പത്തനംതിട്ട : സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി കോന്നി ഗവ.മെഡിക്കൽ കോളേജിലെ അക്കാദമിക്ക് ബ്ലോക്കിന്റെ ഉദ്ഘാടനം ഇന്ന് 10ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ആന്റോ ആന്റണി എം.പി, എം.എൽ.എമാരായ കെ.യു.ജനീഷ് കുമാർ, മാത്യു ടി.തോമസ്, പ്രമോദ് നാരായണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ്, അഡിഷണൽ ചീഫ് സെക്രട്ടറി ആശാതോമസ്, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ ഡോ.തോമസ് മാത്യു, ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ എന്നിവർ പങ്കെടുക്കും.
കോന്നി മെഡിക്കൽ കോളേജിൽ നാല് നിലകളിലായി 1,65,000 സ്‌ക്വയർ ഫീറ്റ് വിസ്തീർണത്തിലാണ് അക്കാദമിക്ക് ബ്ലോക്ക് നിർമ്മിച്ചിരിക്കുന്നത്.
ആശുപത്രി കെട്ടിടത്തിനു സമീപമായി തന്നെ എല്ലാ ആധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുള്ള മനോഹരമായ അക്കാദമിക്ക് ബ്ലോക്ക് മന്ദിരം വിദ്യാർഥികൾക്കും അദ്ധ്യാപകർക്കും ഒരു പോലെ പഠന ഗവേഷണ പ്രവർത്തനങ്ങൾക്ക് സഹായകമാകും.
അക്കാദമിക് ബ്ലോക്കിൽ
അനാട്ടമി, ഫിസിയോളജി, ഫാർമക്കോളജി, ബയോ കെമിസ്ട്രി, പതോളജി ഡിപ്പാർട്ടുമെന്റുകൾ, പ്രിൻസിപ്പലിന്റെ ഓഫീസും എന്നിവ അക്കാദമിക്ക് ബ്ലോക്കിൽ ഉണ്ടാകും.
ലക്ചർ ഹാളുകൾ
മൂന്ന് ലക്ചർ ഹാളുകളിൽ രണ്ടെണ്ണത്തിൽ 150 കുട്ടികൾക്ക് വീതവും, ഒന്നിൽ 200 കുട്ടികൾക്കും ഇരിക്കാൻ സൗകര്യമുണ്ടാകും.
40 കോടി രൂപ
40 കോടി രൂപ ചെലവഴിച്ചാണ് 4 നിലകളുള്ള അക്കാദമിക് ബ്ലോക്ക് നിർമ്മിച്ചിരിക്കുന്നത്. 50 വിദ്യാർത്ഥികളെ മാത്രം പ്രവേശിപ്പിക്കാനുള്ള അക്കാഡമിക് ബ്ലോക്കാണ് തുടക്കസമയത്ത് വിഭാവനം ചെയ്തിരുന്നതെങ്കിലും 100 എം.ബി.ബി.എസ് വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിയാണ് നാഷണൽ മെഡിക്കൽ കമ്മിഷന്റെ അനുമതി ലഭ്യമാക്കിയത്. കൃത്യമായ പ്രവർത്തനങ്ങളിലൂടെ രണ്ടാം വർഷ കോഴ്‌സിനും അനുമതി ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |