കൊല്ലങ്കോട്: അരി കൊമ്പനെ പറമ്പിക്കുളം വനമേഖലയിലേക്ക് മാറ്റാനുള്ള തീരുമാനത്തിൽ നിന്നും പിന്മാറണമെന്ന് മുതലമട പഞ്ചായത്ത് വൈസ് പ്രസിഡന്റ് താജുദ്ദീൻ. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ മാലിന്യം നിക്ഷേപിക്കുന്ന സ്ഥലമായും പുലി, ആന, കടുവ എന്നിവയെ പിടികൂടിയാൽ കൊണ്ടുവിടുന്നതും പറമ്പിക്കുളത്താണ്. മുതലമട പഞ്ചായത്ത് സംസ്ഥാനത്തിന്റെ വേയ്സ്റ്റ് ഇടാനും വന്യമൃഗങ്ങളെ സംരക്ഷിക്കാനുള്ളതുമല്ല.
ആദിവാസി വിഭാഗത്തിലെ 2500 ന് മേൽ ജനവിഭാഗം ഇവിടെ താമസിക്കുന്നുണ്ട്. വനവിഭവങ്ങൾ ശേഖരിച്ചു ഉപജീവന മാർഗ്ഗം നടത്തുന്നവരാണ് മിക്കവരും. ഇതിനകം കാട്ടാനയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക് പറ്റുകയും ചിലർ മരിക്കുകയും ചെയ്തിട്ടുണ്ട്. അടുത്ത കാലത്ത് റേഷൻ കട, പൊലീസ് സ്റ്റേഷൻ എന്നിവ കാട്ടാനയുടെ ആക്രമണത്തിനിടയായിട്ടുണ്ട്. വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസികളും കാട്ടാനയുടെ ആക്രമണത്തിനിരയായി. വിനോദ സഞ്ചാരത്തിനും ഭീഷണിയായി മാറുന്ന സാഹചര്യവും ജനവാസ മേഖലയിലേക്കും മലയോര കർഷകർക്കും ഭീഷണിയാകും. അരി കൊമ്പനെ പറമ്പിക്കുളത്തിലേക്ക് വേണ്ട എന്ന പ്രമേയം പാസാക്കാൻ അടുത്ത ദിവസം തന്നെ മുതലമട പഞ്ചായത്ത് ഭരണസമിതി വിളിച്ച് കുട്ടി പ്രമേയം പാസാക്കാനൊരുങ്ങുകയാണ് പഞ്ചായത്ത്.
ജനജീവിതത്തിന് ഭീഷണിയാകും
ജനജീവിതത്തിന് ഭീഷണിയായ ആക്രമണ സ്വഭാവമുള്ള അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരാനുള്ള
നീക്കത്തിൽ നിന്നും പിൻതിരിയണം. പറമ്പിക്കുളം കടുവാ സങ്കേതത്തോട് ചേർന്ന് പൂപ്പാറ, എർത്ത് ഡാം, അഞ്ചാം കോളനി, കടവ്, പി.എ.പി, കുരിയാർകുറ്റി, സുങ്കം, കച്ചിത്തോട്, തേക്കടി അല്ലിമൂപ്പൻ, മുപ്പതേക്കർ, ഒറവൻ പാടി, പെരിയചോല, വരടികുളം എന്നീ 13 ഊരുകളുണ്ട്.
ഊരുകളിലായി 650ഓളം കുടുംബങ്ങളും 2700ഓളം ജനങ്ങളുമുണ്ട്. ഇവരുടെ ജീവിതത്തിനു ഭീഷണിയാകുന്നതിനു പുറമെ പറമ്പിക്കുളം വിനോദസഞ്ചാരത്തെയും അരിക്കൊന്റെ സാനിധ്യം ദോഷകരമായി ബാധിക്കുമെന്നും സജേഷ് ചന്ദ്രൻ പറഞ്ഞു.സജേഷ് ചന്ദ്രൻ,കെ.പി.സി.സി.അംഗം
പറമ്പിക്കുളത്തിന് ആശങ്ക
അരികൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ട് വരാനുള്ള നീക്കം ഉപേക്ഷിക്കണം. ഇടുക്കി ചിന്നക്കനാൽ മേഖലയിൽ നിരവധി ജനജീവിത ദുരിതങ്ങൾക്ക് കാരണമായ അരികൊമ്പൻ പറമ്പിക്കുളത്തിന് ആശങ്കയാണ്. മുതലമട, കൊല്ലങ്കോട് തുടങ്ങി പഞ്ചായത്തിലെ കർഷകർക്കും പൊതുജനങ്ങൾക്കും ജീവനും സ്വത്തിനും ആപത്താണ്. പറമ്പിക്കുളം മേഖലയിൽ നിരവധി കോളനികളിലായി നൂറുക്കണക്കിന് വീടുകളും നിരവധി ആളുകളും വസിക്കുന്നുണ്ട്. ആയതിനാൽ ഈ നീക്കം പ്രതഷേധാർഹമാണ്. സർക്കാർ പിൻ തിരിഞ്ഞില്ലെങ്കിൽ ബി.ഡി.ജെ.എസ് നെന്മാറ മണ്ഡലം കമ്മിറ്റി വൻ പ്രതഷേധപരിപാടികൾ സംഘടിപ്പിക്കും.
എ.എൻ.അനുരാഗ്, ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ്
പ്രതിഷേധ സമരമാർഗങ്ങൾ സ്വീകരിക്കും
അരി കൊമ്പനെ പറമ്പിക്കുളത്തേക്ക് മറ്റണമെന്ന വിദ്ഗ്ദ്ധ സമിതിയുടെ ശുപാർശ ഹൈക്കോടതി ശരിവച്ച നടപടിയിൽ പ്രതിഷേധം അറിയിക്കുന്നു. ഇടുക്കിയിൽ അനുഭവിച്ച ബുദ്ധിമുട്ടുകൾ പറമ്പിക്കുളത്ത്ക്കാരും അനുഭവിക്കട്ടെയെന്ന് പറഞ്ഞ എം.എം.മണിയുടെ പ്രസ്താവനയിൽ പ്രതിഷേധം രേഖപ്പെടുത്തുന്നു. അരികൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റിയാൽ മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി എന്നീ പഞ്ചായത്തിലെ ജനങ്ങൾക്ക് ജീവനും സ്വത്തിനും ഭീഷണിയാകുവെന്നും അതിനാൽ അരികൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിൽ കർഷക മോർച്ച കൊല്ലങ്കോട് മണ്ഡലം കമ്മിറ്റി പ്രതിഷേധ സമരമാർഗങ്ങൾ സ്വീകരിക്കും.
പി.ഹരിദാസ് ചുവട്ടുപാടം, പ്രസിഡന്റ്, കിസാൻമോർച്ച കൊല്ലങ്കോട് മണ്ഡലം കമ്മിറ്റി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |