ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കിയതിലെ രാഷ്‌ട്രീയക്കളി ഉയർത്തിയും അദാനി വിഷയത്തിൽ ഒഴിഞ്ഞുമാറുന്ന കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ചും കോൺഗ്രസ് ഡൽഹിയിൽ നടത്തിയ റാലി പൊലീസ് തടഞ്ഞതോടെ സംഘർഷത്തിൽ കലാശിച്ചു.
ഇന്നലെ വൈകിട്ട് ചെങ്കോട്ടയിൽ നിന്ന് ടൗൺഹാളിലേക്ക് പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയുടെ നേതൃത്വത്തിൽ നടത്താൻ തീരുമാനിച്ച ജനാധിപത്യ സംരക്ഷണ ശാന്തി മാർച്ചിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. വിലക്ക് അവഗണിച്ച് മാർച്ച് നടത്താൻ ശ്രമിച്ചു. പൊലീസ് ബാരിക്കേഡ് വച്ച് നേതാക്കൾ ചെങ്കോട്ടയിൽ എത്തുന്നത് തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. ജെബി മേത്തർ എം.പി അടക്കം വനിതകളെ പൊലീസ് വലിച്ചിഴച്ച് മാറ്റി. തുടർന്ന് കോൺഗ്രസ് നേതാക്കൾ പന്തം കൊളുത്തി പ്രതിഷേധിച്ചു. പൊലീസ് പന്തങ്ങൾ പിടിച്ചുവാങ്ങി.
ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച എം.പിമാരായ ടി.എൻ. പ്രതാപൻ, ഡീൻ കുര്യാക്കോസ് ഉൾപ്പെടെയുള്ളവരെ ബലംപ്രയോഗിച്ച് അറസ്റ്റു ചെയ്‌ത് നീക്കി. മോദി-അദാനി ബന്ധം ആരോപിച്ചുള്ള മുദ്രാവാക്യങ്ങളുയർത്തിയായിരുന്നു മാർച്ച്. പൊലീസ് മാർച്ചിന് ആദ്യം അനുമതി നൽകിയ ശേഷം പിന്നീട് നിഷേധിച്ചതാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. സംസ്ഥാന, ജില്ലാ തലങ്ങളിൽ ജയ് ഭാരത് സത്യഗ്രഹം അടക്കം രാജ്യവ്യാപകമായി ഒരുമാസം നീളുന്ന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രക്ഷോഭം ഇന്നുമുതൽ
ഇന്ന് രാജ്യത്തെ 35 നഗരങ്ങളിൽ ദേശീയ നേതാക്കൾ പത്രസമ്മേളനങ്ങൾ നടത്തും. ജില്ലാ ആസ്ഥാനങ്ങളിൽ അംബേദ്കർ, ഗാന്ധി പ്രതിമകൾക്കു മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും.
ബ്ലോക്ക് / മണ്ഡലം കോൺഗ്രസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ പ്രത്യേക ബോധവത്കരണ പരിപാടികൾ.
ഏപ്രിൽ 3 മുതൽ യൂത്ത് കോൺഗ്രസും എൻ.എസ്.യു.ഐയും പ്രധാനമന്ത്രിക്ക് പോസ്റ്റ്കാർഡുകൾ അയയ്‌ക്കും. ഡൽഹിയിൽ മഹിളാ കോൺഗ്രസ് പ്രതിഷേധിക്കും.
ഏപ്രിൽ 15 മുതൽ 20 വരെ ജില്ലാ തലത്തിൽ ജയ് ഭാരത് സത്യഗ്രഹവും
കളക്‌ടറേറ്റ് ഉപരോധവും.
ഏപ്രിൽ 20 മുതൽ 30 വരെ സംസ്ഥാനങ്ങളിൽ ഏകദിന സത്യഗ്രഹം.
പ്രക്ഷോഭ പരിപാടികളുടെ ഏകോപനത്തിന് ദേശീയ-സംസ്ഥാന വാർ റൂമുകളും നിരീക്ഷണ സമിതികളും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |