കുമരകം : തൂശനിലയിൽ ചെറുകറികൾ നിരന്നപ്പോൾ അമേരിക്കൻ പ്രതിനിധികൾ വണ്ടറിടിച്ചു. ഓരോന്നും തൊട്ടു നോക്കി രുചിക്കുമ്പോഴേയ്ക്കും ചോറെത്തി. നെയ്യും പരിപ്പും പപ്പടവും കൂട്ടിക്കുഴച്ച് ആസ്വദിച്ച് കഴിക്കുന്നതിനിടെ സാമ്പാറും, പിന്നാലെ പുളിശേരിയും. കഴിച്ച് തീരുംമുൻപ് ഷെർപ്പകൾ ഒരേ സ്വരത്തിൽ പറഞ്ഞു, ഓണ സദ്യ ഈസ് വണ്ടർ ഫുൾ! ജി- 20 ഷെർപ്പ യോഗത്തിലെ ചൂടേറിയ ചർച്ചകൾക്ക് വിരാമമിട്ടാണ് ഇന്നലെ പൂർണമായും ഓണാഘോഷത്തിനായി മാറ്റിവച്ചത്. അട പ്രഥമൻ പഴംകൂട്ടി കഴിക്കാൻ മുൻപന്തിയിൽ ചൈനക്കാർ. നെതർലെൻഡിലും ബ്രസീലിലുമുള്ളവർ സാമ്പാറും പുളിശേരിയും വീണ്ടും ചോദിച്ചുവാങ്ങി.
കോക്കനട്ട് ലഗൂൺ റിസോർട്ടിലേയ്ക്ക് എത്തിയ ഷെർപ്പകളെ മുല്ലപ്പൂവ് നൽകിയാണ് വരവേറ്റത്. ഓണക്കളിയും തിരുവാതിരകളിയും ഊഞ്ഞാലാട്ടവും പുലികളിയും കുമ്മാട്ടിക്കളിയും കളരിപ്പയറ്റുമൊക്കെയായി കേരളത്തിന്റെ കാഴ്ചകളോരോന്നും കൺമുന്നിൽ നിറഞ്ഞു. ഇതിനിടെ വട്ടിനിറയെ പൂക്കളെത്തി. വൃത്തം വരച്ച് പൂക്കൾകൊണ്ടു കളം തീർക്കുന്നത് വിസ്മയിപ്പിച്ചു. ഷെർപ്പകളും പൂക്കളമിടാനിറങ്ങി. പൂക്കളമിട്ടും പുലികൾക്കൊപ്പം തുള്ളിയും പ്രോട്ടോക്കോളുകൾ വഴിമാറിയപ്പോൾ എല്ലാവരും ഓണലഹരിയിലായി. കലം തല്ലി പൊട്ടിക്കലും വടംവലിയുമൊക്കെ മൊബൈൽ ഫോണിൽ ചിത്രീകരിച്ചു. ചിലർ നാട്ടിലേയ്ക്ക് വീഡിയോകാൾ ചെയ്ത് എല്ലാം ലൈവായി കാട്ടിക്കൊടുത്തു. ഓരോ ഇനവും പരിചയപ്പെടുത്താൻ കെ.എ.എസ് ഉദ്യോഗസ്ഥരുണ്ടായിരുന്നു. ഒടുവിലായിരുന്നു ഓണസദ്യ.
റെസിപ്പി ചോദിച്ചറിഞ്ഞു
ഭാഷയും ദേശവും അതിര് നീങ്ങിയ അപൂർവ നിമിഷത്തിൽ അവിയലിന്റെയും മധുരപ്പച്ചടിയുടെയുമൊക്കെ റെസിപ്പി ചോദിച്ചറിയാനും മറന്നില്ല. എരിവ് കുറഞ്ഞ വിഭവങ്ങൾ കൂടുതലായി ഇഷ്ടപ്പെട്ട യൂറോപ്യൻ രാജ്യക്കാർ രണ്ടാമത് ചോദിച്ച് വാങ്ങി. ഏറ്റവുമൊടുവിൽ പച്ചമോര് ഗ്ളാസിൽ കുടിച്ചശേഷം വലത് കൈ ഉയർത്തി എല്ലാം ഇഷ്ടപ്പെട്ടെന്ന മട്ടിൽ ചിരിയും പാസാക്കി. ഷെർപ്പ യോഗത്തിന് ശേഷമുള്ള വികസനസമിതി മീറ്റിംഗ് ആറ് മുതൽ ഒമ്പത് വരെ ഇതേ വേദികളിലാണ് നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |