ഇടവ: ഭിന്നശേഷിക്കാരിയായ ദളിത് യുവതിയെ വീട്ടിൽ അതിക്രമിച്ചുകയറി ശാരീരികമായി ഉപദ്രവിച്ച കേസിൽ പ്രതിയെ കർണാടകയിൽ നിന്നും പിടികൂടി. അയിരൂർ വേങ്കോട് താന്നിമൂട് വീട്ടിൽ ഗുണ്ട് എന്ന് വിളിക്കുന്ന സുനിൽകുമാർ (42) ആണ് പിടിയിലായത്. അയിരൂർ സ്റ്റേഷൻ പരിധിയിൽ ഇക്കഴിഞ്ഞ ഫെബ്രുവരി എട്ടിന് ഉച്ചയോടെയായിരുന്നു സംഭവം. 32 വയസുകാരി വീട്ടിൽ തനിച്ചാണെന്ന് ഉറപ്പാക്കിയ ശേഷം അതിക്രമിച്ചുകയറി ലൈംഗികമായി ഉപദ്രവിച്ചെന്നാണ് കേസ്. തൊഴിലുറപ്പ് തൊഴിലാളികളായ മാതാപിതാക്കൾക്ക് ആഹാരം നൽകി തിരികെ വീട്ടിലെത്തിയ സഹോദരി അക്രമം നേരിൽ കാണുകയും ഇവർ ബഹളം വച്ചതിനെ തുടർന്ന് സുനിൽകുമാർ ഓടി രക്ഷപ്പെടുകയുമായിരുന്നു. അയിരൂർ പൊലീസിന്റെ അന്വേഷണം പുരോഗമിക്കെയാണ് പ്രതി കർണാടകയിലെ പാംച്ചൂട് എന്ന സ്ഥലത്തുണ്ടെന്നുളള വിവരം ലഭിക്കുന്നത്. തുടർന്ന് അന്വേഷണ സംഘം കഴിഞ്ഞ ദിവസം കർണാടകയിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു. വർക്കല ഡിവൈ.എസ്.പി സി.ജെ.മാർട്ടിന്റെ നിർദ്ദേശാനുസരണം അയിരൂർ എസ്.എച്ച്.ഒ സി.എൽ. സുധീറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ സജിത്ത്,എസ്.സി.പി.ഒ ജയ് മുരുകൻ,സി.പി.ഒ മാരായ സജീവ്, വരുൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഫോട്ടോ: അറസ്റ്റിലായ സുനിൽകുമാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |