തിരുവനന്തപുരം:വിവാഹിതർ ഭാരവാഹികളായി തുടരേണ്ടെന്ന കെ.പി.സി.സി നിലപാടിനെ തുടർന്ന്,
കെ.എസ്.യു സംസ്ഥാന ഉപാദ്ധ്യക്ഷന്മാരായ വിശാഖ് പത്തിയൂരും അനന്തനാരായണനും എൻ.എസ്.യു നേതൃത്വത്തിന് രാജിക്കത്ത് നൽകി. നിലവിലെ ഭാരവാഹിപ്പട്ടികയിൽ വിവാഹിതരായ ഏഴു പേരും, പ്രായപരിധി പിന്നിട്ട അഞ്ചു പേരുമാണുള്ളത്. ശേഷിച്ചവരുടെ രാജിയും ഉണ്ടാകുമെന്നാണ് വിവരം.യോഗ്യതാ മാനദണ്ഡം മറികടന്നാണ് സ്ഥാനം നൽകിയതെന്ന ആരോപണമുള്ള സാഹചര്യത്തിൽ, കടിച്ചുതൂങ്ങി നിൽക്കാനില്ലെന്ന് വിശാഖ് പത്തിയൂർ കേരളകൗമുദിയോട് പറഞ്ഞു.
കെ.എസ്.യു പുനഃസംഘടനയിൽ കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ കടുത്ത അതൃപ്‌തിയിലാണ്. താൻ ഉൾപ്പെടെയുള്ളവർ നൽകിയ പേരുകൾ വെട്ടിയ ശേഷം പ്രഖ്യാപിച്ച പട്ടിക അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് അദ്ദേഹം. വി.ടി.ബൽറാം, രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കളുടെ പിന്തുണയും സുധാകരനുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയും,മാനദണ്ഡങ്ങൾ ലംഘിച്ച് തയ്യാറാക്കിയ പട്ടിക അംഗീകരിക്കേണ്ടയെന്ന നിലപാടാണെടുത്തത്. വിവാഹിതരെയും പ്രായപരിധി പിന്നിട്ടവരെയും ഭാരവാഹിത്വത്തിൽ നിന്നൊഴിവാക്കണമെന്ന് യോഗം ധാരണയിലെത്തി. അനർഹരുടെ പേര് വിവരം സഹിതം എ.ഐ.സി.സി നേതൃത്വത്തിനും എൻ.എസ്.യുവിനും കെ.പി.സി.സി കൈമാറിയതായാണ് വിവരം.എന്നാൽ,സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പട്ടികയിൽ മാറ്റം വരുത്തേണ്ടെന്ന നിലപാടിലാണ്
ഒഴിവാക്കേണ്ടവരിൽ
ട്രാൻസ്ജെൻഡറും
കെ.എസ്.യുവിന്റെ ചരിത്രത്തിൽ ആദ്യമായി ട്രാൻസ്ജെൻഡർ വിഭാഗത്തിൽനിന്ന് ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അരുണിമ സുൾഫിക്കറും ഒഴിവാക്കേണ്ടവരുടെ പട്ടികയിലുണ്ട്. സംഘടനാ തിരഞ്ഞെടുപ്പിന് പകരം നാമനിർദ്ദേശത്തിലൂടെ ഭാരവാഹികളെ തിരഞ്ഞെടുക്കുമ്പോൾ ജംബോ കമ്മിറ്റികൾ പാടില്ലെന്ന കെ.പി.സി.സി നിർദ്ദേശം അട്ടിമറിച്ചാണ് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചത്. 25 ശതമാനം വനിതകൾക്ക് അവസരം നൽകുമെന്ന പ്രഖ്യാപനവും വാഗ്ദാനത്തിലൊതുങ്ങി.
വിവാഹിതരെയും പ്രായപരിധി പിന്നിട്ടവരെയും ഒഴിവാക്കി
കെ.എസ്.യു സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്ന് നിരവധി പരാതികൾ ലഭിച്ച സാഹചര്യത്തിൽ പുതുതായി നിയമിതരായ വൈസ് പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, കൺവീനർമാർ, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരിൽ വിവാഹിതരെയും പ്രായപരിധി പിന്നിട്ടവരെയും എൻ.എസ്.യു.ഐ നേതൃത്വം ഒഴിവാക്കിയതായി കെ.എസ്.യു.വിന്റെ ചുമതലയുള്ള ശൗര്യവീർസിംഗ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |