SignIn
Kerala Kaumudi Online
Sunday, 11 May 2025 1.08 PM IST

പ്രധാനമന്ത്രിക്ക് തുറന്ന കത്ത്,​ 'ചിലരോടൊപ്പം, ചിലരുടെ വികസനം'

Increase Font Size Decrease Font Size Print Page

modi

കേരളത്തിൽ മുസ്ലിം, ക്രിസ്ത്യൻ വീടുകളിൽ ബി.ജെ.പി പ്രവർത്തകരുടെ സന്ദർശനമെന്ന അപൂർവ സാഹചര്യത്തിലാണല്ലോ ബഹുമാന്യനായ പ്രധാനമന്ത്രിയുടെ സന്ദർശനം. ഒടുവിൽ കേട്ടത് മുസ്ലിം വീടുകളിലെ സന്ദർശനം ഒഴിവാക്കിയെന്നാണ്. എന്തുകൊണ്ടാണ് മുസ്ലിങ്ങളെ മൈത്രീസന്ദർശനത്തിൽനിന്ന് ഒഴിവാക്കിയതെന്ന് അങ്ങ് വിശദീകരിക്കുമെന്നു പ്രതീക്ഷിക്കുന്നു.

മുസ്ലിങ്ങളോട് അങ്ങയുടെ സർക്കാരും പാർട്ടിയും ചെയ്ത കൊടുംക്രൂരതകൾ കാരണം അവരെ അഭിമുഖീകരിക്കാനുള്ള ബുദ്ധിമുട്ടാണോ കാരണം? എൻ.ആർ.സി നടപ്പാക്കൽ, കാശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ, ഗുജറാത്ത് കലാപം, അയോദ്ധ്യയിൽ രാമക്ഷേത്രനിർമാണം, ഏകീകൃത സിവിൽനിയമം, ആൾക്കൂട്ട കൊലപാതകങ്ങൾ, വർഗീയ കലാപങ്ങൾ തുടങ്ങിയ പൊള്ളുന്ന വിഷയങ്ങളിൽ നീതി ഉറപ്പാക്കി ക്ഷമചോദിച്ച് ഇനി ആവർത്തിക്കില്ലെന്ന ഉറപ്പ് നല്കിയാൽ അങ്ങയുടെ സന്ദർശനം ചരിത്രമായിരിക്കും.

ലോക്‌സഭയിലെയും രാജ്യസഭയിലേയും 400 ഓളം ബി.ജെ.പി എം.പിമാരിൽ ഒരൊറ്റ മുസ്ലിം പോലും ഇല്ലെന്നത് അങ്ങയെ അലോസരപ്പടുത്തുന്നില്ലേ? ബി.ജെ.പി ഭരിക്കുന്ന ഒന്നരഡസനോളം സംസ്ഥാനങ്ങളിലും ഇതല്ലേ അവസ്ഥ? പ്രവാചകനെ അപമാനിച്ച ബി.ജെ.പി വക്താക്കൾക്കെതിരെ ലോകവ്യാപക പ്രതിഷേധമുയർന്നെങ്കിലും അങ്ങ് നിശ്ശബ്‌ദനായിരുന്നല്ലോ.

വിചാരധാര

നടപ്പാക്കൽ

കേരളനേതാക്കൾ ക്രൈസ്തവരെ ശത്രുക്കളായി കാണുന്ന വിചാരധാരയിലെ ചിന്താധാരകളൊക്കെ തെറ്റാണെന്ന് പറയുന്നുണ്ട്. കേരളത്തിനു പുറത്ത് വിചാരധാരയിലെ വാക്കും വരികളും അച്ചട്ടായി നടപ്പാക്കുകയാണ്. സംഘപരിവാരങ്ങളുടെ ക്രൈസ്തവ പീഡനത്തിനെതിരെ 93 റിട്ട. ഉന്നതോദ്യോഗസ്ഥരെഴുതിയ കത്ത് അങ്ങ് തുറന്നുനോക്കിയില്ലല്ലോ. ക്രൈസ്തവസംഘടനകളുടെ നേതൃത്വത്തിൽ ഡൽഹിയിൽനടന്ന പ്രതിഷേധത്തിൽ 500 ദേവാലയങ്ങൾ ആക്രമിക്കപ്പെട്ടെന്നു ചൂണ്ടിക്കാട്ടിയിരുന്നു. അക്രമങ്ങൾ നിറുത്താൻ ഇടപെടണമെന്നാവശ്യപ്പെട്ട് ബംഗളൂരു ആർച്ച് ബിഷപ്പ് റവ. ഡോ. പീറ്റർ മച്ചാഡോ സുപ്രീംകോടതിയിൽ നല്കിയ ഹർജിയിൽ എട്ട് സംസ്ഥാനങ്ങളോട് വിശദീകരണം തേടിയിരിക്കുകയാണ്.

മദർ തെരേസയുടെ ഭാരതരത്നം തിരിച്ചെടുക്കണമെന്നും,​ കർണാടകയിലെ ബി.ജെ.പി മന്ത്രി മുനിരത്ന ക്രിസ്ത്യാനികളെ എവിടെക്കണ്ടാലും തല്ലണമെന്നും ആവശ്യപ്പെടുന്നു. ഓസ്‌ട്രേലിയൻ മിഷനറി ഗ്രഹാം സ്‌റ്റെയിനെയും പിഞ്ചുമക്കളെയും ചുട്ടുകൊന്നതിലും അധഃസ്ഥിതർക്കിടയിൽ പ്രവർത്തിച്ച ഫാ. സ്റ്റാൻസ്വാമിയെ 84ാം വയസിൽ യു.എ.പി.എ അടക്കം ചുമത്തി ജയിലിലടച്ച് കൊന്നതിലും ഖേദപ്രകടനമുണ്ടായില്ല.

റബർവിലയും

തൊഴിലും

റബറിന് 300 രൂപ തരുമെന്നാണ് പ്രചാരണം. കോട്ടയത്തുനടന്ന റബർ കർഷക സമ്മേളനത്തിൽ പങ്കെടുക്കുകപോലും ചെയ്യാതെ കേന്ദ്രമന്ത്രി കർഷകരെ വഞ്ചിച്ചു. അവരുടെ പ്രതീക്ഷയാണ് അങ്ങയുടെ വരവ്. യുവം പരിപാടിയിൽ പങ്കെടുക്കുമ്പോൾ രാജ്യത്തേറ്റവും കൂടുതൽ അഭ്യസ്തവിദ്യ തൊഴിൽരഹിതരുള്ള സംസ്ഥാനമാണിതെന്ന് മറക്കരുത്.

ലക്ഷക്കണക്കിനു യുവാക്കൾ അങ്ങയുടെ ആത്മസുഹൃത്ത് മുഖ്യമന്ത്രി പിണറായി വിജയൻ കാരണം സംസ്ഥാനം വിട്ടോടുമ്പോൾ യുവാക്കൾ അങ്ങയിൽ പ്രതീക്ഷിക്കട്ടെ. ഒൻപതുവർഷം മുൻപ് വാഗ്ദാനം ചെയ്ത എയിംസ് പ്രഖ്യാപിക്കുമെന്ന സ്വപ്നവും ഞങ്ങൾക്കുണ്ട്.

9.79 ലക്ഷം കേന്ദ്രതൊഴിലുകൾ നികത്തപ്പെടാതെയുണ്ട്. അഗ്നിവീർമൂലം സേനയിൽ സ്ഥിരനിയമനങ്ങളില്ല. നിരവധി പൊതുമേഖലാ സ്ഥാപനങ്ങൾ ചുളുവിലയ്ക്ക് സ്വകാര്യമേഖലയ്ക്ക് കൈമാറി തൊഴിലവസരങ്ങളില്ലാതാക്കി. 2019ൽ മാത്രം ബി.എസ്.എൻ.എൽ 1.15 ലക്ഷം പേരെ പിരിച്ചുവിട്ടു. യു.പി.എ സർക്കാരിന്റേത് തൊഴിൽപ്രദാനം ചെയ്യുന്ന നയങ്ങളായിരുന്നെന്ന് ഓർക്കുക.

പിണറായിയെ

തൊടില്ല

കേന്ദ്രഏജൻസികളുടെ കൈയിലുള്ള സ്വർണക്കടത്ത്,​ ലൈഫ് മിഷൻ കേസ് തുടങ്ങിയവ ഒച്ചുവേഗത്തിലായത് അങ്ങയുടെ നിർദേശത്താലാണെന്ന് സംസാരമുണ്ട്. കേന്ദ്രഏജൻസികൾ അടുത്തകാലത്തെടുത്ത 95 ശതമാനം കേസുകളും പ്രതിപക്ഷ നേതാക്കൾക്കെതിരെയായിരുന്നല്ലോ. ബി.ജെ.പിയിൽ ചേർന്നവർക്ക് സംരക്ഷണമുണ്ട്.

സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുൾപ്പെടെ പ്രതിപക്ഷ നേതാക്കളെ കേന്ദ്രഏജൻസികൾ വേട്ടയാടി. ഒരു ദശാബ്ദത്തിനിടയിൽ 569 കേസുകളെടുത്തെങ്കിലും ഒൻപതിൽ മാത്രമാണ് ശിക്ഷയുണ്ടായത്. കേന്ദ്ര ഏജൻസികളെ രാഷ്ട്രീയലാഭത്തിന് ദുരുപയോഗിക്കുന്നതിന്റെ തെളിവാണിത്.

പുൽവാമയിൽ 40 ജവാന്മാരുടെ വീരമൃത്യുവിനിടയാക്കിയത് കേന്ദ്രസർക്കാരിന്റെ ഗുരുതരവീഴ്ചയാണെന്ന് വെളിപ്പെടുത്തിയ മുൻ ഗവർണർ സത്യപാൽ മാലിക്കിന് സി.ബി.ഐ നോട്ടീസ് നല്കി. അരവിന്ദ് കേജ്‌രിവാൾ ഉൾപ്പെടെയുള്ള മുഖ്യമന്ത്രിമാരെ കേന്ദ്രഏജൻസികൾ കൈകാര്യം ചെയ്യുമ്പോൾ ലൈഫ് മിഷൻ ,സ്വർണക്കടത്ത് കേസുകളിൽ മുഖ്യപ്രതിയാകേണ്ടയാളെ കണ്ടില്ലെന്നു നടിക്കുന്നു. പകരം ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് മുഖ്യപ്രതിയാവേണ്ട കൊടകര കുഴൽപ്പണക്കേസ് ഒത്തുതീർപ്പാക്കി.

എല്ലാവരോടുമൊപ്പം എല്ലാവർക്കും വികസനം' എന്ന അങ്ങയുടെ മുദ്രാവാക്യം 'ചിലരോടൊപ്പം, ചിലരുടെ വികസനം' എന്നാണെന്ന് ഓർമ്മിപ്പിക്കുന്നു.

TAGS: SUDHAKARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.