മുതലമട: ഇടുക്കി ചിന്നക്കനാലിലെ അക്രമകാരിയായ കാട്ടാന അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളം ഉൾവനത്തിലേക്ക് മാറ്റാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് മുതലമട പഞ്ചായത്തിൽ ഇന്നുരാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ സർവകക്ഷി ജനകീയ ഹർത്താൽ നടത്തും. ഹർത്താലിന് വ്യാപാരികളും കർഷകരും വിവിധ രാഷ്ട്രീയ പാർട്ടികളും പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ജനകീയ സമരം നടത്തി
അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിൽ പ്രതിഷേധിച്ച് നടന്ന ജനകീയ പ്രതിഷേധ സമരം കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ആർ.നാരായാണൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റുമാരായ ആർ.ചിന്നക്കുട്ടൻ, ലീലാമണി, പൂപ്പാറ ഊര് മൂപ്പൻ മല്ലിയപ്പൻ, സി.പി.എം ഏരിയ സെക്രട്ടറി കെ.പ്രസന്നൻ, ബി.ജെ.പി മണ്ഡലം കൺവീനർ എം.സുരേന്ദ്രൻ, ജനതാദൾ എസ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.മണികണ്ഠൻ, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.
നീക്കം തടയും
അരിക്കൊമ്പനെ പറമ്പികുളത്തേക്ക് മാറ്റുന്നത് അവിടുത്തെ ആദിവാസി വിഭാഗങ്ങൾക്കും മുതലമട, എലവഞ്ചേരി, അയിലൂർ, പല്ലശന, നെല്ലിയാമ്പതി പഞ്ചായത്തുകളിലെ കർഷകർക്കും വനാതിർത്തിയിൽ താമസിക്കുന്നവർക്കും ഭീഷണിയാണ്. ഈ നീക്കം ജനങ്ങൾക്ക് ദോഷകരമാകും.നിയമപരമായി സാദ്ധ്യതയുള്ള എല്ലാ വഴിയും ഉപയോഗിച്ച് അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നത് തടയും. ഇതിന് സർക്കാരിന്റെ ഭാഗത്ത് നിന്ന് എല്ലാ സാഹയവുമുണ്ടാവും.
-കെ.ബാബു എം.എൽ.എ.
അക്രമ സാദ്ധ്യത കൂടുതൽ
അരിക്കൊമ്പൻ ആക്രമണകാരിയാണ്. അതിനെ കൂട്ടത്തിൽ നിന്ന് പിരിച്ച് മറ്റൊരിടത്തേക്ക് മാറ്റുന്നത് കൂടുതൽ അപകടകരമാണ്. ഇത് പറമ്പിക്കുളം നിവാസികളോട് ചെയ്യുന്ന ഹീനമായ പ്രവൃത്തിയാണ്.
-എം.ആർ.നാരായണൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി.
സമരം നടത്തും
വിദഗ്ദ്ധ സമിതിയുടെ തെറ്റായ റിപ്പോർട്ട് മൂലമാണ് ഇത്തരമൊരു കോടതി വിധി. പറമ്പിക്കുളത്തെ ജനങ്ങളെ ദ്രോഹിക്കുന്ന നടപിടിയാണിത്. ഈ നീക്കത്തിൽ നിന്ന് ബന്ധപ്പെട്ടവർ പിന്തിരിയണം. അല്ലെങ്കിൽ വരും ദിവസങ്ങളിൽ സമരം ശക്തമാകും.
-എം.സുരേന്ദ്രൻ, ബി.ജെ.പി മണ്ഡലം കൺവീനർ.
പുനഃപരിശോധിക്കണം
ജീവനും സ്വത്തിനും ഭീഷണിയാകുന്ന തരത്തിലുള്ള ഒരു കോടതി നടപടിയും ജനങ്ങളുടെ നന്മയ്ക്കല്ല. ഇത് തിരിച്ചറിഞ്ഞ് വേണ്ട വിധം പുനഃപരിശോധനം നടത്തണം.
-ആർ.ചിന്നക്കുട്ടൻ, ബ്ലോക്ക് പ്രസിഡന്റ്.
തെറ്രിദ്ധാരണ നീക്കണം
വിദഗ്ദ്ധ സമിതി തെറ്റിദ്ധാരണ മൂലമാണ് കോടതിയിൽ ഇത്തരമൊരു റിപ്പോർട്ട് സമർപ്പിച്ചത്. ഇതിന് പിന്നിൽ മൂന്നാർ മേഖലയിലെ റിസോർട്ട് ലോബിയുണ്ടോയെന്നും സംശയമുണ്ട്. അതിനാൽ ഇക്കാര്യത്തിൽ ഒരന്വേഷണം വേണം.
-കെ.മണികണ്ഠൻ, ജനതാദൾ എസ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |