തിരുവനന്തപുരം: മലയാള സിനിമയിലെ ആദ്യകാല നടനായ വി.ടി.ജോസഫ് (90) അന്തരിച്ചു. കണ്ണമൂല കോയിക്കൽ ലൈനിൽ വെള്ളിക്കുന്നേൽ ഹൗസിൽ ശനിയാഴ്ച പുലർച്ചെ മൂന്നരയോടെയായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അനാരോഗ്യം കാരണം വീട്ടിൽ വിശ്രമത്തിലായിരുന്നു. ഇന്ന് രാവിലെ 10ന് വീട്ടിൽ പൊതുദർശനം. സംസ്‌കാരം വൈകീട്ട് 3.30ന് പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ നടക്കും.
കോട്ടയം ഈരാറ്റുപേട്ട സ്വദേശിയായ ജോസഫ് 15 വർഷത്തിലേറെയായി തിരുവനന്തപുരത്താണ് താമസിച്ചിരുന്നത്. പ്രേംനസീർ നിത്യഹരിതനായകനായി മാറുന്നതിന് മുമ്പ് അനിൽകുമാർ എന്ന പേരിലായിരുന്നു ജോസഫ് സിനിമകളിൽ അഭിനയിച്ചിരുന്നത്. കെ.വി.കോശി നിർമ്മിച്ച 'പുത്രധർമ്മ'ത്തിലെ നായകനായിട്ടാണ് ചലച്ചിത്ര രംഗത്തേക്കുള്ള പ്രവേശനം. ചിത്രം പരാജയപ്പെട്ടത് നിരാശനാക്കിയെങ്കിലും ചില ചിത്രങ്ങളിൽ കൂടി പിന്നീട് അഭിനയിച്ചു. പി.കെ.സത്യപാൽ 'നിർമ്മിച്ച മിന്നുന്നതെല്ലാം പൊന്നല്ല' എന്ന ചിത്രത്തിൽ സത്യനൊപ്പവും അഭിനയിച്ചു. കുമാരി തങ്കവും ശാന്തിയുമാണ് അതിൽ അനിൽകുമാറിനൊപ്പം അഭിനയിച്ച നായികമാർ. പിന്നീട് സിനിമാരംഗത്ത് നിന്ന് മെല്ലെ പിൻവാങ്ങിയ അദ്ദേഹം പ്ളന്റേഷൻ രംഗത്ത് സജീവമായിരുന്നു. ഭാര്യ: സരള ജോസഫ്. മക്കൾ: ജൂലി ജോയ്, ബിജു ജോസഫ്, ചിത്രാ ജോസഫ്. മരുമക്കൾ: വർഗീസ് കെ.ജെ, മോണിക്ക ജോസഫ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |