തിരുവനന്തപുരം: കെ.എസ്.ആർ.ടിസി ഡിപ്പോകൾക്ക് പൊതുവായ നിറം നൽകുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ഡിപ്പോകളിലെ നവീകരിച്ച ടോയ്ലറ്റുകൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യാത്രക്കാരുടെ കാത്തിരിപ്പ് കേന്ദ്രങ്ങളിൽ ഏകീകൃത രീതിയിലുളള കസേരകൾ, പുതിയ ഫാനുകൾ, എൽ.ഇ.ഡി ലൈറ്റുകൾ, സൗജന്യ കുടിവെള്ളം, ടിവി സൗണ്ട് സിസ്റ്റം എന്നിവ സജ്ജീകരിക്കും. 10 ലക്ഷം രൂപ ഓരോ ഡിപ്പോയ്ക്കും പ്ലാൻ ഫണ്ടിൽ നിന്നും അനുവദിച്ച് ആറു മാസത്തിനകം പ്രവർത്തനം പൂർത്തീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
കെ.എസ്.ആർ.ടി.സി സ്റ്റേഷനുകളിലെ ടോയ്ലറ്റുകൾ വൃത്തിഹീനമാണെന്ന
പരാതികളെ തുടർന്ന് പ്രഖ്യാപിച്ചതാണ് നവീകരണം. എല്ലാ ഡിപ്പോകളിലും യൂണിറ്റ് ഓഫീസർമാർ ചെയർമാനായും മറ്റ് ഉദ്യോഗസ്ഥർ, അംഗീകൃത ട്രേഡ് യൂണിയന്റെ ഓരോ പ്രതിനിധി എന്നിവർ അംഗങ്ങളുമായ കമ്മിറ്റിയെ നിർമ്മാണ പ്രവർത്തനം ഏൽപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പൂർത്തിയായ 72 ടോയ്ലറ്റുകളുടെ നിർമ്മാണമാണ് മന്ത്രി ഓൺലൈനായി നിർവഹിച്ചത്. ഒരു ഡിപ്പോയിലെ ടോയിലറ്റിന് 5 ലക്ഷം രൂപ വരെ ഉപയോഗിച്ചു.. സി.എം.ഡി ബിജുപ്രഭാകരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
കെ.എസ്.ആർ.ടി.സി സ്വിഫ്ടിന്
131പുത്തൻ സൂപ്പർഫാസ്റ്റ്
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സ്വിഫ്ടിനായി വാങ്ങിയ പുതിയ 131സൂപ്പർഫാസ്റ്റ് ബസുകൾ ഇന്ന് രാവിലെ 11.30ന് തൈയ്ക്കാട് പൊലീസ്ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്യും.
മന്ത്രി ആന്റണി രാജു അദ്ധ്യക്ഷനാകും. മന്ത്രി കെ.എൻ.ബാലഗോപാൽ നിർമ്മാണ കമ്പനിയിൽ നിന്ന് ബസുകൾ ഏറ്റുവാങ്ങും. ബസുകളുടെ താക്കോൽ ദാനം മന്ത്രി വി. ശിവൻകുട്ടി നിർവ്വഹിക്കും. മന്ത്രി ജി.ആർഅനിൽ ബസ് നിർമ്മാതാകൾക്കുള്ള ഉപഹാരം നൽകും.ബസുകളുടെ സർവീസ് നാളെ മുതൽ ആരംഭിക്കും.
സംസ്ഥാന സർക്കാരിന്റെ 2022-23വർഷത്തെ പ്ലാൻഫണ്ടിൽ ഫ്ളീറ്റ് നവീകരണത്തിനായി അനുവദിച്ച 50 കോടി രൂപ ഉപയോഗിച്ചാണ് ബസുകൾ വാങ്ങിയത്. ടെൻഡറിൽ പങ്കെടുത്ത മറ്റ് കമ്പനികളെക്കാൾ 1.35 ലക്ഷം രൂപ കുറച്ച് ക്വോട്ട് ചെയ്ത അശോക് ലൈലാൻഡിനാണ് ഓർഡർ നൽകിയത്. ബോഡിയോടു കൂടിയ ബസിനാണ് കരാർ. അശോക് ലൈലാൻഡ് ഷാസിയിൽ ബെംഗളൂരു ആസ്ഥാനമായ എസ്. എം കണ്ണപ്പ ഓട്ടോമൊബൈൽസ് (പ്രകാശ്) ആണ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ബസുകൾ നിർമ്മിച്ചത്. ഒരു ബസിന്റെ വില 38.17ലക്ഷം രൂപ. ഷാസിക്ക് 22.18 ലക്ഷം രൂപയും ബോഡി ബിൽഡിംഗ് ചെലവ് 15.98 ലക്ഷം രൂപയുമാണ്.കെ.എസ്.ആർ.ടി.സിയുടെ കാലപ്പഴക്കം ചെന്ന 131 സൂപ്പർഫാസ്റ്റുകൾക്ക് പകരമാണിത്..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |