കോഴിക്കോട്: വയനാട് സ്വദേശിയായ ആദിവാസി യുവാവ് വിശ്വനാഥനെ കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. മരണം നടന്ന് ഒന്നരമാസം പിന്നിടുമ്പോഴാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. വിശ്വനാഥന്റെ കുടുംബം ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടിരുന്നു. അതേസമയം വിശ്വനാഥന് നേരെ അതിക്രമം നടത്തിയ പ്രതികളെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിപ്പുകാരനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിയ വിശ്വനാഥനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഫെബ്രുവരി എട്ടിന് വിശ്വനാഥനെ ആശുപത്രിയിൽ നിന്ന് കാണാതായിരുന്നു. രണ്ടുദിവസത്തിന് ശേഷം ആശുപത്രിക്ക് സമീപത്തെ മരത്തിൽ വിശ്വനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മോഷണക്കുറ്റം ആരോപിച്ച് സുരക്ഷാ ജീവനക്കാർ ചോദ്യംചെയ്തതിന് പിന്നാലെയാണ് വിശ്വനാഥനെ കാണാതായതെന്നായിരുന്നു വീട്ടുകാരുടെ ആരോപണം.
വിശ്വനാഥനെ ചോദ്യം ചെയ്യുന്നത് കണ്ടതായി ദൃക്സാക്ഷികളും വെളിപ്പെടുത്തിയിരുന്നു. ഇതിന് ശേഷമാണ് അയാൾ ആശുപത്രിയിൽ നിന്ന് പുറത്തേക്ക് ഓടിയതെന്ന് ആശുപത്രിയിലുണ്ടായിരുന്ന മറ്റ് കൂട്ടിരിപ്പുകാർ പറഞ്ഞു. വിശ്വനാഥന് ചുറ്റും ആളുകൾ കൂടി നിൽക്കുന്ന സി.സി ടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു,
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |