തിരുവനന്തപുരം : സൂര്യഗായത്രി കൊലക്കേസിലെ പ്രതി പേയാട് ചിറക്കോണം വാറുവിളാകത്ത് അരുൺ കോടതി നേരിട്ട് നടത്തിയ വിചാരണ നേരിട്ടത് അക്ഷോഭ്യനായി. നിലവിൽ ജയിലിൽ കഴിയുന്ന പ്രതി യാതൊരു കൂസലോ തരിമ്പ് കുറ്റബോധമോ ഇല്ലാതെയാണ് കോടതിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്. ഇത് കോടതിയെപ്പോലും അത്ഭുതപ്പെടുത്തി.
സഹതടവുകാരിൽ നിന്ന് കാര്യങ്ങൾ മനസിലാക്കിയെത്തിയ പ്രതി കോടതി നേരിട്ട് ചോദിച്ച ഓരോ ചോദ്യങ്ങൾക്കും തന്ത്രപരമായ മറുപടിയാണ് നൽകിയത്. സംഭവ സ്ഥലത്തെ തന്റെ സാന്നിദ്ധ്യം സമ്മതിച്ച പ്രതി താൻ അല്ല കൊലപ്പെടുത്തിയതെന്നും സൂര്യഗായത്രി തന്നെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്നും കോടതിയെ അറിയിച്ചു.
സൂര്യഗായത്രി തന്നെ കുത്താനുപയോഗിച്ച കത്തി പിടിച്ചുവാങ്ങി നിലത്ത് എറിഞ്ഞു പോയതായി പറഞ്ഞ പ്രതി, കോടതിയിലുളള സൂര്യഗായത്രിയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ തന്റേതല്ലെന്ന് പറഞ്ഞൊഴിഞ്ഞു. സൂര്യഗായത്രിയുടെ അയൽവാസികളാണ് തന്നെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചതെന്ന് സമ്മതിക്കാതിരുന്ന പ്രതി പിന്നീട് ഇക്കാര്യം കോടതിയിൽ സമ്മതിച്ചു. പ്രതിതന്നെ തന്റെ സാന്നിദ്ധ്യം സമ്മതിച്ചതും സംഭവസമയം പ്രതിക്ക് ഏറ്റ പരിക്കും കേസിൽ പ്രോസിക്യൂഷന് ഏറെ സഹായകരമായ തെളിവായി മാറി.
അടങ്ങാത്ത പ്രണയപ്പക
സൂര്യഗായത്രിയോട് പ്രതിക്ക് ഉണ്ടായിരുന്ന അടങ്ങാത്ത പ്രണയത്തിന്റെ ഒടുങ്ങാത്ത പകയായിരുന്നു കൊലപാതകത്തിൽ കലാശിച്ചത്. നിർദ്ധന കുടുംബാംഗമായ സൂര്യഗായത്രിയെ പണവും സ്വർണവും നൽകി സ്വാധീനിക്കാനുളള പ്രതിയുടെ വിഫല ശ്രമങ്ങൾക്കിടയിലും അരുൺ തന്റെ ഏകപക്ഷീയ പ്രണയവുമായി മുന്നോട്ടുപോയി.
അരുണിന്റെ ക്രിമിനൽ പശ്ചാത്തലം അറിഞ്ഞ വീട്ടുകാരും സൂര്യഗായത്രിയും ബന്ധത്തിന് തയ്യാറല്ലെന്ന് അറിയിച്ചിട്ടും അരുൺ പിൻമാറിയില്ല. ഇതിനിടെ കൊല്ലം സ്വദേശിയുമായി സൂര്യഗായത്രിയുടെ വിവാഹം നടന്നപ്പോഴും അരുൺ കാത്തിരുന്നു. സൂര്യഗായത്രിയുടെ ഭർത്താവിനെ വിളിച്ച് ഭീഷണിപ്പെടുത്തി പുതിയ തന്ത്രം മെനഞ്ഞു. ഇതേച്ചൊല്ലി ഭർത്താവുമായി പിണങ്ങി വീട്ടിലെത്തിയ സൂര്യഗായത്രിയെ സ്വന്തമാക്കാൻ കഴിയുമെന്ന് മോഹിച്ചു. അത് നടക്കില്ലെന്ന് കണ്ടപ്പോഴാണ് അവളെ കൊലപ്പെടുത്താൻ തീരുമാനിച്ചത്.
സൂര്യഗായത്രിയുടെ വീട്ടിൽ ആരുമില്ലെന്ന് കരുതി പിൻവാതിൽ വഴി അകത്ത് കടന്ന പ്രതി വീട്ടിലുണ്ടായിരുന്ന സൂര്യഗായത്രിയുടെ ഭിന്നശേഷിക്കാരിയായ മാതാവ് വത്സലയെ ആക്രമിക്കുകയായിരുന്നു. ഇവരുടെ നിലവിളികേട്ട് സൂര്യഗായത്രിയും അച്ഛൻ ശിവദാസനും എത്തിയപ്പോഴേക്കും സൂര്യഗായത്രിക്കു നേരെ തിരിഞ്ഞ അരുൺ അവരെ തുരുതുരാ കുത്തി. തടയാൻ ശ്രമിച്ച അച്ഛനെ തൊഴിച്ചെറിഞ്ഞു. 33 കുത്തുകളാണ് സൂര്യഗായത്രിയുടെ ശരീരത്തിലുണ്ടായിരുന്നത്.
മകളെ രക്ഷിക്കാൻ മകളുടെ ശരീരത്തിലേക്ക് മറിഞ്ഞുവീണ വത്സലയ്‌ക്കും കുത്തേറ്റു. അമ്മയെ കുത്തുന്നത് കണ്ട് നിലവിളിച്ച സൂര്യഗായത്രിയെ നോക്കി നീ ഇനിയും ചത്തില്ലേ എന്നുപറഞ്ഞ് സൂര്യഗായത്രിയുടെ തല പിടിച്ചു തറയിലിടിച്ച് തലയോട്ടി പിളർത്തി. ഇതിനിടെ ശിവദാസന്റെ നിലവിളി കേട്ട് ആളുകൾ ഓടിക്കൂടിയാണ് അരുണിനെ പിടികൂടിയത്.
എത്തിയത് കൃത്യമായ പദ്ധതിയുമായി
സൂര്യഗായത്രിയെ കൊലപ്പെടുത്താൻ അരുൺ പേയാട് നിന്നെത്തിയത് വ്യക്തമായ പ്ലാനുമായിട്ടായിരുന്നു. കൈയിൽ ഒളിപ്പിക്കാൻ പാകത്തിനുളള മടക്ക് കത്തി,വ്യാജ നമ്പർ പ്ലേറ്റ് പതിപ്പിച്ച ഇരുചക്ര വാഹനം എന്നിവയുമായാണെത്തിയത്. കൊലപാതകത്തിന് ശേഷം രഹസ്യമായി മടങ്ങാനായിരുന്നു പ്ലാൻ.സൂര്യഗായത്രി തനിച്ചാകുന്ന പകൽ സമയം ഇതിനായി തിരഞ്ഞെടുത്തു. സൂര്യഗായത്രിയുടെ മാതാപിതാക്കളുടെ സാന്നിദ്ധ്യമാണ് അരുണിന്റെ പ്ളാൻ തെറ്റിച്ചത്. ചലന ശേഷിയില്ലാത്ത അമ്മയെക്കാൾ അരുണിന് വിനയായത് സൂര്യഗായത്രിയുടെ അച്ഛൻ ശിവദാസനായിരുന്നു. ഇദ്ദേഹമാണ് നിലവിളിച്ച് ആളെക്കൂട്ടിയത്.
ഇനി സൂര്യയില്ല , ലോട്ടറി വിൽക്കാൻ
നെടുമങ്ങാട് കോടതി സമുച്ചയത്തിനും ബിവറേജസിന് മുന്നിലുമായിരുന്നു സൂര്യയുടെ ലോട്ടറി വിൽപ്പന. രാവിലെ കോടതി പരിസരത്തും ഉച്ചമുതൽ സന്ധ്യയാകും വരെ ബിവറേജസിന് മുന്നിലും ലോട്ടറി വിൽപ്പനയ്ക്ക് മാതാപിതാക്കളെ സഹായിക്കാൻ മരണം വരെ സൂര്യയുണ്ടായിരുന്നു. പഠനത്തിൽ മിടുക്കിയായിരുന്നെങ്കിലും വീട്ടിലെ ദാരിദ്ര്യം കാരണം പഠനം പ്ലസ് ടുവിൽ പഠനം അവസാനിപ്പിച്ചു. ഭിന്നശേഷിക്കാരിയായ അമ്മയെ കൊണ്ടും രോഗിയായ അച്ഛനെ കൊണ്ടും കൂട്ടിമുട്ടിക്കാൻ പറ്റുന്നതല്ല ജീവിതമെന്ന് മനസിലാക്കി തുടർന്ന് പഠിക്കണമെന്ന മോഹം ഉപേക്ഷിച്ചാണ് സൂര്യഗായത്രി അച്ഛന്റെയും അമ്മയുടെയും പാത സ്വീകരിച്ച് ലോട്ടറി കച്ചവടത്തിനിറങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |