
പന്തളം: ഭക്തരുടെ മനംകുളിർപ്പിച്ചു കുരമ്പാല പുത്തൻകാവിൽ ഭഗവതി ക്ഷേത്രത്തിലെ അത്തക്കാഴ്ച. അത്തമഹോത്സവത്തിന്റെ ഭാഗമായുള്ള കെട്ടുകാഴ്ചയ്ക്ക് വ്യത്യസ്തമായ ദാരുശിൽപങ്ങളാണ് അണിനിരന്നത്. ക്ഷേത്രത്തിലെ കോലപ്രതിഷ്ഠാ ദിനമായ മീനമാസത്തിലെ അത്തം നാളിലാണ് മഹോത്സവം നടത്തുന്നത്.
തലയെടുപ്പോടെ ഭീമനും ഹനുമാനും അർജുനനും ഗണപതിയും വിസ്മയമായി. മേളക്കൊഴുപ്പിൽ ഒറ്റക്കാളയും ഇരട്ടക്കാളകളും അന്നവും കുതിരയും തേരും ഹംസവും വള്ളവും അടക്കം മുപ്പതിയഞ്ചിൽപ്പരം കെട്ടുരുപ്പടികളാണ് അത്തക്കാഴ്ചയ്ക്ക് അണിനിരന്നത്. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി നരസിംഹം കെട്ടുരുപ്പടിയും ഇത്തവണത്തെ പ്രത്യേകത ആയിരുന്നു. കെട്ടുകാഴ്ച ദർശിക്കാൻ ഇന്നലെ വൈകിട്ട് മൂന്നുമണി മുതൽ ക്ഷേത്രത്തിലേക്ക് ഭക്തർ എത്തി. രാത്രി 7 മണിയോടെ കുരമ്പാലക്കരയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വാദ്യമേളങ്ങളുടെയും നിശ്ചല ദൃശ്യങ്ങളുടെയും അകമ്പടിയോടെ കെട്ടുരുപ്പടികൾ ക്ഷേത്ര മൈതാനത്തിന്റെ, കിഴക്കും വടക്കും തെക്കുംഭാഗങ്ങളിലായി അണിനിരന്നു. തുടർന്ന് ദേവിയെ കെട്ടുരുപ്പടികളുടെ മുന്നിലേക്ക് എഴുന്നെള്ളിച്ചു. ദേവി അനുഗ്രഹം നൽകി മടങ്ങിയതോടെ ഉരുപ്പടികൾ ക്ഷേത്രത്തിന് ചുറ്റും തിരുമുറ്റത്ത് മൂന്നുതവണ പ്രദക്ഷിണം പൂർത്തിയാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |