
തിരുവനന്തപുരം: സ്കൂട്ടറിന് പിന്നിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് ചന്ദ്രിക ദിനപത്രം
തിരുവനന്തപുരം യൂണിറ്റിലെ ചീഫ് ഫോട്ടോഗ്രാഫർ കാക്കാമൂല കാരിക്കുഴി രോഹിണിയിൽ കെ. ഗോപകുമാറിന് (ഗോപൻ കൃഷ്ണ, 57) ദാരുണാന്ത്യം. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിലെ അഡിഷണൽ എസ്.ഐയായ ഭാര്യ ബിന്ദുവിന് സാരമായി പരിക്കേറ്റു. ബിന്ദുവിനെ കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 9.50ന് കരമന- കളിയിക്കാവിള റോഡിൽ കാരയ്ക്കാമണ്ഡപത്തിന് സമീപത്തായിരുന്നു അപകടം.
കാക്കാമൂലയിലെ വീട്ടിൽ നിന്ന് സ്കൂട്ടറിൽ ഇരുവരും ഓഫീസിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഗോപകുമാർ ഓടിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ ഓവർടേക്ക് ചെയ്തുവന്ന കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നു. സ്കൂട്ടർ മറിഞ്ഞതോടെ ഗോപകുമാറും ഭാര്യയും ഇരുവശത്തേക്കും തെറിച്ചു വീണു.
ബസിന്റെ പിൻചക്രത്തിനടിയിൽപ്പെട്ട ഗോപകുമാറിനെ നാട്ടുകാരും യാത്രക്കാരും ചേർന്ന് ഉടൻ കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൈയ്ക്ക് പരിക്കേറ്റ ബിന്ദുവിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. അപകടത്തിന്റെ സി.സി ടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. എല്ലാ ദിവസവും ഭാര്യയെ ഓഫീസിലാക്കിയശേഷമാണ് ഗോപകുമാർ ഓഫീസിലെത്തുന്നത്. ഇന്നലെയും ഓഫീസുകളിലേക്ക് പോകാൻ ഇരുവരും ഒരുമിച്ച് ഇറങ്ങിയതായിരുന്നു. മകൾ: ഗോപിക (കെ- ഫോൺ).
ഗോപകുമാറിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ഇന്നു രാവിലെ പത്തിന് തിരുവനന്തപുരം പ്രസ് ക്ലബിൽ പൊതുദർശനം. സംസ്കാരം ഉച്ചയ്ക്ക് 12.30ന് കാക്കാമൂലയിലെ വീട്ടുവളപ്പിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |