SignIn
Kerala Kaumudi Online
Friday, 26 April 2024 2.02 PM IST

പുതിയ രുചി, പുതിയ അവസരം

photo

മായം ചേർത്തും വൃത്തിഹീനമായും ഭക്ഷണമുണ്ടാക്കി ലാഭം കൊയ്യുന്നവർക്കിടയിൽ വൃത്തിയും രുചിയുമുള്ള ഭക്ഷണമുണ്ടാക്കുന്നവർക്ക് വിശാലമായ വിപണി കണ്ടെത്താൻ കഴിയാത്ത സ്ഥിതിയുണ്ട്. അത്തരം സംരംഭകർക്ക് പുതിയ സാദ്ധ്യതകൾ തുറന്ന് നൽകുകയാണ് ടേസ്റ്റ് ഒാഫ് കണ്ണൂർ എന്ന പുതിയ ബ്രാന്റ്.

ഭക്ഷ്യമേഖലയിൽ സംരംഭങ്ങൾ തുടങ്ങാനും തൊഴിൽ കണ്ടെത്താനും ആഗ്രഹിക്കുന്നവർക്കും സംരംഭകർക്കും യുവതീ യുവാക്കൾക്കും എല്ലാ സഹായങ്ങളും ടേസ്റ്റ് ഒാഫ് കണ്ണൂർ ചെയ്ത് കൊടുക്കും. കൺസോർഷ്യം ഓഫ് ഫുഡ് എന്റർപ്രണേഴ്‌സ് ഇൻ കണ്ണൂർ എന്ന കമ്പനിയുടെ നേതൃത്വത്തിലായിരിക്കും ഉത്പ്പന്നങ്ങൾ ജനങ്ങളിലേക്കെത്തിക്കുക.

ജില്ലാ വ്യവസായവകുപ്പിന്റെ സഹകരണത്തോടെ ഭക്ഷ്യസംരംഭങ്ങൾ ചെയ്യുന്ന വ്യക്തികൾ, ഗ്രൂപ്പുകൾ, കർഷക ഉത്പാദക കമ്പനികൾ, എന്നിവരെ ഒരുമിപ്പിച്ച് അവർ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കൾ കോഫെയ്ക് വഴി വിപണിയിലെത്തിക്കുന്നതാണ് പദ്ധതി. സർക്കാർ തലത്തിലുള്ള വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് കോഫെയ്ക് എന്ന കമ്പനി രൂപീകരിച്ചത്. ജില്ലാ വ്യവസായ വകുപ്പും കൃഷി വിജ്ഞാന കേന്ദ്രവുമാണ് നിർദേശങ്ങളും സഹായങ്ങളും നൽകുന്നത്. കണ്ണൂർ ജില്ലയുടെ പാരമ്പര്യ ഭക്ഷ്യസംസ്കാരം തനിമയിൽ നിലനിറുത്തുന്നതിനൊപ്പം നിലവാരം പോകാതെ പുതിയ ഭക്ഷ്യഉത്പ്പന്നങ്ങളും ടേസ്റ്റ് ഒാഫ് കണ്ണൂർ എന്ന പേരിൽ വിപണിയിലെത്തിക്കുകയാണ് ലക്ഷ്യം.

തിരഞ്ഞെടുത്ത ഭക്ഷ്യമേഖലയിലെ സംരംഭകർക്ക് കമ്പനിയുടെ ഭാഗമാകാം. ഇതിനായി ജില്ലയിൽ കഴിഞ്ഞ മാസം ഒരു മത്സരം സംഘടിപ്പിച്ചിരുന്നു. അതിൽ 400 സംരംഭകർ പങ്കെടുത്തു. ഇതിൽ നിന്ന് ഏ​റ്റവും മികച്ച 150 പേരെയാണ് തിരഞ്ഞെടുത്തത്. ഇവരുടെ ഉത്പന്നങ്ങൾ ഇനി മുതൽ ടേസ്​റ്റ് ഓഫ് കണ്ണൂർ എന്ന കമ്പനി ബ്രാന്റിലായിരിക്കും പുറത്തിറക്കുക.അടുത്ത ഘട്ടത്തിൽ കൂടുതൽ പേർക്ക് അവസരം നൽകും.സ്വയം തൊഴിൽ ചെയ്യാനാഗ്രഹിക്കുന്ന,​ പാചകത്തിൽ താൽപ്പര്യമുള്ള ആർക്കും കൂടുതൽ മുതൽ മുടക്കില്ലാതെ വീട്ടിലിരുന്ന് തന്നെ വരുമാനം നേടാൻ സാധിക്കുമെന്നതാണ് പദ്ധതിയുടെ നേട്ടം.

വീട്ടമ്മമാർ ഉൾപ്പെടെ കണ്ണൂരിന്റെ തനത് വിഭവങ്ങൾ തനത് രുചിയിൽ ഉണ്ടാക്കാനറിയുന്ന നിരവധി ആളുകളുണ്ട് .ഇത്തരം വിഭവങ്ങൾക്ക് വിദേശത്ത് ഉൾപ്പെടെ ആവശ്യക്കാരും ഏറെയാണ്. എന്നാൽ നന്നായി വിഭവങ്ങൾ ഉണ്ടാക്കാനറിയാവുന്ന പലരും വിപണി കണ്ടെത്താൻ കഴിയാതെ സംരംഭകത്വത്തിൽ നിന്നും മാറി നിൽക്കുന്നുണ്ട് . അത്തരക്കാരെ സഹായിക്കുകയാണ് ലക്ഷ്യമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എ.എസ് .ഷിറാസ് പറഞ്ഞു.

നബാർഡ്,ഹോർട്ടികോർപ്പ്,ഫ്രൂട്ട് ആന്റ് വെജിറ്റബിൾ കൗൺസിൽ തുടങ്ങി വ്യത്യസ്ത വകുപ്പുകളുടെയും ഏജൻസികളുടെയും സഹായവും കമ്പനിക്കുണ്ടാകും. സംരംഭകർ ഉത്പ്പന്നങ്ങൾ ഏറ്റവും നല്ല രീതിയിലാണ് ഉത്പ്പാദിപ്പിക്കുന്നതെന്ന് ഉറപ്പു വരുത്തുന്നതിനൊപ്പം ഭക്ഷ്യമേഖലയിലെ എല്ലാ നിയമങ്ങളും ചട്ടങ്ങളും പാലിക്കാനും കമ്പനിയുടെ മാനദണ്ഡത്തിൽ പ്രത്യേക നിർദേശമുണ്ട്.

ആദ്യ പടിയായി മേളകൾ

സംരംഭകർക്ക് ഉത്പന്നങ്ങൾ വിൽക്കാനും പരിചയപ്പെടുത്താനും കണ്ണൂരിലും മ​റ്റു ജില്ലകളിലും ബിസിനസ് മേളകൾ സംഘടിപ്പിക്കും. ആദ്യഘട്ടത്തിൽ ഏപ്രിൽ ഒന്നു മുതൽ 15 വരെ ടൗൺ സ്‌ക്വയറിൽ നടക്കുന്ന ഖാദി എക്‌സിബിഷനിൽ സ്​റ്റാൾ തുറക്കും. ഇവിടെ 70 യൂണി​റ്റിലെ സംരംഭകർ ഭക്ഷണമൊരുക്കും.റെഡി ടു കുക്ക്, റെഡി ടു ഈ​റ്റ്, റെഡി ടു ട്രിൻങ്ക്, ലൈവ് പ്രോഗാം എന്നിങ്ങനെ നാല് സോണായി തിരിച്ചായിരിക്കും ഫുഡ് സ്​റ്റാൾ. ഇതിനുശേഷം ഏപ്രിൽ 11 മുതൽ 17 വരെ പൊലീസ് മൈതാനത്ത് നടക്കുന്ന പരിപാടിയിലും ഫുഡ് കോർണർ ഒരുക്കും.

മേയിൽ കമ്പനിയിൽ രജിസ്​റ്റർ ചെയ്ത മുഴുവൻ ഭക്ഷ്യസംരംഭകരുടെയും ഉത്പന്നങ്ങളുമായി വിപുലമായ ഭക്ഷ്യമേള സംഘടിപ്പിക്കും. വ്യത്യസ്ത പലഹാരങ്ങൾ,അച്ചാറുകൾ,കേക്ക് എന്നീ ഉത്പ്പന്നങ്ങളിലെ വൈവിദ്ധ്യമായിരിക്കും മേളയിലെ പ്രധാന ആകർഷണം.

സർക്കാർ സഹായവും

സർക്കാരുകളുടെ വിവിധ പദ്ധതികൾ ,പ്രത്യേകിച്ച് ഭക്ഷ്യസംസ്കരണ മേഖലയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന വകുപ്പുകൾ, ഏജൻസികൾ,സംഘടനകൾ എന്നിവയിലൂടെ ലഭ്യമാകുന്ന എല്ലാ സഹായങ്ങളും ഈ പദ്ധതിയിലൂടെ തങ്ങളുടെ സംരംഭകർക്ക് എത്തിച്ചു നൽകാനും ലക്ഷ്യമിടുന്നു. വൈകാതെ മൊബൈൽ ഡെലിവറിയിലൂടെ ജില്ലയിൽ എല്ലായിടത്തും ഭക്ഷ്യ ഉത്പ്പന്നങ്ങൾ എത്തിക്കാൻ അവസരമൊരുക്കുമെന്ന് കോഫെയ്ക് കമ്പനി ചെയർമാൻ അ‌ഡ്വ. വിനോയി ഫ്രാൻസിസ് പറഞ്ഞു.

പ്രതീക്ഷയോടെ സംരംഭകർ

ജില്ലയിൽ ഭക്ഷ്യ സംരംഭക മേഖലയിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവർക്ക് വിപുലമായ അവസരങ്ങളാണ്

കൊഫെയ്ക്ക് തുറന്നു നൽകുന്നത്.സംരംഭകർക്ക് വേണ്ട പരിശീലനം, കോഴ്‌സുകൾ, നിർദേശങ്ങൾ എന്നിവയും കമ്പനി നൽകും. ഈ ബ്രാന്റിൽ കമ്പനി ലോഗോ ഉപയോഗിച്ച് സംരംഭകർക്ക് ഇന്ത്യയിലും വിദേശത്തും ഉത്പന്നങ്ങൾ വിൽക്കാനുള്ള അവസരവും ഉണ്ടാകും. വിവിധ മേളകളിലൂടെ ജില്ലയിലെ ഭക്ഷ്യസംരംഭകർക്ക് കേരളത്തിലുട നീളം ഉത്പ്പന്നങ്ങൾ വിറ്റഴിക്കാൻ സാധിക്കും.ഇതുവഴി സംരംഭം വളർത്താനും ഇവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും സാധിക്കും. കേരളത്തിലെ പ്രധാന സൂപ്പർ മാർക്കറ്റ്,ഹൈപ്പർ മാർക്കറ്റ് എന്നിവിടങ്ങളിലും

ടേസ്റ്റ് ഒാഫ് കണ്ണൂരിന്റെ ഉത്പ്പന്നങ്ങൾ വാങ്ങുന്നതിനുള്ള അവസരം ഉടൻ ഒരുക്കുമെന്നും അധികൃതർ ഉറപ്പു നൽകിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TASTE OF KANNUR
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.