
ദുബായ്: ഇന്ത്യ വേദിയാകുന്ന ട്വന്റി-20 ലോകകപ്പിൽ തങ്ങളുടെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്നബംഗ്ലാദേശിന്റെ ആവശ്യം ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) തള്ളിയതായി റിപ്പോർട്ട്. ഇന്ത്യയിൽ ബംഗ്ലാദേശ് ടീമിന് സുരക്ഷാ ഭീഷണിയില്ലെന്നും അതിനാൽ കളിമാറ്റേണ്ടെന്നും ഐ.സി.സി നിലപാടെടുത്തു. ജയ്ഷാ അദ്ധ്യക്ഷനായ ഐ.സി.സിയുടെ ഭാരവാഹികളും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബി.സി.ബി) അംഗങ്ങളും തമ്മിൽ ഓൺലൈനായി യോഗം ചേർന്നിരുന്നു. ലോകകപ്പിൽ കളിക്കാൻ ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ ബംഗ്ലാദേശ് ടീം ബാധ്യസ്ഥരാണെന്നും ടീം ലോകകപ്പ് ബഹിഷ്കരിച്ചാൽ പോയിന്റുകൾ നഷ്ടമാകുമെന്നും കനത്ത നടപടി സ്വീകരിക്കുമെന്നും ഐ.സി.സി നിലപാടെടുത്തെന്നാണ് റിപ്പോർട്ടുകൾ. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ബംഗ്ലാദേശിന്റെ മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റി ശ്രീലങ്കയിൽ നടത്തണമെന്ന് ബി.സി.ബി കത്തയച്ചിരുന്നു. തുടർന്നാണ് ഐ.സി.സി ബി.സി.ബി അംഗങ്ങളെ യോഗത്തിന് വിളിച്ചത്.
ഗ്രൂപ്പ് സിയിൽ ഉള്ള ബംഗ്ലാദേശിന്റെ പ്രാഥമിക റൗണ്ട്മത്സരങ്ങൾ കൊൽക്കത്തയിലും മുംബയ്യിലുമാണ് ക്രമീകരിച്ചിരിക്കുന്നത്.ഇംഗ്ലണ്ട്, വെസ്റ്റിൻഡീസ്, നേപ്പാൾ,ഇറ്റലി ടീമുകളാണ് ബംഗ്ലാദേശിനെക്കൂടാതെ ഗ്രൂപ്പ് സിയിലുള്ളത്.
ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ ഐ.പി.എൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ നിന്ന് റിലീസ് ചെയ്തതിന് പിന്നാലെയാണ് ബി.സി.ബി പാകിസ്ഥാനെപ്പോലെ ബംഗ്ലാദേശിന്റെ ലോകകപ്പിലെ മത്സരങ്ങളും ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ആവശ്യം ഉന്നയിച്ചത്.ബംഗ്ലാദേശിന്റെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റിയാൽ വലിയ നഷ്ടം സംഘാടകർക്ക് ഉണ്ടാകും.
ബംഗ്ലാദേശ് പറയുന്നത്
ബംഗ്ലാദേശിന്റെ ആവശ്യംഅനുഭാവപൂർവം പരിഗണിച്ചെന്നും ബംഗ്ലാദേശിന്റെ പൂർണപങ്കാളിത്തം ലോകകപ്പിൽ ഉറപ്പാക്കാനുള്ള പ്രതിബദ്ധത ഐ.സി.സി ആവർത്തിച്ചെന്നും ബി.സി.ബി ഇന്നലെ വ്യക്തമാക്കിയിരുന്നു.
എന്നാൽ ലോകകപ്പിൽ പങ്കെടുക്കാൻ ടീം ഇന്ത്യയിൽ വരുമോയെന്ന് അവർ വെളിപ്പെടുത്തിയില്ല.
ഇതിനിടെ ഐ.സി.സിക്ക് സാഹചര്യം മനസിലായില്ലെന്നും ബംഗ്ലാദേശിന് ടൂർണമെന്റിൽ കളിക്കാൻ താത്പര്യമുണ്ടെങ്കിലും രാജ്യത്തിന്റെ അന്തസ് കളഞ്ഞ് ലോകകപ്പിൽ കളിക്കാനില്ലെന്നും ബംഗ്ലാദേശ് യൂത്ത് ആൻഡ് സ്പോർട്സ് അഡ്വൈസർ ആസിഫ് നസ്രുൾ അഭിപ്രായപ്പെട്ടു.
ഫെബ്രുവരി 7നാണ് ലോകകപ്പ് തുടങ്ങുന്നത്.
സൂര്യതേജസോടെ ഇന്ത്യ
ബെനോനി: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ യൂത്ത് ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ 233 റൺസിന്റെ വമ്പൻ ജയം നേടി പരമ്പര തൂത്തുവാരി ഇന്ത്യ. മൂന്നാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ അണ്ടർ 19 ടീം ഓപ്പണർമാരായ ക്യാപ്ടൻ വൈഭവ് സൂര്യവംശിയുടേയും (74 പന്തിൽ 124),മലയാളിതാരം ആരോൺ ജോർജിന്റെയും (106 പന്തിൽ 118) സെഞ്ച്വറികളുടെ പിൻബലത്തിൽ 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 393 റൺസ് നേടി. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക അണ്ടർ 19ടീം 39.4 ഓവറിൽ 160 റൺസിന് ഓൾഔട്ടായി.സൂര്യവംശിയാണ് കളിയിലേയും പരമ്പരയിലേയും താരം. വൈഭവും ആരോണുംഓപ്പണിംഗ് വിക്കറ്റിൽ 227 റൺ,സിന്റഎ കൂട്ടുകെട്ടുണ്ടാക്കി. യൂത്ത് ഏകദിനത്തിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ഓപ്പണിംഗ് കൂട്ടുകെട്ടാണ് ഇത്.യൂത്ത് ഏകദിനത്തിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്ടനും വൈഭവാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |