കൊച്ചി: കടുവയാണെങ്കിലും 'മംഗള' പാവമാണ്. മുയൽക്കുഞ്ഞിനെപ്പോലും കടന്നുപിടിക്കില്ല. കണ്ണിലെ കൃഷ്ണമണിപോലെ വനംവകുപ്പ് കാത്തുസൂക്ഷിച്ച മംഗളയ്ക്ക് വയസ് നാലായി. ആയുസിന്റെ പകുതിയോളമെത്തിയെന്നു പറയാം. എന്നിട്ടും സ്വതന്ത്രയായില്ല. പെരിയാർ കടുവാസങ്കേതത്തിലെ കൊക്കരക്കണ്ടം വനമേഖലയിൽ പ്രത്യേകം വേലികെട്ടിത്തിരിച്ച ഒന്നരയേക്കറാണ് മംഗളയുടെ സാമ്രാജ്യം. 10,000 ചതുരശ്ര അടി വിസ്തീർണത്തിൽ ഇരുമ്പുവല കൊണ്ടു പണിതതാണ് കൂട്.
2020 നവംബർ 21ന് മംഗളാദേവി ക്ഷേത്രപരിസരത്തുനിന്നാണ് രണ്ടുമാസം പ്രായമുള്ള കടുവക്കുട്ടിയെ വനംവകുപ്പിന് കിട്ടിയത്. പിൻകാലുകൾക്ക് സ്വാധീനമില്ലാത്ത നിലയിലായിരുന്നു. നിബിഡവനത്തിലെ കരടിക്കവല ഫോറസ്റ്റ് സ്റ്റേഷനോട് ചേർന്ന് കൂട്ടിൽ പാർപ്പിച്ച് ചികിത്സയും പരിചരണവും നൽകി.
കാലുകൾ ശരിയായാൽ കാട്ടിലേക്ക് വിടാനായി കാട്ടിൽത്തന്നെ കൂടൊരുക്കി. പരിചാരകർ മാത്രം അടുത്തിടപഴകി. 8 മാസംകൊണ്ട് കാലിന്റെ വൈകല്യം മാറി. 2021 ജൂലായ് 29ന് തുറന്നുവിട്ടു. ഇരതേടാൻ അറിയാത്തതുകൊണ്ട് തിരികെ കൊണ്ടുവന്നു. പിന്നീട് കൊക്കരക്കണ്ടത്തെ തുറന്ന കൂട്ടിലായി ജീവിതം.
ഇതിനിടെ കണ്ണുകൾക്ക് 90% കാഴ്ചവൈകല്യമുണ്ടെന്ന് കണ്ടെത്തി. അമേരിക്കയിൽ നിന്ന് 'ലാനോസ്റ്റെറോൾ' മരുന്ന് വരുത്തി ചികിത്സിച്ചു. കാഴ്ചവൈകല്യം പരിഹരിച്ചിട്ടും ഇരപിടിക്കാൻ അറിയില്ല. അതിനാൽ കാനനജീവിതം എളുപ്പമല്ല. പിന്നെന്തുചെയ്യും? മംഗളയുടെ ഭാവി നിശ്ചയിക്കാൻ ദേശീയ കടുവസംരക്ഷണ അതോറിട്ടിക്ക് കത്തയച്ച് കാത്തിരിക്കുകയാണ് വനം വകുപ്പ്.
കടുവയുടെ ശരാശരി ആയുസ്...... 12 വയസ്
മംഗളയുടെ പ്രായം............................. 4.5വയസ്
ഇരതേടാൻ പഠിക്കുന്നത് ?
വന്യതയിൽ വളരുന്ന കടുവക്കുഞ്ഞുങ്ങളെ അമ്മയാണ് ഇരതേടാൻ പഠിപ്പിക്കുന്നത്. മംഗളയുടെ കാര്യത്തിൽ ഇതുണ്ടായിട്ടില്ല. കേഴ, മുയൽ എന്നീ ചെറുജീവികളെ കൂട്ടിനുള്ളിൽ തുറന്നുവിട്ട് ഇരപിടിക്കാൻ പ്രേരിപ്പിച്ചെങ്കിലും വിജയിച്ചില്ല. ദിവസവും 5-6 കിലോ മാട്ടിറച്ചിയാണ് നിലവിലെ മുഖ്യാഹാരം.ശരീരപ്രകൃതിയും ഇപ്പോൾ കൂടുതലാണ്.
മംഗളാദേവിക്ക്
ഇന്ന് ഉത്സവം
പെരിയാർ കടുവാസങ്കേതത്തിലെ മംഗളാദേവി കണ്ണകി ക്ഷേത്രത്തിൽ ഇന്ന് ചിത്രാപൗർണമി ഉത്സവമാണ്. കുമളിയിൽ നിന്ന് 13കിലോമീറ്റർ അകലെ ഉൾവനത്തിലെ ക്ഷേത്രത്തിലേക്ക് ഉത്സവദിവസം മാത്രമാണ് പൊതുജനങ്ങൾക്ക് പ്രവേശനം. അതിപുരാതനമായ ഈ ശിലാക്ഷേത്രത്തെ ചൊല്ലി കേരളവും തമിഴ്നാടും തമ്മിൽ അവകാശത്തർക്കമുണ്ട്. അതിനാൽ, ഇരുസംസ്ഥാനങ്ങളും ചേർന്നാണ് ഉത്സവം നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |