കുന്ദമംഗലം : ജില്ലയിൽ ലക്ഷങ്ങളുടെ മയക്കുമരുന്ന് വേട്ട. 372 ഗ്രാം മാരക മയക്കു മരുന്നുമായി യുവാക്കൾ പിടിയിൽ. ബംഗളൂരിൽ നിന്നും കോഴിക്കോട്ടേക്ക് വലിയ തോതിൽ ലഹരി മരുന്ന് കടത്തി കൊണ്ടു വരുകയായിരുന്ന കോഴിക്കോട് പെരുമണ്ണ പാറമ്മൽ സലഹാസ് വീട്ടിൽ സഹദ്. കെ.പി (31 ), കൊടിയത്തൂർ കിളിക്കോട് തടായിൽ വീട്ടിൽ നസ്ലിം മുഹമ്മദ് (26) എന്നിവരെയാണ് സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള സംഘവും കുന്ദമംഗലം പൊലീസും ചേർന്ന് പിടികൂടിയത്. മയക്ക് മരുന്ന് കടത്താൻ ഉപയോഗിച്ച സ്വിഫ്റ്റ് കാറും പിടിച്ചെടുത്തു. കേരളത്തിൽ പിടികൂടുന്ന വൻ മയക്കു മരുന്നു വേട്ടയാണിത്. ബംഗളൂരിൽ നിന്നും ഇവർ കേരളത്തിലേക്ക് വൻ തോതിൽ മയക്ക് മരുന്ന് കടത്തുന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവരെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ബംഗളൂരിലെ രാജ്യാന്തര ബന്ധമുള്ള മൊത്ത കച്ചവടക്കാരിൽ നിന്നും വൻ തോതിൽ മയക്ക് മരുന്ന് വാങ്ങി കേരളത്തിൽ വിതരണം നടത്തുന്ന സംഘത്തിലെ പ്രധാനികളാണിവർ. ഇവരിൽ നിന്നും പിടിച്ചെടുത്ത എം.ഡി.എം.എ ക്ക് മാർക്കറ്റിൽ 20 ലക്ഷം രൂപ വരെ വിലയുണ്ട്.ഇവർ ജില്ലയിലേക്ക് ഇത്രയധികം മയക്കു മരുന്ന് കൊണ്ടു വന്ന ഉറവിടത്തെക്കുറിച്ചും സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവരെ പിടികൂടുമെന്നും തുടരന്വേഷണം നടത്തുമെന്നും മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മിഷണർ കെ. സുദർശൻ അറിയിച്ചു.മയക്കു മരുന്ന് പിടികൂടിയ സംഘത്തിൽ അസി.കമ്മീഷണർ കെ.സുദർശൻ,കുന്ദമംഗലം പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ അഷ്റഫ്,അബ്ദുറഹിമാൻ ഡാൻസാഫ് അംഗങ്ങളായ സബ്ബ് ഇൻസ്പെക്ടർ മനോജ് എടയേടത്ത്, അസിസ്റ്റൻ്റ് സബ്ബ് ഇൻസ്പെക്ടർ അബ്ദുറഹിമാൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ അഖിലേഷ്.കെ, സിവിൽ പൊലീസ് ഓഫീസർമാരായ ജിനേഷ് ചൂലൂർ, അർജുൻ അജിത്ത്, സുനോജ് കാരയിൽ എന്നിവർ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |