ചെന്നൈ: കേരളത്തിൽ തിരുവനന്തപുരം-കണ്ണൂർ റൂട്ടിൽ ഓടുന്നതിനുള്ള വന്ദേഭാരത് എക്‌സ്‌പ്രസ് റാക്കുകൾ ദക്ഷിണ റെയിൽവെ അധികൃതർ ഏറ്റെടുത്ത് ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. 16 കാറുകളുള്ള രണ്ട് റേക്കുകളാണ് ചെന്നൈ വില്ലിവാക്കത്ത് വച്ച് ദക്ഷിണ റെയിൽവെ അധികൃതർക്ക് കൈമാറിയത്.ദക്ഷിണ റെയിൽവെ ജനറൽ മാനേജൻ ആർ.എൻ സിംഗ് പ്രത്യേക ട്രെയിനിൽ വ്യാഴം രാത്രി 9.30ഓടെ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.
പാലക്കാട് വഴിയാകും ട്രെയിൻ കേരളത്തിലേക്ക് എത്തുക.ഈ മാസം 22ന് ട്രയൽ റൺ നടത്താനാണ് തീരുമാനം. തിരുവനന്തപുരത്ത് നിന്നാകുമിത്. തിരുവനന്തപുരത്ത് നിന്നും കോട്ടയം വഴിയാണ് ട്രെയിൻ കണ്ണൂരേക്ക് സർവീസ് നടത്തുക. തിരുവനന്തപുരം, വർക്കല, കൊല്ലം, ചെങ്ങന്നൂർ,എറണാകുളം സൗത്ത്, എറണാകുളം നോർത്ത് എന്നിവിടങ്ങളിൽ അൽപനേരം നിർത്തിയിടും. ഏപ്രിൽ 25ന് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യുന്നതോടെ ദക്ഷിണ റെയിൽവെയുടെ മൂന്നാമത്തേതും ഇന്ത്യയിലെ 14ാമത്തേതുമായ വന്ദേഭാരത് എക്‌സ്‌പ്രസ് കേരളത്തിൽ ഓടിത്തുടങ്ങും.
പ്രത്യേകതകൾ
ഒരു ട്രെയിനിന് ചെലവ് 97 കോടി
പൂർണ്ണമായും ശീതീകരിച്ച കോച്ചുകൾ
ഓട്ടോമാറ്റിക് ഡോറുകൾ,സ്‌റ്റെപ്പുകൾ
കോച്ചുകളിൽ വൈഫൈ, ജി.പി.എസ്
ബയോ വാക്വം ടോയ്‌ലെറ്റ്
200 കൊടുംവളവുകൾ
റെയിൽപ്പാതയിലെ കൊടും വളവുകളാണ് അതിവേഗ ട്രെയിനുകൾക്ക് കേരളത്തിൽ തടസ്സം. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള 560 കിലോമീറ്ററിൽ 620 വളവുകളുണ്ട്. ഇതിൽ ഇരുന്നൂറോളം കൊടുംവളവുകൾ നിവർത്താനുള്ള സാദ്ധ്യതാപഠനം എങ്ങുമെത്തിയില്ല. നിലവിലെ പാളങ്ങളിൽ 60 മുതൽ 80 കിലോമീറ്റർ വരെയാണ് വേഗത.
വളവുകൾ 0.85 ഡിഗ്രിയിൽ കൂടാൻ പാടില്ല. വളവുകൾ നിവർത്തുന്നതിനു പകരം നിലവിലെ ഇരട്ട റെയിൽപ്പാതകൾക്ക് സമാന്തരമായി വളവുകളില്ലാത്ത പുതിയ പാതയിലൂടെ 180 കിലോമീറ്റർ വരെ വേഗതയിൽ സർവീസ് നടത്താൻ കഴിയുമെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ.
ടിക്കറ്റ് നിരക്ക് ഉയരും
തിരുവനന്തപുരത്തുനിന്ന് കണ്ണൂർ വരെ ഏകദേശം 1345 രൂപ ചെയർ കാറിനും ,2238 രൂപ എക്സിക്യൂട്ടീവ് കോച്ചിനും ടിക്കറ്റ് ചാർജ് വന്നേക്കും. 320 രൂപ കാറ്ററിംഗ് ചാർജ് ഉൾപ്പെടെയാണിത്. എറണാകുളം വരെ 605,1144 രൂപ, കോഴിക്കോട് വരെ 1130, 2138 രൂപ നിരക്ക് വന്നേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |