സുൽത്താൻബത്തേരി: ഒരിഞ്ചുഭുമിക്കുവേണ്ടി രക്തബന്ധമുള്ളവർതന്നെ തമ്മിൽ കലഹിക്കുന്ന കാലത്താണ് ഭൂരഹിതരായ വീടില്ലാത്ത കുടുംബങ്ങൾക്ക് ഭൂമി സൗജന്യമായി നൽകാൻ വിരമിച്ച അദ്ധ്യാപകദമ്പതികൾ മുന്നോട്ടുവന്നത്. സുൽത്താൻബത്തേരി മൂലങ്കാവ് സ്വദേശികളായ അമൃത് ഇ പി ശിവദാസൻ, ഗ്രേസി എന്നിവരാണ് തങ്ങളുടെ അമ്പത്തിരണ്ടര സെന്റ് ഭൂമി 13 കുടുംബങ്ങൾക്ക് വീട് നിർമ്മിക്കാനായി സൗജന്യമായി നൽകിയത്. ഒരുകാലത്ത് അറിവ് പകർന്നുനൽകിയ ഈ അദ്ധ്യാപക ദമ്പതികൾ പാവപ്പെട്ടവരെ ചേർത്തുപിടിച്ച് സമൂഹത്തിനുമുന്നിൽ വീണ്ടും കലർപ്പില്ലാത്ത മാതൃക തീർക്കുകയാണ്.
തങ്ങളുടെ കൈവശമുള്ള അമ്പത്തിരണ്ടര സെന്റ് പുരയിട ഭൂമിയാണ് ഭൂ,ഭവനരഹിതരായ കുടുംബങ്ങളെ കണ്ടെത്തി രജിസ്റ്റർ ചെയ്തുനൽകിയത്. സുൽത്താൻബത്തേരി നഗരസഭയിലെ വടച്ചിറ പ്രദേശത്തുള്ള ഭൂമി അളന്നുതിരിച്ച് ഒരോ കുടുംബത്തിനും മൂന്ന് സെന്റ് ഭൂമിയും അതിലേക്ക് എത്തിച്ചേരാനുള്ള വഴിയുമടക്കമാണ് നൽകിയിരിക്കുന്നത്. കൂടാതെ ഇവിടെ സംസ്‌കാരിക നിലയം നിർമ്മിക്കുന്നതിനായി ആറ് സെന്റ് ഭൂമിയും മാറ്റിവെച്ചിട്ടുണ്ട്. ശ്രീ ശ്രീ രവിശങ്കറുടെ ആർട്ട് ഓഫ് ലിവിംഗ് അദ്ധ്യാപകർ കൂടിയായ ശിവദാസനും ഗ്രേസിയും കുടുംബങ്ങൾക്ക് നൽകിയ സ്ഥലത്തിന് ശ്രീ ശ്രീ കോളനി എന്നാണ് പേര് നൽകിയിരിക്കുന്നത്. നിരവധി ആളുകൾ വീടുവെയ്ക്കാൻ ഭൂമിയില്ലാതെ കഷ്ടപ്പെടുന്നത് കണ്ടപ്പോഴാണ് സോഷ്യൽമീഡിയ വഴി പ്രചരണം നടത്തി അനുയോജ്യമായ കുടുംബങ്ങളെ കണ്ടെത്തിയതെന്നും കിട്ടുമ്പോഴല്ല നൽകുമ്പോഴാണ് പൂർണമായ സന്തോഷമെന്നും ഇ പി ശിവദാസൻ പറഞ്ഞു.
ഭൂമി സൗജന്യമായി നൽകാനുണ്ടന്നും അർഹരായവർ ബന്ധപ്പെടണമെന്നും പറഞ്ഞാണ് യൂട്യൂബിലും ഫേസ്ബുക്കിലും ശിവദാസൻ വീഡിയോ ഇട്ടത്. തുടർന്ന് നൂറിലേറെ അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ നിന്ന് അർഹരായ കുടുംബങ്ങളെ കണ്ടെത്താൻ കമ്മിറ്റിവെച്ച് പരിശോധിച്ചാണ് ഏറ്റവും അർഹരായ പതിമൂന്ന് കുടംബങ്ങളെ കണ്ടെത്തിയത്. ജില്ലയ്ക്കകത്തും പുറത്തുനിന്നുള്ള കുടുംബങ്ങളും ഇതിൽപെടും.
കുടുംബങ്ങൾക്ക് നൽകിയ ഭൂമിയുടെ ആധാരം വടച്ചിറയിൽ സംഘടിപ്പിച്ച ചടങ്ങിൽനഗരസഭ ചെയർമാൻ ടി കെ രമേശ് കൈമാറി. വാർഡ് കൗൺസിൽ വൽസജോസ് അദ്ധ്യക്ഷയായി. നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ കെ റഷീദ്, സാലി പൗലോസ്, കൗൺസിലർമാരായ അസീസ് മാടാല, പി സംഷാദ്, സി കെ ഹാരിഫ്, പ്രിയവിനോദ്, രാധാബാബു, ജയകൃഷ്ണൻ, നിഷ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അഡ്വ. സതീഷ് പൂതിക്കാട്, പി ആർ ജയപ്രകാശ്, പ്രശാന്ത് മലയവയൽ, ഷബീർ അഹമ്മദ്, റിനുജോൺ, ആർട്ട് ഓഫ് ലിവിംഗ് പ്രവർത്തകർ, ബന്ധുക്കൾ, നാട്ടുകാരുൾപ്പടെ നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |