
തിരുവനന്തപുരം: രാഹുൽഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിനെതിരെ തുടർച്ചയായ പ്രക്ഷോഭം സംഘടിപ്പിക്കാൻ കെ.പി.സി.സി നിർവാഹകസമിതി തീരുമാനിച്ചു. ഈ മാസം 11ന് വയനാട്ടിലെത്തുന്ന രാഹുലിനെ വരവേൽക്കാൻ വൻറാലി സംഘടിപ്പിക്കും. വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ പ്രവർത്തകർ പങ്കെടുക്കും.
13ന് മണ്ഡലം തലത്തിൽ നിശാ മാർച്ച് നടത്തും. 10 മുതൽ പോഷകസംഘടനകളുടെയും സെല്ലുകളുടെയും നേതൃത്വത്തിൽ ജനങ്ങളുടെ സഹായത്തോടെ പ്രധാനമന്ത്രി മോദിക്കെതിരെ പോസ്റ്റ് കാർഡ് പ്രചരണം സംഘടിപ്പിക്കും.
ജയ്ഭാരത് സത്യഗ്രഹം
ഈ മാസം 10 മുതൽ 25 വരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ ജയ് ഭാരത് സത്യഗ്രഹം സംഘടിപ്പിക്കും. 26 മുതൽ മേയ് 10 വരെ ജില്ലാ ആസ്ഥാനത്ത് സമ്മേളനങ്ങൾ സംഘടിപ്പിക്കും.
മേയ് 11നും 25നുമിടയിൽ സംസ്ഥാനതല ജയ് ഭാരത് സത്യാഗ്രഹം കൊച്ചിയിൽ നടത്തും. എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പങ്കെടുത്തേക്കും.
വൈക്കം സത്യഗ്രഹ ശതാബ്ദി:
വൻ ജനപങ്കാളിത്തമെന്ന്
കെ.പി.സി.സിയുടെ വൈക്കം സത്യഗ്രഹ ശതാബ്ദിയാഘോഷത്തിന് സർക്കാർ പരിപാടിയിലേക്കാൾ ജനപങ്കാളിത്തമുണ്ടായെന്ന് നിർവാഹകസമിതി യോഗം വിലയിരുത്തി. ശതാബ്ദിയുടെ ഭാഗമായി ചരിത്ര കോൺഗ്രസ്, സെമിനാറുകൾ, എക്സിബിഷനുകൾ, ലഘുലേഖ വിതരണം തുടങ്ങി ഒരു വർഷത്തെ പരിപാടികളാണ് കെ.പി.സി.സിക്കുള്ളത്.
ഹാഥ് സേ ഹാഥ് ജോഡോ അഭിയാൻ
ഭാരത് ജോഡോ യാത്രയുടെ തുടർച്ചയായി ഹാഥ് സെ ഹാഥ് ജോഡോ അഭിയാന്റെ രണ്ടാംഘട്ടമായി മണ്ഡലം പദയാത്രകൾ നടത്തും. ഇതിന്റെ ലഘുലേഖകൾ ഡി.സി.സികളിലെത്തിച്ചു.
138 ചലഞ്ച് നീട്ടും
കെ.പി.സി.സിയുടെ ഫണ്ട് സമാഹരണ പദ്ധതിയായ 138 രൂപ ചലഞ്ച് ഒരു മാസത്തേക്ക് നീട്ടും. ചില ജില്ലകൾ ലക്ഷ്യം കൈവരിച്ചിട്ടില്ല.
സെക്രട്ടേറിയറ്റ് വളയൽ മാറ്റി
ഒരു മാസത്തെ സമരപരമ്പരകൾക്ക് എ.ഐ.സി.സി രൂപം നൽകിയ സാഹചര്യത്തിൽ മേയ് 4ലെ സെക്രട്ടേറിയറ്റ് വളയൽ മാറ്റി.
പുന:സംഘടന ആർക്കും വേണ്ടെങ്കിൽ
എനിക്കും വേണ്ട: കെ. സുധാകരൻ
■കെ.പി.സി.സി നിർവാഹക സമിതിയിൽ വൈകാരിക പ്രതികരണം
തിരുവനന്തപുരം: " പുന:സംഘടന നിങ്ങൾക്കാർക്കും വേണ്ടെങ്കിൽ എനിക്കും വേണ്ട. ദയവ് ചെയ്ത് പുന:സംഘടന പൂർത്തീകരിക്കാൻ നിങ്ങളെല്ലാവരും സഹകരിക്കണം. അല്ലാതെ
പാർലമെന്റ് തിരഞ്ഞെടുപ്പിലേക്ക് പോയിട്ട് കാര്യമില്ല. സി.പി.എമ്മും ബി.ജെ.പിയും തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ബൂത്ത്തല പ്രവർത്തനമാരംഭിച്ച് കഴിഞ്ഞു. നമ്മളിപ്പോഴും പുന:സംഘടനയ്ക്ക് പിന്നാലെയാണ്. "-
കെ.പി.സി.സി നിർവാഹക സമിതി യോഗത്തിൽ കൈകൂപ്പി വൈകാരികമായി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു.പുന:സംഘടന വൈകുന്നതിന് നേതൃത്വം മാത്രമല്ല കാരണം. പല ജില്ലകളും പട്ടിക നൽകിയിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചർച്ചയ്ക്കൊടുവിൽ, ജില്ലാതല പുന:സംഘടനാ ലിസ്റ്റ് മൂന്ന് ദിവസത്തിനകം ഡി.സി.സി പ്രസിഡന്റുമാരും ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറിമാരും ചേർന്ന് കെ.പി.സി.സിക്ക് നൽകാൻ തീരുമാനമായി.
പട്ടിക നൽകിയത്
4 ജില്ലകൾ മാത്രം
ഡി.സി.സി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും പുന:സംഘടന സംബന്ധിച്ച കരട് പട്ടിക ഇതിനകം കെ.പി.സി.സിക്ക് കൈമാറിയത് നാല് ജില്ലകൾ മാത്രമാണ്. ആലപ്പുഴ, തിരുവനന്തപുരം, കോഴിക്കോട്, കൊല്ലം ജില്ലകൾ.
ജില്ലകളിൽ നിന്ന് ലിസ്റ്റുകൾ ലഭിച്ചാൽ പത്ത് ദിവസത്തിനകം ചർച്ചകൾ പൂർത്തിയാക്കി കെ.പി.സി.സിക്ക് റിപ്പോർട്ട് നൽകാൻ സംസ്ഥാനതല ഉപസമിതിക്ക് നിർദ്ദേശം നൽകി. മണ്ഡലം, ബൂത്ത് കമ്മിറ്റികൾ വേഗത്തിൽ പുന:സംഘടിപ്പിക്കാൻ ഡി.സി.സി അദ്ധ്യക്ഷന്മാരെചുമതലപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |