
തൃശൂർ: പത്ത് മാസമായി സ്ഥിരം വി.സിയില്ലാത്തതിനെ തുടർന്ന് കലാമണ്ഡലത്തിൽ ഭരണകാര്യങ്ങൾ മുടന്തുന്നു. ശമ്പള പ്രതിസന്ധിയുൾപ്പെടെയുള്ള കാര്യങ്ങളിൽ സാംസ്‌കാരിക വകുപ്പിൽ വേണ്ടത്ര സമ്മർദ്ദം ചെലുത്താനോ പരിഹാരം കാണാനോ കഴിയുന്നില്ല. നിർവാഹകസമിതി യോഗം ചേരുന്നതും ചടങ്ങാകുന്നുവെന്നും ആക്ഷേപമുണ്ട്.
കാലടി സംസ്‌കൃത സർവകലാശാല വി.സി, ഡോ.എം.വി.നാരായണനാണ് ഇപ്പോൾ ചുമതല. നിർമ്മാണ പ്രവർത്തനമുൾപ്പെടെയുള്ള ഭരണപരമായ കാര്യങ്ങൾ തീരുമാനിക്കേണ്ടത് എക്‌സിക്യുട്ടീവ് കമ്മിറ്റിയാണ്. അടിയന്തര സാഹചര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള പ്രത്യേക യോഗം കൂടാതെ വർഷത്തിൽ നാല് എക്‌സിക്യുട്ടീവ് യോഗമെങ്കിലും ചേരണമെന്നുണ്ട്.
വിവിധ പദ്ധതികൾ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗീകരിക്കുകയും വേണം. ജനുവരി ഒമ്പതിലെ യോഗം മാറ്റിവച്ചതിനെ തുടർന്ന് 21ന് ചേർന്നെങ്കിലും കാര്യമായ ചർച്ചയോ തീരുമാനങ്ങളോ ഉണ്ടായില്ല. കാലടി സർവകലാശാലയുടെ ചുമതലയുമുള്ളതിനാൽ ഡോ.നാരായണന് സ്ഥിരമായി കലാമണ്ഡലത്തിലെത്താനാകില്ല. ചാൻസലറായി മല്ലിക സാരാഭായ് ചുമതലയേറ്റെങ്കിലും അവരുടെയും സ്ഥിരം സാന്നിദ്ധ്യമില്ലാത്തതിനാൽ സാംസ്‌കാരിക വകുപ്പുമായി നിരന്തര സമ്പർക്കം പുലർത്തി കാര്യങ്ങൾ നടത്തേണ്ടത് വി.സിയാണ്.
ഈ സ്ഥാനം ഇൻ ചാർജ്ജായി തുടരുന്നത് ഭരണ പ്രതിസന്ധിയുണ്ടാക്കുന്നുവെന്ന് കമ്മിറ്റിയംഗങ്ങൾ ആരോപിക്കുന്നു. സർക്കാർ ഗ്രാന്റ് കിട്ടുന്നതിൽ കാലതാമസമുണ്ടായപ്പോഴും കലാമണ്ഡലത്തിൽ നിന്ന് ശക്തമായ ഇടപെടലുണ്ടായില്ലെന്നും ഇവർ ആരോപിക്കുന്നു. കഴിഞ്ഞ ഒക്ടോബർ മുതലാണ് ശമ്പളം വൈകിയത്. ജനുവരിയിലേത് ഫെബ്രുവരിയിലേതിനൊപ്പം മാർച്ചിലാണ് നൽകിയത്.
കാലാവധിയിൽ തർക്കം
എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് സി.പി.എം നിർദ്ദേശിച്ച അംഗങ്ങളുടെ കാലാവധി സംബന്ധിച്ച് വി.സി ഇൻചാർജ്ജും ഭരണസമിതിയിലെ അംഗങ്ങളും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ട്. 2020 ജനുവരി ഏഴിനാണ് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ.വാസു, ഡോ.എൻ.ആർ.ഗ്രാമപ്രകാശ്, കലാമണ്ഡലം പ്രഭാകരൻ എന്നിവരെ നിയമിച്ചത്. ഇവരുടെ കാലാവധി നാല് വർഷമാണെന്ന് വ്യക്തമാക്കി ജനുവരി 25ന് സാംസ്‌കാരിക വകുപ്പ് ഉത്തരവിറക്കിയെങ്കിലും യു.ജി.സി മാനദണ്ഡപ്രകാരം മൂന്ന് വർഷമാണെന്ന നിലപാടാണ് ഡോ. നാരായണന്. അദ്ദേഹത്തിന് കലാമണ്ഡലത്തിന്റെ ചുമതല നൽകിയത് സർക്കാരാണെന്നിരിക്കെ എക്‌സിക്യുട്ടീവ് അംഗങ്ങളുടെ കാര്യത്തിൽ സർക്കാർ ഉത്തരവിന് വില കൽപ്പിക്കാത്തത് അനുചിതമാണെന്ന് എക്‌സിക്യുട്ടീവ് അംഗങ്ങളിൽ ചിലർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |