നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി(സിയാൽ)യുടെ പഞ്ചനക്ഷത്ര ഹോട്ടൽ പദ്ധതിയിൽ താജ് ഗ്രൂപ്പും പങ്കാളിയാകും. താജ് സിയാൽ ഹോട്ടൽ അടുത്തവർഷം പാതിയോടെ പ്രവർത്തനം തുടങ്ങുമെന്നും സിയാൽ അധികൃതർ അറിയിച്ചു. ഹോട്ടൽ നടത്തിപ്പിനുള്ള കരാർ ദേശീയ ടെൻഡറിലൂടെ താജ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഹോട്ടൽ കമ്പനി ലിമിറ്റഡിന് (ഐ.എച്ച്.സി.എൽ) ലഭിച്ചു.
ഹോട്ടലിന്റെ അനുബന്ധ സൗകര്യവികസനത്തിനായി ഐ.എച്ച്.സി.എൽ 100 കോടി രൂപ നിക്ഷേപിക്കും. വിമാനത്താവള ടെർമിനലുകൾക്ക് തൊട്ടടുത്തായി പണികഴിപ്പിച്ചിട്ടുള്ള ഹോട്ടലിൽ 112 മുറികളുണ്ട്. സിവിൽ ജോലികൾ ഏറെക്കുറെ പൂർത്തിയായി. താജ് ബ്രാൻഡിന്റെ നിലവാരം ഉറപ്പുവരുത്തുന്നതുമായി ബന്ധപ്പെട്ട അനുബന്ധ ജോലികളാണ് ഇനിയുള്ളത്. കരാർ പ്രകാരമുള്ള വരുമാനഭാഗം ഐ.എച്ച്.സി.എൽ സിയാലിന് നൽകും.
വിമാനത്താവള പ്രവേശന കവാടത്തിന് എതിർവശം നാല് ഏക്കർ സ്ഥലത്താണ് ഹോട്ടൽ. 2.04 ലക്ഷം ചതുരശ്ര അടിയാണ് വിസ്തീർണം. റസ്റ്റോറന്റ്, സർവീസ് ബാർ എന്നിവയുമുണ്ട്. ഒരു വശത്ത് വിമാനത്താവളവും മറുവശത്ത് മലനിരകളും ദൃശ്യമാകുന്ന രീതിയിൽ ഇരുവശങ്ങളിലേക്കുമായാണ് ഹോട്ടൽ മുറികൾ രൂപകല്പന ചെയ്തിട്ടുള്ളത്. 440 ചതുരശ്ര മീറ്റർ പാർട്ടിഹാൾ, രണ്ട് ബോർഡ് റൂമുകൾ, ടെറസ് ഡൈനിംഗ് ഏരിയ എന്നിവയും ഹോട്ടലിന്റെ സവിശേഷതകളാണ്.
രാജ്യത്തെ ആദ്യത്തെ ചാർട്ടേഡ് ഗേറ്റ്‌വേയായി സിയാലിന്റെ ബിസിനസ് ജെറ്റ് ടെർമിനൽ 2022 ഡിസംബറിൽ തുടങ്ങിയിരുന്നു. 18ഹോൾ ഗോൾഫ് കോഴ്‌സ്, കൺവെൻഷൻ സെന്റർ എന്നിവയും സിയാലിനുണ്ട്.
അതിയായ സന്തേഷമെന്ന് എസ്. സുഹാസ്
ലോകത്തിലെ പ്രശസ്ത ഹോട്ടൽ ഓപ്പറേറ്ററുമായി സഹകരിക്കാനായതിൽ അതിയായ സന്തോഷമുണ്ടെന്ന് സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു. സിയാൽ താജ് സഹകരണം കേരളത്തിന്റെ വിനോദ സഞ്ചാരമേഖലയിൽ പുതിയ ഉണർവ് സൃഷ്ടിക്കും. വ്യോമയാന ഇതര വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള സിയാലിന്റെ പദ്ധതികളിൽ പ്രധാനപ്പെട്ടതാണ് ഹോട്ടൽ പദ്ധതി. ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ വലിയ വികസനത്തിന് ഒരുങ്ങുമ്പോൾ തന്നെ ടാറ്റയുടെ ഹോട്ടൽ ശൃംഖല സിയാലിൽ കണ്ണിയാകുന്നതോടെ വ്യോമയാനടൂറിസം മേഖലയിൽ വലിയ ചലനങ്ങൾ ഉണ്ടാക്കും.
ഏറ്റവും മികച്ച ഹോട്ടലായി മാറുമെന്ന് ഐ.എച്ച്.സി.എൽ
സിയാൽ പഞ്ചനക്ഷത്ര ഹോട്ടൽ കേരളത്തിലെ ഏറ്റവും മികച്ച ഹോട്ടലായി മാറുമെന്ന് ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ് വ്യക്തമാക്കി. പ്രവർത്തനത്തിലും നിർമാണത്തിലുമായി 20 ഓളം പദ്ധതികളാണ് താജിന് കേരളത്തിൽ നിലവിലുള്ളത്. സിയാലിലെ ഹോട്ടൽ പദ്ധതി കൊച്ചിയിലെ അഞ്ചാമത്തെ പ്രോജക്ടാണ്. മൂന്നാമത്തെ വലിയ പ്രോപ്പർട്ടിയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |