കണ്ണൂർ: ലോക സിനിമാരംഗത്ത് ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയത്തോടൊപ്പം കഥ ,തിരക്കഥ,സംഭാഷണം, സംവിധാനം എന്നിവ നിർവഹിച്ചതിന് ലിംക ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സിൽ ഇടം നേടിയ ബാലചന്ദ്രമേനോന്റെ ജീവിതവും സിനിമയും പുസ്തകമാകുന്നു. ഇതുവരെ പുറത്തിറങ്ങിയ 37 സിനിമകളെ കുറിച്ചുള്ള സമഗ്രമായ പഠനം ടി.പി.വേണുഗോപാലനാണ് എഴുതി പുസ്തകമാക്കുന്നത്. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന പുസ്തകം ബാലചന്ദ്രമേനോന്റെ പ്രിയ സിനിമയുടെ ശീർഷകമായ ഏപ്രിൽ 18 ദിനത്തിൽ പ്രകാശനം നടക്കും.
സാധാരണ ജനങ്ങൾക്കൊപ്പം നടക്കുകയും അവരുടെ കുതിപ്പും കിതപ്പും കണ്ടറിയുകയും പ്രമേയത്തിലും പരിചരണ രീതിയിലും അവരെ പരിഗണിക്കുകയും, അവരിൽ നിന്ന് ഊർജ്ജം നേടുകയും ചെയ്തതുവഴി മലയാള സിനിമയുടെ ആത്മസത്ത വീണ്ടെടുത്ത ചലച്ചിത്രകാരനോടുള്ള, ഒരു എളിയ ആസ്വാദകന്റെ സ്‌നേഹമാണ് 'ബാലചന്ദ്രമേനോൻ: കാണാത്ത കാഴ്ചകൾ, കേൾക്കാത്ത ശബ്ദങ്ങൾ' എന്ന ഈ പുസ്തകം. 18ന് വൈകിട്ട് 6 ന് തിരുവനന്തപുരം ഭാരത് ഭവനിൽ വച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കുന്നു.സിനിമ സാഹിത്യ മേഖലയിലെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കുന്നു. ചടങ്ങിനോടനുബന്ധിച്ച് ബാലചന്ദ്രമേനോന്റെ നേതൃത്വത്തിൽ വിവിധ ഗാനങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഗാനമേളയും ഉണ്ടായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |