'ആടുജീവിതം' എന്ന ചിത്രത്തിന്റെ വീഡിയോ ചോർന്നതിന് പിന്നാലെ പ്രതികരണവുമായി സംവിധായകൻ ബ്ലസി. ഓൺലൈനിൽ ചോർന്ന വീഡിയോ ചിത്രത്തിന്റെ ട്രെയിലർ അല്ലെന്നും വേൾഡ് റിലീസിന് മുന്നോടിയായി ഇന്റർനാഷണൽ ഏജന്റുമാരെ കാണിക്കാൻ അയച്ചിരുന്നവയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഗ്രേഡിംഗ് ഉൾപ്പെടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കാനുള്ള ചില ദൃശ്യങ്ങളാണ് ചോർന്നതെന്നും ഇതിൽ അതിയായ ദുഃഖമുണ്ടെന്നും ബ്ലസി വ്യക്തമാക്കി.
ബെന്യാമിന്റെ പ്രശസ്‍ത നോവലിനെ അടിസ്ഥാനമാക്കിയാണ് 'ആടുജീവിതം' ബ്ലസി ഒരുക്കുന്നത്. 2023ല്‍ ബ്ലസിയുടെ ചിത്രം റിലീസ് ചെയ്യും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പൃഥ്വിരാജ് നായകനായ ചിത്രത്തിന്റെ മൂന്ന് മിനിട്ട് ദൈർഘ്യമുള്ള വീഡിയോ കഴിഞ്ഞ ദിവസം ചോര്‍ന്നത് ആശയക്കുഴപ്പത്തിലാക്കിയിരുന്നു. തുടര്‍ന്ന് പൃഥ്വിരാജ് തന്നെ തന്‍റെ പ്രൊഡക്ഷന്‍ കമ്പനി അക്കൗണ്ടിലൂടെ ട്രെയിലര്‍ പുറത്തുവിടുകയും ചെയ്‍തിരുന്നു.
മാജിക് ഫ്രെയിംസ് ആണ് സിനിമ വിതരണം ചെയ്യുന്നത്. പൃഥ്വിരാജിനൊപ്പം അമല പോളും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്, ഓസ്‌കാർ ജേതാക്കളായ എ.ആർ. റഹ്മാൻ സംഗീതവും റസൂൽ പൂക്കുട്ടി സൗണ്ട് ഡിസൈനിംഗും നിർവഹിക്കുന്നു, കെ.എസ്. സുനിലാണ് ഛായാഗ്രഹണം. പ്രശാന്ത് മാധവാണ് കലാസംവിധാനം. മേക്കപ്പ് രഞ്ജിത്ത് അമ്പാടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |