തിരുവനന്തപുരം: ജാർഖണ്ഡിൽ വാഹനമിടിച്ച് മലയാളി സി.ഐ.എസ്.എഫ് ജവാൻ മരിച്ചു. പേരൂർക്കട കുടപ്പനക്കുന്ന് അമ്പഴംകോട് (എൻ.എൻ.ആർ.എ 56എ) മയൂരത്തിൽ എം.അരവിന്ദാണ് (35, കണ്ണൻ) തിങ്കളാഴ്ച രാത്രിയോടെ നടന്ന അപകടത്തിൽ മരണപ്പെട്ടത്. ജാർഖണ്ഡ് പത്രാതു സി.ഐ.എസ്.എഫ് യൂണിറ്റിലെ ജവാനാണ്. അരവിന്ദിനൊപ്പമുണ്ടായിരുന്ന ഹരിയാന സ്വദേശിയായ ജവാൻ ധർമ്മപാലും മരിച്ചു.
മാർക്കറ്റിൽ പോയി മടങ്ങും വഴി അമിതവേഗത്തിലെത്തിയ കാർ ഇരുവരെയും ഇടിക്കുകയായിരുന്നു. രക്തം വാർന്ന നിലയിൽ റോഡിൽ കിടന്ന ഇരുവരെയും അര മണിക്കൂറോളം കഴിഞ്ഞ് പൊലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടിച്ച വാഹനത്തെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ജാർഖണ്ഡ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് പുലർച്ചെയോടെ തിരുവനന്തപുരത്തെത്തിക്കും.
വിമാനത്താവളത്തിൽ നിന്നും മൃതദേഹം വിലാപയാത്രയായി കുടപ്പനക്കുന്നിലെ വീട്ടിലെത്തിക്കും. രാവിലെ ആറ് മുതൽ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. 7.15ന് വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. ഹൗസിംഗ് ബോർഡിൽ നിന്നും വിരമിച്ച പരേതനായ മധുസൂദനനാണ് പിതാവ്. മാതാവ്: അനിതകുമാരി. ആനന്ദ് സഹോദരനാണ്. ഭാര്യ: ആതിര. മകൻ: ആരവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |