ന്യൂഡൽഹി: ഖലിസ്ഥാൻ നേതാവ് അമൃത് പാൽ സിംഗിനെ പിടികൂടാൻ കഴിയാതെ ഇരുട്ടിൽ തപ്പി പഞ്ചാബ് പോലീസ്. അമൃത് പാൽ സിംഗിനായി പൊലീസും ദേശീയ അന്വേഷണ ഏജൻസികളും നേപ്പാളിൽ വരെ തെരച്ചിൽ തുടരുന്നതിനിടയിലാണ് ഡൽഹിയിലെത്തിയതായുള്ള ദൃശ്യങ്ങൾ പുറത്ത് വരുന്നത്. സിക്ക് തലപ്പാവില്ലാതെ കൂളിംഗ് ഗ്ലാസും ജാക്കറ്റും ധരിച്ച് മുഖം മറച്ച് നടക്കുന്നതായുള്ള ദൃശ്യങ്ങളാണിത്. സഹായിയായ പൽ പ്രീത് സിംഗും അമൃത് പാലിനൊപ്പമുണ്ട്. ഈ ദൃശ്യങ്ങൾ 21ലേതാണെന്ന് പൊലീസ് കുരുതുന്നു. നേരത്തെ ഹരിയാനയിൽ ഒരു യുവതിയുടെ വീട്ടിൽ അമൃത്പാൽ താമസിച്ചതായി പൊലീസിന് വ്യക്തമായിരുന്നു. അവിടെ നിന്നും ഡൽഹിയിലേക്കാണ് അമൃത് പാൽ എത്തിയതെന്നാണ് പൊലീസ് കരുതുന്നത്. അമൃത് പാലിനെ കണ്ടെത്താൻ മാർച്ച് 18 നാണ് പൊലീസ് തിരച്ചിൽ തുടങ്ങിയത്. 10 ദിവസം പിന്നിടുമ്പോഴും അന്വേഷണ സംഘം ഇരുട്ടിൽ തപ്പുകയാണ്. ഇയാൾ ഇപ്പോഴും ഡൽഹിയിൽ ഒളിവിൽ കഴിയുകയാണോ തലസ്ഥാനം വിട്ടോയെന്നോ പൊലീസ് വ്യക്തമാക്കുന്നില്ല. അതേസമയം ഇന്ത്യ ആവശ്യപ്പെട്ടതനുസരിച്ച് നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തി നേപ്പാൾ സർക്കാർ അമൃത് പാലിനായി തിരച്ചിൽ തുടരുന്നു. അമൃത് പാലിന്റെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് പഞ്ചാബ് പൊലീസ് പഞ്ചാബ്, ഹരിയാന ഹൈക്കോടതിയെ അറിയിച്ചു. അറസ്റ്റിന് തൊട്ടടുത്താണ് പൊലീസെന്നും പഞ്ചാബ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അമൃത് പാലിന്റെ അഭിഭാഷകൻ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |