തിരുവനന്തപുരം: സർക്കാരിന്റെ രണ്ടാം വാർഷികവുമായി ബന്ധപ്പെട്ട നൂറുദിന കർമ്മപദ്ധതിയിലുൾപ്പെടുത്തി 58.09 കോടി ചെലവിട്ട് 23 പദ്ധതികൾ നടപ്പാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രാദേശിക തലത്തിൽ നൈപുണ്യ വികസനവും പഠനത്തോടൊപ്പം ജോലി നൽകുന്ന 'കർമ്മചാരി പദ്ധതി"യും ഇതിൽ പ്രധാനപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു.
പ്രാദേശിക തലത്തിൽ നൈപുണ്യ വികസനം സാദ്ധ്യമാക്കുന്നതിന് പത്തനംതിട്ടയിലും തിരുവനന്തപുരത്തും 'കൗശൽ" കേന്ദ്രങ്ങൾ ആരംഭിക്കും. വിദ്യാർത്ഥികൾക്കിടയിൽ തൊഴിലിന്റെ മഹത്വവും മൂല്യവും വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്നാണ് പഠനത്തോടൊപ്പം ജോലി ലക്ഷ്യമിടുന്ന കർമ്മചാരി പദ്ധതി നടപ്പാക്കുക.
മറ്റ് പ്രഖ്യാപനങ്ങൾ
അന്യസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണത്തിനും ഏകോപനത്തിനും കോംപ്രിഹെൻസീവ് മാനേജ്‌മെന്റ് സിസ്റ്റം ഫോർ ഐ.എസ്.എം പദ്ധതി കൂടാതെ അതിഥി മൊബൈൽ ആപ്പ്
ചന്ദനത്തോപ്പ്, ഏറ്റുമാനൂർ, കൊയിലാണ്ടി ഐ.ടി.ഐകൾ ഉടൻ ഉദ്ഘാടനം ചെയ്യും
ഓൺലൈൻ ടാക്സിയുടെ (കേരള സവാരി) രണ്ടാം ഘട്ടം എറണാകുളം, തൃശൂർ ജില്ലകളിൽ നടപ്പാക്കും
ഐ.ടി പാർക്കുകൾ, കിൻഫ്ര, ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകൾ എന്നിവിടങ്ങളിലെ 25 - 50 പ്രായക്കാരായ ചുമട്ടുതൊഴിലാളികൾക്ക് ത്രിതല പരിശീലനം
ചുമട്ടുതൊഴിൽ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് തൊഴിൽ സേവ ആപ്പ് കൂടാതെ പ്രത്യേക യൂണിഫോം ഉൾപ്പെടെ നൽകി പുതിയ ചുമട്ടുതൊഴിലാളി സമൂഹത്തെ വാർത്തെടുക്കും
പ്രവാസികൾക്കായി വെർച്വൽ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച്
സ്വകാര്യമേഖലയിലെ ഉദ്യോഗാർത്ഥികൾക്ക് തൊഴിലവസരങ്ങൾ ഓൺലൈനായി റിപ്പോർട്ട് ചെയ്യാൻ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
നൂറുദിന പരിപാടിയിൽ 480 കോടിയുടെ പദ്ധതികൾ
ഹൈസ്കൂളിൽ 16,500 ലാപ്ടോപ്പുകൾ,
58 സ്കൂൾ കെട്ടിടങ്ങൾ ഉടൻ തുറക്കും
തിരുവനന്തപുരം :സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി മേയ് 20 വരെ നൂറ് ദിന കർമ്മപദ്ധതിയുലുൾപ്പെടുത്തി വിദ്യാഭ്യാസ വകുപ്പിൽ 480 കോടിയുടെ 35 പദ്ധതികൾ നടപ്പാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. ഹൈസ്കൂളുകളിലെ ഹൈടെക് ലാബുകൾക്ക് 16,500 ലാപ്ടോപ്പുകൾ കൂടി നൽകും. ഡിജിറ്റൽ സാക്ഷരതയ്ക്കായി ' ഇ മുറ്റം" പദ്ധതിയും ഭിന്നശേഷിക്കാർക്ക് കായിക മികവ് പ്രകടിപ്പിക്കാൻ പ്രത്യേക കായിക മേളയ്ക്കായി 'ഇൻക്ലുസിവ് സ്പോർട്സ് മാനുവലും" തയ്യാറാക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 58 ഹൈടെക് സ്കൂൾ കെട്ടിടങ്ങൾകൂടി ഉടൻ ഉദ്ഘാടനം ചെയ്യും. 16 എണ്ണം അടുത്തിടെ ഉദ്ഘാടനം ചെയ്തിരുന്നു.
മറ്റ് പദ്ധതികൾ
11 സ്കൂൾ കെട്ടിടങ്ങൾക്കും സ്കോൾ കേരള ആസ്ഥാന മന്ദിരത്തിന് തിരുവനന്തപുരത്തും കല്ലിടും
പ്രീ സ്കൂൾ വിദ്യാഭ്യാസ മികവിന് 328 സ്കൂളുകൾക്ക് ശിശുസൗഹൃദ ഫർണിച്ചർ, കളി ഉപകരണങ്ങൾ എന്നിവയ്ക്ക് ഓരോ ലക്ഷം വീതം
സർക്കാർ അംഗീകൃത പ്രീ പ്രൈമറികളിൽ ആക്ടിവിറ്റി ഏരിയ സജ്ജീകരിക്കുന്നതിന് 440 സ്കൂളുകൾക്ക് 10 ലക്ഷം വീതം
മൊബൈൽ ജേർണലിസം മാതൃകയിൽ കൈറ്റിന്റെ നേതൃത്വത്തിൽ എറണാകുളത്ത് സ്റ്റുഡിയോ
സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന പ്ലസ് വണ്ണിലെ 25 കുട്ടികളെ വീതം ജില്ലകളിൽ നിന്ന് കണ്ടെത്തി പരിശീലനം നൽകും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |