തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വൻ ഇടിവ്. പവന് 1,320 രൂപ കുറഞ്ഞ് 71,040 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 165 രൂപ കുറഞ്ഞ് 8,880 രൂപയായി. കഴിഞ്ഞ രണ്ട് ദിവസവും സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വില 72,360 രൂപയായിരുന്നു. മേയ് എട്ടിനായിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയിരുന്നത്. അന്ന് ഒരു പവന് 73,040 രൂപയും ഗ്രാമിന് 9,130 രൂപയുമായിരുന്നു. ഇപ്പോഴുണ്ടായ ഇടിവ് സ്വർണം വാങ്ങാനായി കാത്തിരുന്നവർക്ക് ആശ്വാസമായിരിക്കുകയാണ്.
വരും ദിവസങ്ങളിലും ഓഹരി വിപണി കുതിക്കാനും സ്വർണവില കുറയാനുമാണ് സാദ്ധ്യത. ഡോളർ മൂല്യം കൂടിയത് ഇന്ന് സ്വർണവില കുറയാനുള്ള കാരണങ്ങളിലൊന്നാണ്. ഇന്ത്യൻ രൂപയുടെ മൂല്യം വർദ്ധിച്ചിട്ടുണ്ട്. രാജ്യാന്തര വിപണിയിൽ സ്വർണവില കുറയുന്നതായാണ് സൂചന. ചൈനയുമായുള്ള അമേരിക്കയുടെ ചർച്ച ഫലം കണ്ടാൽ ഇനിയും സ്വർണവില കുറയും. കേരളത്തിലെ വെളളിവിലയിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാം വെളളിക്ക് രണ്ട് രൂപയുടെ കുറവാണ് സംഭവിച്ചത്. ഇന്ന് ഒരു ഗ്രാം വെളളിയുടെ വില 109 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 109,000 രൂപയുമാണ്. ഇന്നലെ ഒരു ഗ്രാം വെളളിയുടെ വില 111 രൂപയായിരുന്നു.
ഇന്ന് ഒരു പവൻ സ്വർണം വാങ്ങാൻ കുറഞ്ഞത് 77,000 രൂപ വരെ ചെലവാകും. ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ കണക്കുനോക്കുമ്പോഴാണിത്. എന്നാൽ ഡിസൈൻ കൂടുതലുള്ള ആഭരണങ്ങൾക്ക് പണിക്കൂലി കൂടും. ജിഎസ്ടിയും വർദ്ധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |