
പത്തനംതിട്ട: യുവതിയെ കാറിടിച്ച ശേഷം രക്ഷിച്ച് പ്രീതി നേടാൻ അപകട നാടകമുണ്ടാക്കിയ മുൻ കാമുകനും സുഹൃത്തും റിമാൻഡിൽ. പ്രണയം പിരിഞ്ഞതോടെ വീണ്ടും യുവതിയുമായി ഒന്നിക്കാനായിരുന്നു അപകടമുണ്ടാക്കിയത്. പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ മൊഴിപ്രകാരം നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.
കോന്നി മാമ്മൂട് രാജിഭവനിൽ രഞ്ജിത്ത് രാജൻ (24), കോന്നി താഴം പയ്യനാമൺ താഴത്ത് പറമ്പിൽ വീട്ടിൽ അജാസ് (19) എന്നിവരാണ് അറസ്റ്റിലായത്. രഞ്ജിത്തിന്റെ പ്രണയിനിയായിരുന്നു യുവതി. പിരിഞ്ഞുപോയ യുവതിയുമായി വീണ്ടും അടുപ്പമുണ്ടാക്കാനാണ് സുഹൃത്തായ അജാസിന്റെ സഹായത്തോടെ അപകടമുണ്ടാക്കിയത്.
ഡിസംബർ 23ന് വൈകിട്ട് 5.30ന് അടൂരിൽ നിന്ന് സ്‌കൂട്ടറിൽ പോവുകയായിരുന്ന യുവതിയെ അജാസ് കാറിൽ പിന്തുടർന്നു. വാഴമുട്ടം ഈസ്റ്റിൽ വച്ച് സ്‌കൂട്ടറിന്റെ പിന്നിലിടിച്ച് വീഴ്ത്തിയ ശേഷം കാർ നിറുത്താതെപോയി. പിന്നാലെ മറ്റൊരു കാറിൽ രഞ്ജിത്ത് ഇവിടെയെത്തി. അപകടം കണ്ട് ഒാടിക്കൂടിയ നാട്ടുകാരോട് യുവതിയുടെ ഭർത്താവാണെന്ന് പറഞ്ഞ് കാറിൽ കയറ്റി കോന്നിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
യുവതിയുടെ വലതുകൈക്കുഴ തെറ്റി. ചെറുവിരലിന് പൊട്ടലും ശരീരത്തിൽ മുറിവുമുണ്ടായി. അപകടസ്ഥലത്ത് രക്ഷകനായെത്തിയ തന്നോട് യുവതി വീണ്ടും അടുക്കുമെന്നായിരുന്നു മുൻകാമുകന്റെ പ്രതീക്ഷ. യുവതിയുടെ കുടുംബത്തിന്റെ അനുകമ്പ ലഭിക്കുമെന്നും കണക്കുകൂട്ടി. അപകടത്തെക്കുറിച്ച് പത്തനംതിട്ട പൊലീസ് സബ് ഇൻസ്‌പെക്ടർ എസ്. അലക്സ്‌കുട്ടിയാണ് അന്വേഷണം നടത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |