ടെൽ അവീവ്: ഇസ്രയേലിൽ ജുഡിഷ്യൽ വ്യവസ്ഥ പരിഷ്കരിക്കാനുള്ള നെതന്യാഹു സർക്കാരിന്റെ നടപടികളിലും പ്രതിരോധമന്ത്രി യൊആവ് ഗാലന്റിനെ പുറത്താക്കിയതിലും പ്രതിഷേധിച്ച് പതിനായിരക്കണക്കിന് പേർ തെരുവുകളിൽ പ്രതിഷേധത്തിനായി അണിനിരന്നു. പ്രധാന ഹൈവേകളിൽ ജനം പാഴ്‍വസ്തുക്കളും മറ്റും കൂട്ടിയിട്ട് തീയിട്ട് ഗതാഗതം തടസ്സപ്പെടുത്തി. തൊഴിലാളികൾ പണിമുടക്കിയതിനെ തുടർന്ന് ടെൽ അവീവിലെ ബെൻ ഗൂറിയൻ വിമാനത്താവളം നിശ്ചലമായി. രാജ്യത്തെ രണ്ട് പ്രധാന തുറമുഖങ്ങളായ ഹൈഫ, അഷ്ദോദ് എന്നിവ പ്രവർത്തിച്ചില്ല. അതിനിടെ, സുപ്രീംകോടതി വിധികൾ പാർലമെന്റിന് എളുപ്പം അസാധുവാക്കാൻ കഴിയുന്നത് ഉൾപ്പെടെ സർക്കാർ മുന്നോട്ട് വച്ച പരിഷ്കരണങ്ങൾ നിറുത്തിവയ്ക്കണമെന്ന് ആവശ്യമുയർത്തിയ മന്ത്രി ഗാലന്റിനെ നെതന്യാഹു പുറത്താക്കിയെങ്കിലും അദ്ദേഹം സ്ഥാനമൊഴിയാൻ തയ്യാറായില്ല. പുറത്താക്കിയത് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ടവർ അറിയിച്ചു.
അതേസമയം, നടപടികൾ നിറുത്തിവയ്ക്കാതെ സമരം പിൻവലിക്കില്ലെന്ന് തൊഴിലാളി സംഘടനകളുടെ ഫെഡറേഷൻ അറിയിച്ചു. ജുഡിഷ്യൽ പരിഷ്കരണത്തിനെതിരെ കഴിഞ്ഞ പന്ത്രണ്ട് ആഴ്ചയായി ജനങ്ങളുടെ പ്രതിഷേധം ശക്തമായി തുടരുന്നുണ്ട്. സൈനികർക്കിടയിലും എതിർപ്പുയരുന്നുണ്ട്.
കഴിഞ്ഞ ദിവസം നെതന്യാഹു നടത്തിയ റേഡിയോ പ്രക്ഷേപണത്തിൽ പരിഷ്കാരങ്ങൾ ഉടൻ നടപ്പിലാക്കില്ലെന്ന് ഉറപ്പു നൽകി, ഇൗ നിലപാട് ഇസ്രയേലിന്റെ സഖ്യരാഷ്ട്രങ്ങൾക്ക് വിശേഷിച്ച് അമേരിക്കയ്ക്ക് ആശ്വാസം നൽകുന്നതായി. പ്രക്ഷോഭം പ്രതിസന്ധിയിലേക്ക് വളർന്ന് കൈവിട്ടു പോകുമെന്ന ആശങ്കയിലാണ് വാഷിംഗ്ടൺ. ഇസ്രയേലിലെ യു.എസ് അംബാസഡർ ടോം നിഡേസ് പ്രാദേശിക റേഡിയോക്ക് നൽകിയ ഇന്റർവ്യൂവിൽ പറഞ്ഞത് ബില്ല് നീട്ടി വയ്ക്കാനുള്ള തീരുമാനം സ്വാഗതാർഹമാണെന്നാണ്. വിവരമറിഞ്ഞതോടെ തനിക്ക് നല്ല പോലെ ഉറങ്ങാനായി എന്നായിരുന്നു അദ്ദേഹം തമാശരൂപേണ പറഞ്ഞത്.
താമസിയാതെ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ നെതന്യാഹുവിനെ വൈറ്റ് ഹൗസിേലേക്ക് ക്ഷണിക്കുമെന്നും അംബാസഡർ ഇസ്രയേൽ ആർമി റോഡിയോയോട് പറഞ്ഞു. പുതിയ സാഹചര്യത്തിൽ ബന്ധങ്ങളിൽ ചില പരിശോധന ആവശ്യമായി വന്നേക്കുമെന്ന സൂചനയാണ് ഇത് നൽകുന്നത്. താൻ ഭരിക്കുന്ന സർക്കാരിലെ സഖ്യകക്ഷികളിൽ തന്നെ നെതന്യാഹുവിന്റെ നിയന്ത്രണവും വിശ്വാസവും ചില വിഷയങ്ങളിൽ നഷ്ടമായോയെന്ന സംശയവും ഉയർന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |