ്രത്യേക നിയമംതന്നെ ഉണ്ടായത്. ഒരേകേസിൽ പലതട്ടിൽ അന്വേഷണം നടക്കുന്നത് ഒഴിവാക്കാൻ ഇത്തരം സംവിധാനം ഉപകരിക്കും. കാലതാമസവും കുറയ്ക്കാനാകും. കേസ് നീട്ടിക്കൊണ്ടുപോകാതെ പണം നഷ്ടപ്പെട്ടവർക്ക് അത് തിരികെ നല്‌കാനുള്ള നടപടികളാണ് ഉറപ്പുവരുത്തേണ്ടത്. നിക്ഷേപക്കള്ളന്മാരെ ഒരു നിമിഷം മുൻപേ അഴിയെണ്ണിക്കാനുള്ള മാർഗമാണ് സർക്കാർ സ്വീകരിക്കേണ്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA BSNL COOPERATIVE SOCIETY SCAM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.