യുവേഫ ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ ക്വാർട്ടർ ഫൈനലുകൾ ഇന്ന്
ലണ്ടൻ : യുവേഫ ചാമ്പ്യൻസ് ലീഗിന്റെ രണ്ടാം പാദ ക്വാർട്ടർ ഫൈനലുകൾ ഇന്നും നാളെയുമായി നടക്കും. ഇന്ന് ഇംഗ്ളീഷ് ക്ളബ് ചെൽസി സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിനെ നേരിടുമ്പോൾ ഇറ്റാലിയൻ ക്ളബുകളായ നാപ്പോളിയും എ.സി മിലാനും കൊമ്പുകോർക്കും. നാളെ ബയേൺ മ്യൂണിക്ക് മാഞ്ചസ്റ്റർ സിറ്റിയെയും ഇന്റർ മിലാൻ ബെൻഫിക്കയെയും നേരിടും.
സ്വന്തം തട്ടകത്തിൽ നടന്ന ആദ്യ പാദത്തിൽ എതിരില്ലാത്ത രണ്ടുഗോളുകൾക്ക് ജയിച്ചതിന്റെ ആത്മവിശ്വാസവുമായാണ് റയൽ ഇന്ന് ചെൽസിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോഡ് ബ്രിഡ്ജിലെത്തുന്നത്. മികച്ച ഫോമിലുള്ള കരിം ബെൻസേ, വിനീഷ്യസ് ജൂനിയർ, അസൻഷ്യോ തുടങ്ങിയവരാണ് റയലിന്റെ കുന്തമുനകൾ. മാർച്ച് 11ന് ശേഷം ഒരു കളിപോലും ജയിക്കാൻ കഴിയാത്തതിന്റെ സങ്കടത്തിലാണ് ചെൽസി.കഴിഞ്ഞ ആറുമത്സരങ്ങളിൽ നാലു തോൽവികളും രണ്ട് സമനിലകളുമായി തകർന്നിരിക്കുകയാണ് അവർ. മുൻതാരം ഫ്രാങ്ക് ലംപാഡ് കോച്ചായി തിരിച്ചെത്തിയിട്ടും ചെൽസിക്ക് വിജയവഴി കണ്ടെത്താനായിട്ടില്ല.
കഴിഞ്ഞ വാരം നടന്ന ആദ്യ പാദ മത്സരത്തിൽ എ.സി മിലാൻ നാപ്പോളിയെ 1-0ത്തിന് തോൽപ്പിച്ചിരുന്നു. ഇന്ന് നാപ്പോളിയുടെ തട്ടകത്തിലാണ് രണ്ടാം പാദ മത്സരം നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |