
ന്യൂഡൽഹി: വോട്ടർ പട്ടികയിൽ വിദേശികളില്ലെന്ന് ഉറപ്പാക്കേണ്ടത് തങ്ങളുടെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീംകോടതിയെ അറിയിച്ചു. എസ്.ഐ.ആറിനെ ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിച്ചപ്പോഴാണ് നിലപാട് വ്യക്തമാക്കിയത്. ഇന്ത്യൻ പൗരന്മാരെ മാത്രമേ വോട്ടർ പട്ടികയിൽ നിലനിറുത്താനാകൂ.
ചില രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന പ്രചാരണം കമ്മിഷനെ ബാധിക്കുന്നതല്ല. പ്രായപൂർത്തിയായ എല്ലാ ഇന്ത്യൻ പൗരന്മാരെയും വോട്ടർ പട്ടികയിൽ ചേർക്കാനാണ് ശ്രമിക്കുന്നതെന്നും കമ്മിഷനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദി വ്യക്തമാക്കി. ചീഫ് ജസ്റ്രിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചിയും അടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.
എസ്.ഐ.ആറും അസാമിൽ നടക്കുന്ന നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൺസ് (എൻ.ആർ.സി) പ്രക്രിയയും വെവ്വേറെയാണെന്നും കമ്മിഷൻ വ്യക്തമാക്കി. ഇവ തുലനം ചെയ്യേണ്ട കാര്യമില്ല. എൻ.ആർ.സിയിൽ എല്ലാ പ്രായത്തിലുമുള്ളവരും ഉൾപ്പെടും. എസ്.ഐ.ആറിൽ 18 വയസിനു മുകളിലുള്ളവർ മാത്രം. പൗരനാണെങ്കിലും, മാനസിക വെല്ലുവിളി നേരിടുന്നുവെങ്കിൽ വോട്ടർ പട്ടികയിൽ ഇടമുണ്ടാകില്ല. പക്ഷേ, എൻ.ആർ.സിയിൽ ചേർക്കും. അത്തരം വ്യക്തികൾ പൗരന്മാരാണ്. എന്നാൽ, വോട്ടുചെയ്യാൻ അയോഗ്യതയുണ്ടെന്നും കമ്മിഷൻ അറിയിച്ചു. ഇന്നും വാദം കേൾക്കൽ തുടരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |