SignIn
Kerala Kaumudi Online
Friday, 26 April 2024 5.07 PM IST

അനിൽ ആന്റണിയുടെ മാനസാന്തരം

photo

അനിൽ കെ.ആന്റണി എന്ന ചെറുപ്പക്കാരൻ കോൺഗ്രസുമായുള്ള എല്ലാ ബന്ധവും വിച്ഛേദിച്ചു; ഭാരതീയ ജനതാപാർട്ടിയിൽ ഔപചാരികമായി അംഗത്വമെടുത്തു. സാങ്കേതികാർത്ഥത്തിൽ അതിൽ അസ്വാഭാവികമായി ഒന്നുമില്ല. അനിൽ കെ.ആന്റണി പ്രായപൂർത്തിയെത്തിയ ആളാണ്, തിരുവനന്തപുരം എൻജിനീയറിംഗ് കോളേജിൽ നിന്നു ബിരുദവും അമേരിക്കയിലെ സ്റ്റാൻഫഡ് സർവകലാശാലയിൽ നിന്നു ബിരുദാനന്തര ബിരുദവും നേടിയ ആളാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഐ.ടി മേഖലയിൽ സംരംഭകനാണ്. അദ്ദേഹത്തിന് ഏതു പാർട്ടിയിൽ പ്രവർത്തിക്കാനും ഒരു പാർട്ടിയിലും പ്രവർത്തിക്കാതിരിക്കാനും ഇന്ത്യൻ ഭരണഘടനയനുസരിച്ച് അവകാശമുണ്ട്, സ്വാതന്ത്ര്യവുമുണ്ട്. അതുകൊണ്ട് കോൺഗ്രസിൽ നിന്നു രാജിവച്ചതിലോ ബി.ജെ.പിയിൽ ചേർന്നതിലോ ഒരാൾക്കും കുറ്റപ്പെടുത്താൻ കഴിയില്ല. ഏതാനും വർഷങ്ങളായി കെ.പി.സി.സിയുടെ ഡിജിറ്റൽ മീഡിയ വിഭാഗം മേധാവിയായി പ്രവർത്തിച്ചിരുന്ന അനിൽ ആന്റണി കഴിഞ്ഞ ജനുവരിയിൽ അതെല്ലാം ഉപേക്ഷിച്ചു. ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ ഗുജറാത്ത് കലാപത്തെക്കുറിച്ച് ചെയ്ത വീഡിയോയെ രാഹുൽഗാന്ധി അടക്കം പ്രകീർത്തിക്കുകയും ബി.ബി.സിക്ക് ഇന്ത്യയിൽ വിലക്ക് ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടിയെ വിമർശിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു അനിലിന്റെ രാജി. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും വെല്ലുവിളി ഉയർത്തുന്ന സമീപനമാണ് കോൺഗ്രസ് നേതാക്കൾ കൈക്കൊണ്ടിട്ടുള്ളതെന്ന് അനിൽ ആന്റണി തുറന്നുപറഞ്ഞു. താൻ സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്നും ഇനിയങ്ങോട്ട് തൊഴിൽമേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കും എന്നുമാണ് അന്നു നല്കിയ സൂചന. അതേത്തുടർന്ന് അദ്ദേഹത്തിന് കോൺഗ്രസുകാരിൽ നിന്നും ഇടതുപക്ഷ സഹയാത്രികരിൽ നിന്നും വലിയ സൈബർ ആക്രമണം നേരിടേണ്ടിവന്നു. ഏതാനും ദിവസത്തെ നിശബ്ദതയ്ക്കു ശേഷം രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ചുകൊണ്ട് അനിൽ ആന്റണി വീണ്ടും രംഗത്തെത്തി. 2024ൽ കോൺഗ്രസിന്റെ സ്ഥാനം ചവറ്റുകൊട്ടയിലായിരിക്കും എന്നും പ്രവചിച്ചു. അപ്പോൾത്തന്നെ സംഭവങ്ങളുടെ ദിശ വ്യക്തമായിക്കഴിഞ്ഞിരുന്നു. പിന്നെ കെ.സുരേന്ദ്രനാലും വി.മുരളീധരനാലും അനുഗതനായി ഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്തുചെന്ന് അംഗത്വം വാങ്ങുന്ന ചടങ്ങേ ബാക്കിയുണ്ടായിരുന്നുള്ളൂ. ഏപ്രിൽ ആറാം തീയതി അതും പൂർത്തീകരിച്ചു. പീയൂഷ് ഗോയലാണ് അനിലിന് അംഗത്വം നല്കി ആദരിച്ചത്.

അനിൽ ആന്റണി വലിയ പ്രവർത്തനപാരമ്പര്യം ഉള്ളയാളല്ല, ജനപിന്തുണയും കഷ്ടിയാണ്. അദ്ദേഹത്തോടൊപ്പം പതിനായിരക്കണക്കിനു പ്രവർത്തകരൊന്നും പാർട്ടിവിട്ട് പാർട്ടി മാറിയിട്ടുമില്ല. സമീപകാലത്ത് നിരവധി നേതാക്കൾ കോൺഗ്രസ് വിട്ട് ബി.ജെ.പിയിലോട്ട് പോയിട്ടുണ്ട്. മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിജയ് ബഹുഗുണയും ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷയായിരുന്ന റീത്ത ബഹുഗുണ ജോഷിയും ഒന്നാന്തരം ഉദാഹരണങ്ങളാണ്. യു.പി രാഷ്ട്രീയത്തിൽ ഹെവിവെയിറ്റ് താരമായിരുന്ന എച്ച്.എൻ. ബഹുഗുണയുടെ മക്കളാണ് അവരിരുവരും. ജിതേന്ദ്രപ്രസാദയും

മകൻ ജിതിൻ പ്രസാദയും മാധവറാവു സിന്ധ്യയുടെ മകൻ ജ്യോതിരാദിത്യ സിന്ധ്യയും അതേപാത പിന്തുടർന്നവരാണ്. രാജേഷ് പൈലറ്റിന്റെ മകൻ സച്ചിൻ പൈലറ്റ് കോൺഗ്രസുമായി പിണങ്ങിപ്പിരിഞ്ഞ് ബി.ജെ.പിയുടെ പടിവാതിൽവരെ പോയി തിരിച്ചുവന്നയാളാണ്. ഇന്ദിരാഗാന്ധിയുടെ പൗത്രൻ വരുൺഗാന്ധി 2004ൽ ബി.ജെ.പിയിൽ അംഗത്വമെടുത്തതാണ്; 2009 മുതൽ പാർലമെന്റ് അംഗവുമാണ്. അങ്ങനെ നോക്കുമ്പോഴും അനിലിന്റെ ബി.ജെ.പി പ്രവേശത്തിൽ അസ്വാഭാവികതയൊന്നും കണ്ടെത്താൻ കഴിയില്ല. പക്ഷേ അനിലിന്റെ പ്രശ്‌നം, അദ്ദേഹം എ.കെ.ആന്റണിയുടെ മകനാണെന്നുള്ളതാണ്. ആന്റണി ദീർഘകാലം കെ.പി.സി.സി പ്രസിഡന്റും കേരള മുഖ്യമന്ത്രിയും കോൺഗ്രസ് പ്രവർത്തകസമിതി അംഗവും കേന്ദ്രമന്ത്രിയും ആയിരുന്നയാളാണ്. അതിലുപരി ആദർശ രാഷ്ട്രീയത്തിന്റെ അപ്പോസ്തലനാണ്. സത്യം വദ: ധർമ്മം ചര: എന്ന ആപ്തവാക്യത്തെ മുറുകെപ്പിടിച്ച അപൂർവത്തിൽ അത്യപൂർവ രാഷ്ട്രീയക്കാരനാണ്. സാക്ഷാൽ ധർമ്മപുത്രരുടെ പുനരവതാരമാണ്. തലയ്ക്കു ചുറ്റും പ്രഭാവലയമുള്ള നേതാവാണ്. കെ.കരുണാകരന്റെ മകൻ കെ.മുരളീധരൻ പാർട്ടി നേതൃത്വവുമായി പിണങ്ങി ഡി.ഐ.സി (കെ) രൂപീകരിച്ചതുപോലെയോ പിന്നീട് എൻ.സി.പിയിൽ ചേക്കേറിയതു പോലെയോ അല്ല ആദർശധീരനും അഴിമതിയുടെ കറ ഏശാത്തവനുമായ ആന്റണിയുടെ മകൻ അനിൽ ഭാരതീയ ജനതാപാർട്ടിയിൽ അംഗത്വമെടുക്കുന്നത്.

അത് അഹിംസാപാർട്ടി പ്രതിനിധീകരിക്കുന്ന ചിരന്തന മൂല്യങ്ങൾക്കേറ്റ പ്രഹരവും പാർട്ടിയുടെ ധാർമ്മിക അടിത്തറയിൽ സൃഷ്ടിച്ച വിള്ളലുമാണ്.

രാഹുൽഗാന്ധി കോൺഗ്രസ് നേതൃത്വം ഏറ്റെടുത്തതോടെ സോണിയ ഗാന്ധിയുടെ പാർശ്വവർത്തികളായിരുന്ന ഒരുവിഭാഗം നേതാക്കൾ അപ്രസക്തരായി എന്നതാണ് യാഥാർത്ഥ്യം. അക്കൂട്ടത്തിൽ അഹമ്മദ് പട്ടേലും ഗുലാംനബി ആസാദും ആനന്ദ് ശർമ്മയും എ.കെ.ആന്റണിയും മറ്റ് പലരും ഉൾപ്പെടുന്നു. അഹമ്മദ് പട്ടേൽ അന്തരിച്ചു. ആന്റണി ദില്ലിവാസം ഉപേക്ഷിച്ച് കേരളത്തിലേക്ക് മടങ്ങി, കപിൽ സിബൽ പാർട്ടിവിട്ടു, ആനന്ദ്ശർമ്മയും പി.ജെ.കുര്യനും ശശി തരൂരുമൊക്കെ വിമതന്മാരായി മാറി. ഗുലാംനബി ആസാദും അമരീന്ദർ സിംഗും പ്രദേശിക പാർട്ടികൾ രൂപീകരിച്ചു. ഡോ. ശശി തരൂർ പാർട്ടിക്കകത്ത് തിരുത്തൽശക്തിയായി നിലനില്ക്കുന്നു. പ്രൊഫ. കെ.വി.തോമസാണെങ്കിൽ മാർക്സിസ്റ്റ് മച്ചമ്പിയും ഡൽഹിയിൽ കേരള സർക്കാരിന്റെ സ്ഥാനപതിയുമായി പരിലസിക്കുന്നു. രാഹുൽഗാന്ധിക്കു ചുറ്റും പുതിയൊരു ഉപജാപകവൃന്ദം ഉടലെടുത്തിരിക്കുന്നു. അവരുടെ ഉപദേശത്തിനും ദുരുപദേശത്തിനും വിധേയമായിട്ടാണ് അദ്ദേഹത്തിന്റെ സകല പ്രവൃത്തികളും. ആന്റണിതന്നെ അപ്രസക്തനായ സാഹചര്യത്തിൽ അനിലിന് ദേശീയ രാഷ്ട്രീയത്തിലോ സംസ്ഥാന രാഷ്ട്രീയത്തിലോ ഇനി മേൽഗതി പ്രതീക്ഷിക്കാനാവില്ല. അതുകൊണ്ടാണ് രാഷ്ട്രത്തിന്റെ അഖണ്ഡതയും പരമാധികാരവുമൊക്കെ പെട്ടെന്ന് ചിന്താവിഷയമായിത്തീർന്നത്. രാഹുൽഗാന്ധിയെ വിമർശിക്കുകയാണ് ബി.ജെ.പിയിലേക്കുള്ള കുറുക്കുവഴി. ബി.ജെ.പിയാണെങ്കിൽ ക്രൈസ്തവരടക്കമുള്ള ന്യൂനപക്ഷങ്ങളെ ആകർഷിക്കാൻ വലവിരിക്കുകയും കുഴികുഴിക്കുകയും ചെയ്യുന്ന തത്രപ്പാടിലാണുതാനും. അങ്ങനെയാണ് ഏപ്രിൽ ആറാം തീയതി അനിൽ ആന്റണിയുടെ പാർട്ടിപ്രവേശം സംഭവിച്ചത്. പിതാവിന്റെ അറിവോടും സമ്മതത്തോടും കൂടിയാണ് പുത്രൻ പാർട്ടിവിട്ട് പാർട്ടിമാറിയതെന്ന് ചില കുബുദ്ധികളെങ്കിലും സംശയിക്കുന്നു. മുമ്പ് രണ്ടവസരങ്ങളിലും അനിലിനെ തിരുത്താൻ ആന്റണി തയ്യാറായില്ല എന്നും അവർ ചൂണ്ടിക്കാട്ടുന്നു. യൂദാസ് യേശുദേവനെ ഒറ്റുകൊടുത്ത പെസഹ വ്യാഴാഴ്ചയാണ് അനിൽ മറുകണ്ടം ചാടിയത് എന്നത് തീർത്തും യാദൃച്ഛികമാകാൻ ഇടയില്ല.
എ.കെ.ആന്റണി മകനെ തള്ളിപ്പറഞ്ഞെന്നും അനിലിനൊപ്പം സ്വന്തം നിഴലല്ലാതെ ആരും പാർട്ടി വിട്ടുപോയിട്ടില്ലെന്നും ആശ്വസിക്കാൻ ശ്രമിക്കുകയാണ് കോൺഗ്രസ് നേതൃത്വം. പ്രവർത്തനപരിചയമോ നേതൃത്വപാടവമോ ഇല്ലാത്ത ഈ ചെറുപ്പക്കാരൻ ബി.ജെ.പിക്ക് ഒരു ബാദ്ധ്യതയാകുമെന്നും അവർ കരുതുന്നു.

അനിൽ ആന്റണിയിൽ ഒരു രക്ഷകനെ കണ്ടെത്താൻ മാത്രം ബുദ്ധിശൂന്യരോ രാഷ്ട്രീയ നിരക്ഷരരോ അല്ല കേരളത്തിലെ ക്രൈസ്തവർ എന്നും അവർ വിശ്വസിക്കുന്നു. സത്യത്തിൽ അനിലിന്റെ കൂടുമാറ്റം കേരളത്തിൽ ബി.ജെ.പിക്കല്ല സി.പി.എമ്മിനാണ് കൂടുതൽ ഗുണകരമായിത്തീർന്നത്. കോൺഗ്രസുകാരെ വിശ്വസിക്കാൻ കൊള്ളില്ല; ന്യൂനപക്ഷങ്ങൾക്ക് ഏകരക്ഷ ഇടതുപക്ഷം മാത്രം എന്നു സ്ഥാപിക്കാൻ അവർ ഈ അവസരം തീർച്ചയായും ഉപയോഗപ്പെടുത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ANIL ANTONY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.