തിരുവനന്തപുരം: റേഷൻ വിതരണത്തിലെ അപാകതകൾ തീർക്കുന്നതിന്റെഭാഗമായി,
ഇ പോസ് മെഷീനിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. റേഷൻ കടകളിലെ ഇ പോസ് മെഷീനുകൾ പരിശോധിച്ച് മികച്ച നെറ്റ്വർക്ക് കവറേജുള്ള സിം കാർഡ് നൽകി മെഷീൻ സീൽ ചെയ്യും. ഈ മാസം തന്നെ,ഇ പോസ് മെഷീനുകൾ ബന്ധിപ്പിച്ചിട്ടുള്ള ആധാർ അധിഷ്ഠിത സോഫ്റ്റ്‌വെയറിലെ പുതിയ വേർഷനിലേക്ക് മാറും
പുതിയ വേർഷന് തടസ്സമായിരുന്നത് കേരളത്തിലെ സെർവറിന്റെ ഇന്റർനെറ്റ് സേവന ദാതാവായിരുന്ന ബി.എസ്.എൻ.എല്ലിന്റെ ബാൻഡ്‌വിഡ്ത് ശേഷിക്കുറവാണ്. ഇതു പരിഹരിച്ച് 100 എം.ബി.പി.എസ് ശേഷിയിലേക്ക് ഉയർത്തിയിട്ടുണ്ട്.ഇതിന്റെ
പ്രവർത്തനങ്ങൾ ഇന്നലെ എൻ.ഐ.സി ഉദ്യോഗസ്ഥരുമായി സിവിൽ സപ്ലൈസ്, ഐ.ടി വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഓൺ ലൈനായി വിലിയിരുത്തി.
വൈഫൈ പാടില്ല
മികച്ച നെറ്റ്വർക്ക് കവറേജുള്ള സിംകാർഡ് ഉപയോഗിക്കണമെന്നും വൈഫൈ ഉപയോഗിക്കരുതെന്നും കടയുടമകളെ അറിയിക്കും.വൈ ഫൈ കണക്ഷനുകളുടെ ഉപയോഗം ഒഴിവാക്കാനാണ് മെഷീൻ സീൽ ചെയ്യുന്നത്. മറ്റ് കണക്ഷനുകളിൽ നിന്നുള്ള ഡേറ്റ ഷെയർ ചെയ്ത് ഇ പോസ് മെഷീൻ ഉപയോഗിക്കുമ്പോൾ, അത്തരം കണക്ഷനുകളിലേക്കു വരുന്ന ഫോൺ കോളുകളും വാട്‌സാപ് സന്ദേശങ്ങളും മറ്റും സംവിധാനത്തെ തകരാറിലാക്കുന്നതായി എൻ.ഐ.സി കണ്ടെത്തിയിരുന്നു.
റേഷൻ കാർഡ് ഉടമകളുടെ മൊബൈൽ ഫോൺ നമ്പർ കാർഡുമായി ബന്ധിപ്പിക്കാനുള്ള പ്രത്യേക ശ്രമം ഈ മാസം ആരംഭിക്കും. വാങ്ങിയ റേഷൻ സാധനങ്ങളുടെ ബില്ലും വിവരങ്ങളും എസ്.എം.എസായി ലഭിക്കാനും ,ഇ പോസ് മെഷീനിൽ ബയോ മെട്രിക് സംവിധാനം പരാജയപ്പെടുന്ന അവസരത്തിൽ ഒ.ടി.പി ഉപയോഗിച്ച് റേഷൻ വിതരണം നടത്താനും വേണ്ടിയാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |