യൂറോ യോഗ്യതാ റൗണ്ടിൽ സ്പെയ്നിനെ 2-0ത്തിന് സ്കോട്ട്ലാൻഡ് തോൽപ്പിച്ചു
ഗ്ളാസ്കോ : യൂറോ കപ്പ് ഫുട്ബാളിന്റെ യോഗ്യതാ റൗണ്ടിലെ രണ്ടാം മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ സ്പെയ്നിനെ അട്ടിമറിച്ച് സ്കോട്ട്ലാൻഡ്. ഗ്ളാസ്ഗോയിലെ ഹാംപ്ടൺ പാർക്കിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത രണ്ടുഗോളുകൾക്കായിരുന്നു സ്കോട്ട്ലാൻഡിന്റെ ജയം. ഇരു പകുതികളിലുമായി സ്കോട്ട് മക് ടോമിനായി നേടിയ ഗോളുകൾക്കായിരുന്നു ആതിഥേയ ജയം. ഏഴാം മിനിട്ടിലും 51-ാം മിനിട്ടിലുമായിരുന്നു ടോമിനായി സ്പാനിഷ് വലകുലുക്കിയത്. ഇതോടെ ഗ്രൂപ്പ് എയിൽ രണ്ട് കളികളിൽ നിന്ന് ആറുപോയിന്റുമായി സ്കോട്ട്ലാൻഡ് ഒന്നാമതെത്തി. മൂന്നുപോയിന്റുള്ള സ്പെയ്നാണ് രണ്ടാം സ്ഥാനത്ത്.
മറ്റൊരു മത്സരത്തിൽ ക്രൊയേഷ്യ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തുർക്കിയെ കീഴടക്കി. 20,45+4 മിനിട്ടുകളിലായി മാറ്റിയോ കൊവാസിച്ചാണ് ക്രൊയേഷ്യയ്ക്ക് വേണ്ടി സ്കോർ ചെയ്തത്. യോഗ്യതാ റൗണ്ട് ഗ്രൂപ്പ് ഡിയിലെ ആദ്യ ജയം നേടിയ ക്രൊയേഷ്യ നാലുപോയിന്റുമായി ഒന്നാമതെത്തി. മറ്റ് മത്സരങ്ങളിൽ സ്വിറ്റ്സർലാൻഡ് 3-0ത്തിന് ഇസ്രയേലിനെയും വെയിൽസ് 1-0ത്തിന് ലാത്വിയയെയും തോൽപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |