ശിവഗിരി: കഴിഞ്ഞ ദിവസം ശിവഗിരിയിലെത്തിയ ഡോ.എം.എ.സിദ്ദിഖിന് നിസ്കരിക്കാൻ വേദിയായത് പ്രധാന പ്രാർത്ഥനാലയമായ പർണ്ണശാല. എല്ലാദിവസവും പുലർച്ചെ 4.30ഓടെ ഇവിടെയാണ് ഹോമവും മറ്റ് വൈദിക ചടങ്ങുകളും നടക്കുന്നത്. ഗുരുദേവൻ രചിച്ച ഹോമമന്ത്റം ഉരുവിട്ടാണ് പൂജകളുടെ സമാരംഭം. ഹോമമന്ത്റത്തിന്റെ ശതാബ്ദിവർഷം കൂടിയാണിപ്പോൾ.
കേരള സർവകലാശാലാ മലയാളം വകുപ്പ് മേധാവിയാണ് സിദ്ദിഖ്. സർവകലാശാലയിലെ അന്തർദേശീയ ശ്രീനാരായണ പഠനകേന്ദ്രം ഡയറക്ടറായ സിദ്ദിഖ്, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുമായി ഒരു ഇന്റർവ്യുവിനെത്തിയതായിരുന്നു.
കൂടിക്കാഴ്ച നടക്കവേയാണ് നിസ്കാര സമയമായത്. അടുത്തുളള പള്ളിയെക്കുറിച്ച് ചോദിച്ചപ്പോൾ, ശിവഗിരിയിൽ നിസ്കരിക്കാമെന്നായി സ്വാമി. സിദ്ദിഖിനെയും കൂട്ടി പർണ്ണശാലയിലെത്തിയ സ്വാമി പുൽപായ വിരിച്ചുകൊടുത്തു.
പർണ്ണശാലയിൽ ഇരുന്ന് നിസ്കരിക്കാൻ അവസരം ലഭിച്ചതിൽ അതീവ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബാല്യംമുതലേ ശിവഗിരിമഠവുമായി ഏറെ അടുപ്പമുളളയാളാണ് സിദ്ദിഖ്. തീർത്ഥാടനത്തോടനുബന്ധിച്ച് നടന്ന കലാസാഹിത്യമത്സരത്തിൽ ഗുരുദേവകൃതി കാണാതെ ചൊല്ലി സമ്മാനം നേടിയിട്ടുണ്ട്.
100 വർഷങ്ങൾക്കു മുമ്പ് ശിവഗിരിയിൽ നിത്യസന്ദർശകനായിരുന്ന അബ്ദുൽഅസീസ് മൗലവിയെ ഏതാനുംദിവസം കാണാതായശേഷം നേരിൽ കണ്ട സന്ദർഭത്തിൽ ശിവഗിരിയിൽ സ്ഥിരതാമസമാക്കണമെന്നും നിസ്കരിക്കുവാനുളള സൗകര്യം ശിവഗിരിയിൽ ഒരുക്കിത്തരാമെന്നും ഗുരു അരുളിയ സംഭവം സിദ്ദിഖ് അനുസ്മരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |