SignIn
Kerala Kaumudi Online
Saturday, 27 April 2024 3.24 AM IST

വൈദ്യുതി നിയമം;ലംഘനം തുടർക്കഥ

photo

പാർലമെന്റ് പാസാക്കിയ രാജ്യമാകെ ബാധകമായ ഒരു നിയമം. ഈ നിയമത്തെ ഏതൊക്കെ വിധത്തിൽ പരാജയപ്പെടുത്താമെന്ന് കഴിഞ്ഞ രണ്ടുദശാബ്ദമായി തെളിയിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാന സർക്കാർ. വൈദ്യുതി ഉത്‌പാദനരംഗത്ത് സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ 2003ൽ കൊണ്ടുവന്ന വൈദ്യുതി നിയമത്തിന്റെ ദുർഗതിയാണിത്.

തൊണ്ണൂറുകളിൽ പ്രതിവർഷം 30,000 കോടിയിലധികം നഷ്ടം വരുത്തിയിരുന്ന രാജ്യത്തെ വൈദ്യുതി ബോർഡുകൾ സ്വകാര്യ നിലയങ്ങളിൽ നിന്ന് വാങ്ങിയ വൈദ്യുതിയുടെ വിലയിൽ ഭീമമായ കുടിശികയാണ് വരുത്തിവച്ചത്. സ്വകാര്യ നിലയങ്ങളിൽ ഉത്‌പാദിപ്പിക്കുന്ന വൈദ്യുതി ഉത്‌പാദകന്റെ ഇഷ്ടാനുസരണം രാജ്യത്തെവിടെയും വില്‌ക്കാൻ അനുവദിക്കുന്ന 'ഓപ്പൺ ആക്‌സസ് " അഥവാ തുറന്ന വിപണിയാണ് വൈദ്യുതി നിയമം കൊണ്ടുവന്ന അടിസ്ഥാന പരിഷ്‌കാരം.

ജനറേറ്റിംഗ് കമ്പനികളെയും ഉപഭോക്താക്കളെയും ബന്ധിപ്പിക്കുന്ന പ്രസരണവിഭാഗം (സബ് സ്റ്റേഷനുകളും ഉയർന്ന വോൾട്ടതയിലുള്ള ലൈനുകളും അടങ്ങുന്ന ശൃംഖല) സ്വതന്ത്രവും നിഷ്‌‌പക്ഷവുമായി പ്രവർത്തിച്ചാൽ മാത്രമേ നിയമം ലക്ഷ്യമിടുന്ന തുറന്നവിപണി വിജയിക്കുകയുള്ളൂ.

വൈദ്യുതി ഉത്‌പാദന, പ്രസരണ, വിതരണ മേഖലകളിൽ കൂടുതൽ സ്വകാര്യ ഏജൻസികൾ കടന്നുവരുന്നതോടെ എല്ലാ പങ്കാളികൾക്കും തുല്യനീതി ഉറപ്പാക്കാൻ നിയമത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ള പ്രധാന വ്യവസ്ഥകൾ ഇവയാണ്.

1. പ്രസരണ ലൈസൻസികൾ വൈദ്യുതിയുടെ വ്യാപാരത്തിൽ ഒരു വിധത്തിലും ഏർപ്പെടാൻ പാടില്ല.

2. പ്രസരണം നിയന്ത്രിക്കുന്ന 'ലോഡ് ഡെസ്‌പാച്ച് സെന്റർ" (കേരളത്തിൽ ഇത് കളമശേരിയിലാണ് ) സ്വതന്ത്രാധികാരമുള്ള സർക്കാർ കമ്പനിയോ സംസ്ഥാന നിയമം മുഖേന രൂപവത്‌കരിച്ച സ്ഥാപനമോ ആയി മാറണം. ലോഡ് ഡെസ്‌പാച്ച് സെന്റർ വൈദ്യുതിയുടെ വ്യാപാരത്തിൽ ഏർപ്പെടാൻ പാടില്ല.

ചുരുക്കത്തിൽ പ്രസരണ വിഭാഗവും വൈദ്യുതി കച്ചവടത്തിൽ ഏർപ്പെടുന്ന വിതരണ വിഭാഗവും ലോഡ് ഡെസ്‌പാച്ച് സെന്ററും പരസ്പരം ബന്ധമില്ലാത്ത മൂന്ന് സ്ഥാപനങ്ങളായിരിക്കണം.

ബോർഡ്

വിഭജിക്കണം

വൈദ്യുതി നിയമം നടപ്പിൽ വന്നത് 2003 ജൂൺ 10നാണ്. അന്ന് മുതൽ ഒരുവർഷത്തിനുള്ളിൽ വൈദ്യുതി ബോർഡ് പിരിച്ചുവിട്ട് ആ സ്ഥാനത്ത് മേൽപ്പറഞ്ഞ വ്യവസ്ഥകൾക്ക് വിധേയമായി വൈദ്യുതി ബോർഡിനെ കുറഞ്ഞത് മൂന്ന് കമ്പനികളായെങ്കിലും വിഭജിക്കണം.

സംസ്ഥാന സർക്കാരുകളിൽ നിന്നും വൈദ്യുതി ബോർഡുകളിൽനിന്നും പൊതുജനങ്ങളിൽനിന്നും ലഭിച്ച ഇരുനൂറോളം നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പരിശോധിച്ച്, പലതവണ ഭേദഗതി വരുത്തിയശേഷമാണ് 2003-ലെ വൈദ്യുതി നിയമം കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചത്. എന്നാൽ, കേരള സർക്കാരോ സംസ്ഥാന വൈദ്യുതി ബോർഡോ ബോർഡിലെ ഏതെങ്കിലും സംഘടനയോ നിയമത്തിനെതിരായി എന്തെങ്കിലും അഭിപ്രായം കേന്ദ്ര സർക്കാരിനെ അറിയിച്ചിരുന്നില്ല. നിയമം ഗസറ്റ് വിജ്ഞാപനമായി പുറത്തുവന്ന ശേഷമാണ് ബോർഡ് ജീവനക്കാരുടെ സംഘടനകൾ നിയമത്തെ വെല്ലുവിളിച്ചുകൊണ്ട് തെരുവിലിറങ്ങിയത്. ജീവനക്കാരുടെ സമ്മർദ്ദത്തിന് വഴങ്ങിയ സംസ്ഥാന സർക്കാർ നിയമം പ്രാവർത്തികമാക്കാനുള്ള തുടർ നടപടികൾ അനന്തമായി നീട്ടിക്കൊണ്ടുപോകുകയാണ് ചെയ്തത്. ഒടുവിൽ കേന്ദ്ര സർക്കാരിന്റെ അന്ത്യശാസനത്തിന് വഴങ്ങിയാണ് 2013ൽ കെ.എസ്.ഇ.ബി ലിമിറ്റഡ് എന്ന കമ്പനി രൂപവത്‌കരിക്കാൻ സർക്കാർ തയ്യാറായത്.

വൈദ്യുതി കച്ചവടം നടത്തുന്ന വിതരണ വിഭാഗത്തിന്റെ ഭാഗമായി നിലനിറുത്തിയ സർക്കാർ ഉത്തരവ് വൈദ്യുതി നിയമത്തിലെ വ്യവസ്ഥകളുടെ നഗ്നമായ ലംഘനമാണ്.

ബോർഡിനെ പല കമ്പനികളായി വിഭജിച്ചാൽ വിലപേശൽ ശക്തിക്ക് കോട്ടമുണ്ടാകുമെന്ന ആശങ്കയാണ് വൈദ്യുതി നിയമത്തിനെതിരെ തെരുവിലിറങ്ങാൻ സംഘടനകളെ പ്രേരിപ്പിച്ചത്. കേരളം മാത്രമാണ് നിയമവ്യവസ്ഥകൾ ലംഘിച്ചുകൊണ്ട് വൈദ്യുതി ബോർഡിനെ കമ്പനിയായി നിലനിറുത്തിയിട്ടുള്ളത്.

റെഗുലേറ്ററി

കമ്മിഷൻ

സർക്കാർ തിരഞ്ഞെടുക്കുന്ന ഒരു മുൻ ഹൈക്കോടതി ജഡ്‌ജി, സംസ്ഥാന ചീഫ് സെക്രട്ടറി, കേന്ദ്ര വൈദ്യുതി അതോറിട്ടിയുടെ ഒരു പ്രതിനിധി എന്നിവരടങ്ങുന്ന സമിതിയാണ് റെഗുലേറ്ററി കമ്മിഷൻ ചെയർമാനെയും അംഗങ്ങളെയും തിരഞ്ഞെടുക്കുന്നത്. നിർഭാഗ്യമെന്നു പറയട്ടെ, 2003ലെ ആദ്യ കമ്മിഷനുശേഷം നടന്ന മിക്കവാറും എല്ലാ നിയമനങ്ങളും സർക്കാരിന് താത്‌പര്യമുള്ളവർക്കാണ് ലഭിച്ചിട്ടുള്ളത്. ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരിക്കെ തിരഞ്ഞെടുപ്പ് സമിതി യോഗം ചേരുന്നതിന് മുമ്പ് തന്നെ നിയമിക്കാൻ പോകുന്ന ചെയർമാന്റെയും അംഗത്തിന്റെയും പേര് പരസ്യമായി പ്രഖ്യാപിച്ച ചരിത്രം നമ്മുടെ മുന്നിലുണ്ട്. അംഗങ്ങളുടെ പേര് മുൻകൂട്ടിത്തന്നെ വാർത്തകളിൽ പ്രചരിക്കുന്നത് ഇപ്പോൾ പതിവായിട്ടുണ്ട്.

വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ചെയർമാനും അംഗങ്ങൾക്കും, തങ്ങളുടെ കൃത്യനിർവഹണത്തിന് തടസമാകുന്നവിധം സാമ്പത്തികമോ മറ്റുതരത്തിലുള്ളതോ ആയ താത്പര്യമുണ്ടാകാൻ പാടില്ലെന്ന് വൈദ്യുതി നിയമത്തിൽ വ്യവസ്ഥയുണ്ട്. ബോർഡിലെ പെൻഷണർമാർക്ക് വൈദ്യുതി ബോർഡിന്റെ സാമ്പത്തിക കാര്യങ്ങളിൽ തീർച്ചയായും താത്‌പര്യമുണ്ടാകുമല്ലോ. അതുകൊണ്ടുതന്നെ, വൈദ്യുതി ബോർഡിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരെ റെഗുലേറ്ററി കമ്മിഷൻ അംഗങ്ങളായി നിയമിക്കുന്നത് നിയമവിരുദ്ധവും നിയമത്തിന്റെ അന്തഃസത്തയ്ക്ക് ചേരാത്തതുമായ നടപടിയാണ്.

വൈദ്യുതി കച്ചവടം സംബന്ധിച്ചുള്ള നിയമവ്യവസ്ഥകൾ തുടർച്ചയായി ലംഘിക്കുന്ന വൈദ്യുതി ബോർഡിന്റെ കമ്പനിവത്കരണത്തെ റെഗുലേറ്ററി കമ്മിഷൻ ഒരിക്കൽപ്പോലും ചോദ്യം ചെയ്തിട്ടില്ല.

(ലേഖകൻ മുൻ ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറും സംസ്ഥാന മുൻ വിവരാവകാശ കമ്മിഷണറുമാണ്)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ELECTRICITY ACT
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.