റിയാദ് : ഷാങ്ങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) കൂട്ടായ്മയുടെ ഭാഗമാകാനുള്ള തീരുമാനത്തിന് സൗദി അറേബ്യൻ കാബിനറ്റ് ഇന്നലെ അംഗീകാരം നൽകി. യു.എസിന്റെ സുരക്ഷാ ആശങ്കകൾക്കിടെ ചൈനയുമായി സൗദി കൂടുതൽ പങ്കാളിത്തം സ്ഥാപിക്കുന്നതിനിടെയാണ് നീക്കം.
സൗദിയ്ക്ക് എസ്.സി.ഒയുടെ പങ്കാളിത്ത രാജ്യ പദവി നൽകുന്നതിനുള്ള ധാരണാപത്രത്തിൽ സൽമാൻ രാജാവ് ഒപ്പുവച്ചു. യൂറേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയാണ് എസ്.സി.ഒ. ചൈനയിലെ ബീജിംഗ് ആസ്ഥാനമായി 2001ൽ രൂപീകൃതമായ സംഘടനയിൽ ഇന്ത്യ, റഷ്യ, ചൈന, ഉസ്ബക്കിസ്ഥാൻ, പാകിസ്ഥാൻ, കസഖ്സ്ഥാൻ, കിർഗിസ്ഥാൻ, തജികിസ്ഥാൻ എന്നീ എട്ട് രാജ്യങ്ങളാണ് അംഗങ്ങൾ. ഇറാൻ ഉടൻ സംഘടനയിൽ അംഗമാകും.
അതേ സമയം, ഇറാനും സൗദ്യ അറേബ്യയ്ക്കുമിടെയിൽ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ മദ്ധ്യസ്ഥത വഹിച്ചതിന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗിന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ കഴിഞ്ഞ ദിവസം നന്ദി അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |