തായ്‌പെയ് സിറ്റി : റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡിലുമൊക്കെ നായകളും പൂച്ചകളും പതിവ് കാഴ്ചയാണ്. ഇവരെയൊന്നും യാത്രക്കാർ അങ്ങനെ മൈൻഡ് ചെയ്യാറില്ല. ചിലർ ഇവയ്ക്ക് ഭക്ഷണം ഒക്കെ നൽകും. ചിലരാകട്ടെ ദൂരേക്ക് ഓടിക്കും.
മനുഷ്യരെ കൂസാതെ അവിടെയും ഇവിടെയും യഥേഷ്ടം കറങ്ങിത്തിരിയുന്ന നായകളും പൂച്ചകളും കുറവല്ല. പക്ഷേ, തായ്‌വാനിലെ ഒരു മെട്രോ സ്റ്റേഷനിൽ അല്പം ഗൗരവമിട്ട് ഇരിക്കുന്ന മികാൻ എന്ന് പേരുള്ള ഒരു പൂച്ച സാറിനെ കണ്ടാൽ മൈൻഡ് ചെയ്യാതെ പോകരുത്. കാരണം ഈ സ്റ്റേഷനിലെ ' സ്റ്റേഷൻ മാസ്റ്റർ " ആണ് ഈ പൂച്ച സാർ. !
കയോസിയംഗിലെ മെട്രോപൊളിറ്റൻ മേഖലയിൽ വ്യാപിച്ച് കിടക്കുന്ന 37 സ്റ്റേഷനുകളോട് കൂടിയ ഒരു മെട്രോ നെറ്റ്‌വർക്കാണ് കയോസിയംഗ് മാസ് റാപിഡ് ട്രാൻസിറ്റ്. ഇക്കഴിഞ്ഞ ഏപ്രിൽ 4ന് ഇവർ തങ്ങളുടെ 15ാം വാർഷികം ആഘോഷിച്ചിരുന്നു. അന്ന് തന്നെയായിരുന്നു തായ്‌വാനിൽ ശിശുദിനവും. ഈ അവസരത്തിൽ മേഖലയിൽ സെലിബ്രിറ്റി പരിവേഷത്തോടെ കറങ്ങിത്തരിഞ്ഞിരുന്ന മികാൻ എന്ന ഈ ജിഞ്ചർ ക്യാറ്റിനെ സ്റ്റേഷൻ മാസ്റ്റർ പദവി നൽകി ആദരിക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.
വർഷങ്ങളായി മെട്രോ പരിസരത്താണ് മികാന്റെ ജീവിതം. റെയിൽ ഉദ്യോഗസ്ഥർക്കും യാത്രക്കാർക്കുമൊക്കെ മികാനെ നന്നായി അറിയാം. അടുത്തിടെ സോഷ്യൽ മീഡിയയിലൂടെ മികാൻ വൈറലായിരുന്നു. ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ 59,000ത്തിലേറെ ഫോളോവേഴ്സൊക്കെ ഉണ്ട്.
സ്റ്റേഷൻ മാസ്റ്റർ മികാന്റെ ഔദ്യോഗിക ജീവിതം വിവരിക്കുന്ന ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. ഷിയാവോറ്റൗ സുഗർ റിഫൈനറി മെട്രോ സ്റ്റേഷനിലാണ് മികാൻ എപ്പോഴും ഉണ്ടാവുക. സെലിബ്രിറ്റി ആയതോടെ മികാൻ ബാഗുകൾ അടക്കമുള്ള ബ്രാൻഡുകളുടെ പ്രമോഷനുകളിലും പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടുണ്ട്.
ഇതാദ്യമായല്ല ഒരു ട്രെയിൻ സ്റ്റേഷനിൽ പൂച്ചയ്ക്ക് ജോലി ലഭിക്കുന്നത്. 2021ൽ ഇംഗ്ലണ്ടിലെ ഒരു റെയിൽവേ സ്റ്റേഷനിൽ ആറ് വയസുള്ള ഒരു പൂച്ചയ്ക്ക് സ്റ്റേഷന്റെ ഔദ്യോഗിക ചീഫ് മൗസ് കാച്ചർ എന്ന പദവി നൽകി ആദരിച്ചിരുന്നു. മുമ്പ് ജപ്പാനിലെ വാകയാമ പ്രവിശ്യയിലെ റെയിൽവേ സ്റ്റേഷനിലും ഒരു പൂച്ചയ്ക്ക് സ്റ്റേഷൻ മാസ്റ്റർ പദവി നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |