
കണ്ണൂർ: ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് എക്സ് പ്രസിലെ തീവയ്പ്പുണ്ടായ ബോഗികൾ എൻ.ഐ.എ സംഘം പരിശോധിച്ചു. അതേസമയം, സംസ്ഥാനത്തുടനീളം ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും പൊലീസ് പരിശോധന കർശനമാക്കി. സംശയമുള്ളവരുടെ ലഗേജുകളും മറ്റും പരിശോധിക്കുന്നുണ്ട്.
എൻ.ഐ.എയുടെ കൊച്ചിയിൽ നിന്നും ബംഗളൂരുവിൽ നിന്നുമുള്ള രണ്ടംഗ സംഘമാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുന്ന ഡി-1, ഡി- 2 കോച്ചുകളിലെ തീപിടിച്ച സീറ്റുകളിലും ലഗേജ് കാരിയറുകളിലും പരിശോധന നടത്തിയത്.
ആർ.പി. എഫ് സതേൺ സോണൽ ഐ.ജി ടി. എം. ഈശ്വരറാവുവിന്റെ നേതൃത്വത്തിലുള്ള സംഘവും കോച്ചുകൾ പരിശോധിച്ചിരുന്നു. പ്രതിയെ കണ്ടെത്താൻ പൊലീസുമായി സഹകരിച്ചു ശ്രമം തുടരുകയാണെന്ന് ഈശ്വരറാവു പറഞ്ഞു. ട്രെയിനിൽ തീവയ്പ്പു നടന്ന എലത്തൂരിലെ റയിൽവേ ട്രാക്കും മൂന്നു പേർ മരിച്ച സ്ഥലവും അദ്ദേഹം സന്ദർശിച്ചു.
2ന് രാത്രിയുണ്ടായ സംഭവത്തിനു ശേഷം ഡി 1, ഡി 2 കോച്ചുകൾ കണ്ണൂർ സ്റ്റേഷന്റെ കിഴക്കെ കവാടത്തിലെ ഷണ്ടിംഗ് യാഡിലേക്ക് മാറ്റിയിരിക്കയാണ്. പൊലീസ് കാവലുമുണ്ട്. പൊലീസ് സീൽ ചെയ്ത ബോഗികൾ നടപടികൾ പൂർത്തിയാക്കിയശേഷം കൈമാറാൻ റെയിൽവേ ആവശ്യപ്പെട്ടിട്ടുണ്ട്.
തൊഴിലാളി കേന്ദ്രങ്ങളിൽ
പൊലീസ് തെരച്ചിൽ
പ്രതി കണ്ണൂരിൽ എത്താനുള്ള സാദ്ധ്യത കണക്കിലെടുത്ത് അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിലും ലോഡ്ജുകളിലും പൊലീസ് തെരച്ചിൽ നടത്തി. കോഴിക്കോട് നിന്നെത്തിയ ഫോറൻസിക് സംഘം ബോഗികളിൽ തിങ്കളാഴ്ച നടത്തിയ പരിശോധനയുടെ ഫലം വരാനിരിക്കുന്നേയുള്ളൂ.
കാമറയും സ്കാനറും
സ്ഥാപിക്കും: ഐ.ജി
കണ്ണൂർ: എലത്തൂർ അക്രമത്തിന്റെ പശ്ചാത്തലത്തിൽ റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും കൂടുതൽ കാമറകൾ സ്ഥാപിക്കാൻ ശ്രമിക്കുമെന്ന് ആർ.പി.എഫ് സതേൺ സോണൽ ഐ.ജി ടി.എം.ഈശ്വരറാവു പറഞ്ഞു.എല്ലാ സ്റ്റേഷനുകളിലും സ്കാനറുകൾ സ്ഥാപിക്കും. എല്ലാ കമ്പാർട്ട്മെന്റുകളിലും സി.സി.ടി.വി സ്ഥാപിക്കുന്നതിന് മുൻഗണന നൽകും.
പാലക്കാട് ഡിവിഷനിൽ ഇരുനൂറോളം ട്രെയിനുകളുണ്ട്. ജീവനക്കാർ കുറവായതിനാൽ എല്ലാ ട്രെയിനുകളിലും സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിന് ബുദ്ധിമുട്ടുണ്ട്.സാങ്കേതിക വിദ്യയിലൂടെ ഇതിന് പരിഹാരം കാണും.
ആർ.പി.എഫ് പാലക്കാട് ഡിവിഷൻ എസ്.പി എ.പി അനിൽകുമാർ, അസിസ്റ്റന്റ് സെക്യൂരിറ്റി കമ്മിഷണർ എം.ചെഞ്ചയ്യ, ഇൻസ്പെക്ടർ ബിനോയ് ആന്റണി, മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോർഡിനേഷൻ കമ്മറ്റി ചെയർമാൻ അഡ്വ. റഷീദ് കവ്വായി തുടങ്ങിയവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |