ന്യൂഡൽഹി: ഭർത്താവിന്റെ മാതാപിതാക്കളെ കാമുകന്റെയും സുഹൃത്തിന്റെയും സഹായത്തോടെ കൊല ചെയ്തതിന് പിന്നിലെ കാരണം മരുമകൾ മോണിക്കയുടെ വഴിവിട്ട ജീവിതം. തന്റെ കാമുകൻ ആശിഷുമായി നടത്തിയ സെക്സ് ചാറ്റ് കണ്ട് പിടിച്ചതും ഫോൺ പിടിച്ചു വാങ്ങിയതുമാണ് വൃദ്ധദമ്പതികളെ കൊല ചെയ്യാൻ കാരണമായതെന്ന് ചോദ്യം ചെയ്യലിൽ തെളിഞ്ഞു.
2020 ആഗസ്റ്റിൽ കൊവിഡ് കാലത്ത് പരിചയപ്പെട്ട ആശിഷുമായുള്ള അടുപ്പം ചാറ്റിലൂടെ ദൃഢമാകുകയായിരുന്നു. ഒടുവിൽ അത് സെക്സ് ചാറ്റുകളിലേക്ക് വഴിമാറുകയും 2021 വാലന്റൈൻസ് ദിനത്തിൽ ഇരുവരും ഒരു ഹോട്ടലിൽ ഒരുമിക്കുകയും ചെയ്തു. ഗാസിയാബാദിലെ ഹോട്ടലുകളിലെ കൂടിക്കാഴ്ചകൾ പതിവായതോടെ ആശിഷിന്റെ വീട്ടുകാർ വിവരം അറിഞ്ഞു. മോണിക്ക വിവാഹിതയാണെന്നും ഒരു കുട്ടിയുടെ മാതാവാണെന്നുമറിഞ്ഞ ആശിഷിന്റെ വീട്ടുകാർ ബന്ധത്തെ എതിർത്തു. ഇരുവരുടെയും സെക്സ് ചാറ്റുകൾ ഭർത്താവ് രവിയുടെ കണ്ണിലും പെട്ടതോടെ പ്രശ്നം രൂക്ഷമായി. ഇതേത്തുടർന്ന് മോണിക്കയെ ഭർത്താവിന്റെ മാതാപിതാക്കളായ രാധേ ശ്യാം വർമ, വീണ എന്നിവർ നിരീക്ഷിക്കാൻ തുടങ്ങി. ഇത് മോണിക്കയെ പ്രകോപിതയാക്കി.
വീട് മാറാനുള്ള തീരുമാനം
കൊല വേഗത്തിലാക്കി
ആശിഷ്- മോണിക്ക ബന്ധം ദൃഢമായതോടെ ഗോകുൽപുരിയിലെ വീട് വിറ്റ് ദ്വാരകയിലേക്ക് മാറാൻ മോണിക്കയുടെ ഭർത്താവിന്റെ മാതാപിതാക്കൾ തീരുമാനിച്ചു. ഇതോടെ ഇരുവരെയും കൊലപ്പെടുത്താൻ മോണിക്ക തീരുമാനിക്കുകയായിരുന്നു. 2022 ഡിസംബറിൽ കൊല ചെയ്യാനാണ് മോണിക്ക തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു. ഫെബ്രുവരിയിൽ ആശിഷും സുഹൃത്തും മോണിക്കയും കൂടിക്കാഴ്ച നടത്തുകയും കൊലപാതകം ആസൂത്രണം ചെയ്യുകയും ചെയ്തു.
ഞായറാഴ്ച രാത്രി ഏഴ് മണിയോടെ ആശിഷിനെയും സുഹൃത്തിനെയും വീടിന്റെ ടെറസിൽ ഒളിപ്പിച്ച മോണിക്ക രാത്രിയിൽ മാതാപിതാക്കളുടെ മുറയിൽ കയറാൻ സൗകര്യമൊരുക്കി. ഇരുവരും മാതാപിതാക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പുലർച്ചെ 2.12ന് കൃത്യം നടത്തിയെന്ന് മോണിക്കയെ ആശിഷ് ഫോണിലൂടെ അറിയിച്ചു. ഗോകുൽപുരിയിലെ വീട് വിൽക്കുന്നതിനായി ലഭിച്ച അഡ്വാൻസ് തുകയിൽ നിന്ന് നാല് ലക്ഷം രൂപയും കാണാതായി. കൃത്യം നടന്ന വീടിന്റെ സമീപത്തെ സിസിടിവി കാമറകളിൽ നിന്ന് ആശിഷിന്റെ ദൃശ്യങ്ങൾ ലഭിച്ചതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. മോണിക്ക ഉപയോഗിച്ചിരുന്ന രണ്ട് സിമ്മുകളിൽ ഒരെണ്ണത്തിൽ നിന്ന് ആശിഷിന്റെ ഫോണിലേക്ക് മാത്രം കാളുകൾ പോയതും കണ്ടെത്തി.
സംഭവത്തിൽ പശ്ചാത്താപമില്ലെന്ന് മോണിക്ക പൊലീസിനോട് പറഞ്ഞു.
ജയിലിലെന്ന പോലെയാണ് ഭർത്തൃ വീട്ടിൽ കഴിഞ്ഞതെന്നും ഓരോ നിമിഷവും ശ്വാസം മുട്ടുകയായിരുന്നെന്നും മോണിക്ക പറഞ്ഞു. 2016ലാണ് മോണിക്കയും രവിയും വിവാഹിതരാകുന്നത്. ഡൽഹി സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ മോണിക്ക വിവാഹം വരെ നോയിഡയിലെ കാൾ സെന്ററിൽ ജോലി ചെയ്യുകയായിരുന്നു. വിവാഹ ശേഷം ജോലി മതിയാക്കി. ആശിഷും സുഹൃത്തും ഒളിവിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |