SignIn
Kerala Kaumudi Online
Wednesday, 01 May 2024 12.24 PM IST

എട്ട് വയസുകാരിയുടെ ജീവനെടുത്തത് മൂന്ന് വർഷം മുമ്പ് വാങ്ങിയ ഫോൺ; ശ്രദ്ധിച്ചില്ലെങ്കിൽ കെയ്സ് പോലും മരണത്തിന് കാരണമായേക്കാം, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ

adhithyasree

തൃശൂർ: മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ച സംഭവത്തിൽ വിദഗ്ധ പരിശോധന നടത്തും. മൂന്ന് വർഷം മുമ്പ് കുട്ടിയുടെ അച്ഛന്റെ സഹോദരൻ പാലക്കാട് നിന്ന് വാങ്ങി നൽകിയ ഫോണാണ് പൊട്ടിത്തെറിച്ചത്. കഴിഞ്ഞ വർഷം ഇതേ കടയിൽ നിന്ന് തന്നെ ബാറ്ററി മാറ്റിയിരുന്നു.

ഏറെ നേരം വീഡിയോ കണ്ടതിനാൽ ഫോൺ ചൂടായി പൊട്ടിത്തെറിച്ചതാകാമെന്നാണ് പൊലീസിന്റെ നിഗമനം. ഫോറൻസിക് പരിശോധനയ്ക്ക് ശേഷമേ മറ്റ് വിവരങ്ങൾ വ്യക്തമാകൂ. തിരുവില്വാമലയിൽ ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവമുണ്ടായത്. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം പട്ടിപ്പറമ്പ് കുന്നത്ത് വീട്ടിൽ അശോക് കുമാറിന്റെയും സൗമ്യയുടെയും മകൾ ആദിത്യശ്രീ ആണ് മരിച്ചത്. അപകടം നടക്കുന്ന സമയത്ത് കുട്ടിയും മുത്തശിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭക്ഷണമെടുക്കാനായി മുത്തശി അടുക്കളയിലേയ്ക്ക് പോയപ്പോഴായിരുന്നു അപകടം. കുട്ടിയുടെ വലത് കൈവിരലുകൾ അറ്റുപോകുകയും കൈപ്പത്തി തകരുകയും ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

അറിയേണ്ട പ്രധാനകാര്യങ്ങൾ

ചാർജ് ചെയ്യുന്നതിനിടെ ഉപയോഗിക്കരുത്

  • ഫോൺ ചാർജ് ചെയ്യുന്നതിനിടെ സംസാരിക്കുകയോ മറ്റെന്തെങ്കിലും രീതിയിൽ ഉപയോഗിക്കുകയോ ചെയ്താൽ മദർബോഡിന്മേലുള്ള സമ്മർദം വർദ്ധിക്കും. ഇത് ഫോണിന്റെ സർക്യൂട്ടിനെ ചൂടുപിടിപ്പിക്കും. ഇതുകൊണ്ടാണ് ചാർജ് ചെയ്യുന്ന ഫോൺ ഉപയോഗിക്കുമ്പോൾ ചൂടാകുന്നത്. സർക്യൂട്ടിൽ എന്തെങ്കിലും തകരാറുകളുണ്ടെങ്കിൽ ഈ ചൂടുമൂലം ഷോർട്ട് സർക്യൂട്ട് ഉണ്ടാവുകയും അത് ഫോണിലെ ലിഥിയം അയൺ ബാറ്ററിയുടെ സ്ഫോടനത്തിലേക്ക് നയിക്കുകയും ചെയ്യാം. അതിനാൽ ചാർജ് ചെയ്യുന്നതിനിടെ ഫോൺ ഉപയോഗിക്കാൻ പാടുള്ളതല്ല.

രാത്രി ചാർജിനിട്ട് ഉറങ്ങാൻ കിടക്കരുത്

  • 100 ശതമാനം ചാർജായി കഴിഞ്ഞ് പിന്നെയും ബാറ്ററിയിലേയ്ക്ക് പ്രവഹിക്കുന്ന വൈദ്യുതി കൈകാര്യം ചെയ്യാനാകാതെ വരുന്നതോടെ ബാറ്ററി ചൂടാകും. ഇത് ഷോർട്ട് സർക്യൂട്ടിലേയ്ക്ക് നയിക്കാം. ഇങ്ങനെ തുടർച്ചയായി ചെയ്താൽ ബാറ്ററി തകരാറിലായി വീർത്തുവരും. ഇങ്ങനെയുള്ള ബാറ്ററികൾക്ക് തീപിടിക്കാനും പൊട്ടിത്തെറിക്കാനുമുള്ള സാദ്ധ്യത കൂടുതലാണ്. ഇങ്ങനെയുള്ള ബാറ്ററികൾ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം അത് മാറ്റി പുതിയത് വാങ്ങി ഉപയോഗിക്കുക.

വ്യാജൻ വാങ്ങരുത്

  • കേടായ ബാറ്ററി മാറ്റി പുതിയത് വാങ്ങുമ്പോൾ ഒറിജിനൽ തന്നെയാണ് വാങ്ങിയതെന്ന് ഉറപ്പുവരുത്തുക. ഒറിജിനലിന്റെ മൂന്നിലൊന്ന് വിലയ്ക്ക് ലഭിക്കുന്ന വ്യാജൻ വാങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വ്യാജ ആക്സസറികൾ ഫോണിന്റെ നിലവാരവുമായി ചേരാത്തതിനാൽ തകരാറുകൾ സംഭവിക്കുന്നതിനും അപകടത്തിനും സാദ്ധ്യത ഏറെയാണ്.

പോക്കറ്റിലിടരുത്

  • ഇറുകിയ ജീൻസിന്റെ പോക്കറ്റിൽ ഒരിക്കലും ഫോൺ ഇടാൻ പാടില്ല. ഇത് ഫോൺ ചൂടാകുന്നതിനും ബാറ്ററിയിൽ സമ്മർദമുണ്ടാകുന്നതിനും കാരണമാകുന്നു. ചിലപ്പോൾ പൊട്ടിത്തെറിയിലേയ്ക്കും ഇത് നയിച്ചേക്കാം.

ചൂടായാൽ

  • ചാർജ് ചെയ്യുന്നതിനിടെ ഫോൺ അമിതമായി ചൂടാകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ചാർജിംഗ് അവസാനിപ്പിക്കണം. കുറച്ച് സമയം മാറ്റി വച്ച് ചൂട് മാറിയ ശേഷം മാത്രം വീണ്ടും ചാർജ് ചെയ്യുക.

ഫാസ്റ്റ് ചാർജിംഗ്

  • നിങ്ങളുടെ ഫോണിൽ ഫാസ്റ്റ് ചാർജിംഗ് സംവിധാനം ഇല്ലെങ്കിൽ ഇത്തരത്തിലുള്ള ചാർജറുകൾ ഉപയോഗിക്കാതിരിക്കുക. ബാറ്ററിക്ക് താങ്ങാനാകുന്നതിലേറെ വോൾട്ടേജ് പെട്ടെന്ന് കയറുമ്പോൾ ഇത് ഫോണിനെ മൊത്തത്തിൽ ബാധിച്ചേക്കാം. ബാറ്ററിയുടെ ചാർജിംഗ് ശേഷിയും നഷ്ടപ്പെട്ടേക്കാം.

ഫോൺ കെയ്സ്

  • വിലപിടിപ്പുള്ള ഫോണിന് പോറലുകൾ ഉണ്ടാകാതിരിക്കാൻ വാങ്ങിയിടുന്ന കെയ്സുകൾ വില്ലനായേക്കാം. ചാർജിംഗ് സമയത്ത് ബാറ്ററി ചെറിയ രീതിയിൽ ചൂടാകും. ഇത് സാധാരണമാണ്. ഈ ചൂട് പുറത്ത് കളയുന്നതിന് വേണ്ട പഴുതുകൾ ഫോണുകളിൽ ഉണ്ടായിരിക്കും. പല കെയ്സ് നിർമാതാക്കളും ഇക്കാര്യം ശ്രദ്ധിക്കാറില്ല. അതിനാൽ കെയ്സിലിട്ട് ചാർജ് ചെയ്യുന്ന ശീലമുണ്ടെങ്കിൽ അത് അവസാനിപ്പിക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PHONE, SMART PHONE, CHARGING MISTAKES, ADHITHYASREE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.